തന്നെ പോലെയുള്ള ആരാധികയുടെ വിഡിയോ ലൈവിൽ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി; കയ്യടി
Mail This Article
കോവിഡ് കാലത്തും രോഗത്തെ അതിജീവിച്ച് തലയുയര്‍ത്തി നില്ക്കുന്ന അപൂര്‍വം ലോകനേതാക്കള്‍ മാത്രമേയുള്ളൂ. അവര്‍ക്കിടയില്‍ മുന്‍നിരയിലുണ്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്ഡേന്. മുന്‍പ് ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ സമര്‍ഥമായി അതിജീവിച്ച ജെസീന്ത ഇപ്പോള്‍ കോവിഡ് എന്ന മഹാമാരിയെ ചെറുത്തു തോല്പിക്കാനുള്ള യത്നത്തിലാണ്. അടുത്തിടെ, ഒരു രസകരമായ സംഭവത്തില്‍ ജെസീന്ത രൂപത്തില്‍ തന്നെപ്പോലെയിരിക്കുന്ന സ്ത്രീയെ കണ്ടു. ആ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഹാസ്യതാരം മെലാനി ബ്രേസ് വെല്‍ മുന്‍പും ജെസീന്തയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ ജെസീന്തയുടെ ഹെയര്‍ സ്റ്റൈലിനു സമാനമായ വിഗ് ധരിച്ചുകൊണ്ടായിരുന്നു മെലാനിയുടെ രസകരമായ അവതരണം.
ജെസീന്തയുടെ രൂപത്തില്‍ ഒരു ആരാധികയെ കാണുന്ന മെലാനി പറയുന്നു: ഇതു ഞാനാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്ഡേന്. എനിക്ക് ഏറെ ആരാധകരുണ്ട് എന്നെനിക്കറിയാം. എന്നെ കാണുമ്പോള്‍ അവരൊക്കെ സെല്‍ഫി എടുക്കാറുമുണ്ട്’. മെലാനി ഇത്രയും പറയുമ്പോഴേക്കും യഥാര്‍ഥ ജെസീന്ത വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. 39 വയസ്സുകാരിയായ ജെസീന്ത തന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട കോമഡി താരത്തെക്കണ്ട് ചിരിച്ചുകൊണ്ടു പോകുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.
മെലാനി തന്നെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. അതോടെ കമന്റുകളുടെ പ്രവാഹമായി. ലോകത്ത് ന്യൂസിലന്‍ഡില്‍ മാത്രമാണ് ഇത്ര വിനയത്തോടും സന്തോഷത്തോടും കൂടി പെരുമാറുന്ന ഒരു പ്രധാനമന്ത്രിയുള്ളതെന്നു പറഞ്ഞവരുണ്ട്. തന്റെ പദവിയെക്കുറിച്ചുള്ള ചിന്തകളില്ലാതെ എല്ലാവരോടും സമഭാവനയോടെയാണ് ജെസീന്ത പെരുമാറുന്നതെന്നും അതുതന്നെയാണ് അവരുടെ മഹത്വമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏതു സംഭവമുണ്ടാകുമ്പോഴും അതിനോട് രാജ്യതാര്യം മുന്‍നിര്‍ത്തി പ്രതികരിക്കാനും ജനങ്ങളുടെ താല്പര്യം ഉയര്‍ത്തിപ്പിടിക്കാനുമുള്ള കഴിവാണ് ജെസീന്തയെ ലോകനേതാക്കളില്‍ വ്യത്യസ്തയാക്കുന്നതും മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തുന്നതും. സ്വന്തം രാജ്യത്തെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും ജനങ്ങളുടെ സ്നേഹം ആര്‍ജിക്കാനും കുറഞ്ഞ കാലത്തിനിടെ ജെസീന്തയ്ക്കു കഴിഞ്ഞു. നിസ്സാരമായ ഒരു സംഭവമാണെങ്കില്‍പ്പോലും അതില്‍ ജെസീന്തയ്ക്ക് റോളുണ്ടെങ്കില്‍ ജനങ്ങള്‍ അതു കാത്തിരുന്നു കാണുമെന്നതിന്റെ ഉദാഹരണം കൂടിയായിരിക്കുകയാണ് മെലാനിയുടെ പുതിയ ഷോ.
English Summary: New Zealand PM Jacinda Ardern meets her lookalike on TikTok in this video