ADVERTISEMENT

ഹാരി രാജകുമാരന്റെ ഭാര്യയും മുന്‍ മോഡലുമായ മേഗന്‍ മാര്‍ക്കിള്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം പുറത്തുവന്നതിനുപിന്നാലെ അവരുടെ പ്രതിമയ്ക്കും രൂപമാറ്റം. സിഡ്നിയിലെ മാഡം തുസ്സാഡ്സ് മ്യൂസിയത്തിലുള്ള മേഗന്റെ മെഴുകു പ്രതിമയിലെ വയറിനാണു മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഒരു ഗര്‍ഭിണിയുടെ വയറിനു സമാനമാണ് പ്രതിമയുടെ വയറും. രൂപത്തില്‍ മാറ്റം വരുത്തിയതിനു പിന്നാലെ പ്രതിമ കാഴ്ചബംഗ്ലാവിലെത്തിച്ച് ഗര്‍ഭകാല ഫൊട്ടോ ഷൂട്ടും നടത്തിക്കഴിഞ്ഞു സംഘാടകര്‍. പുള്ളിപ്പുലിയുടെ നിറങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷമാണ് മേഗനെ അണിയിച്ചിരിക്കുന്നത്. കാഴ്ചബംഗ്ളാവിലെത്തിച്ച മേഗന്റെ പ്രതിമയുടെ വയറില്‍ ചുംബിക്കുന്ന കംഗാരുവിന്റെ ചിത്രവും മാഡം തുസ്സാഡ്സ് അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാരിക്കും മേഗനും ഉടന്‍ തന്നെ മൂത്ത സഹോദരനാകാന്‍ പോകുന്ന ആര്‍ച്ചിക്കും ആശംസകളും നേര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട് സംഘാടകര്‍. 

ഈ വര്‍ഷം മേയില്‍ ആര്‍ച്ചിക്ക് രണ്ടു വയസ്സാകാനിരിക്കെയാണ് മേഗന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. 2018 ല്‍ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനു തുടക്കം കുറിക്കുന്നതിനുതൊട്ടുമുമ്പേയാണ് മേഗന്‍ ആദ്യമായി ഗര്‍ഭിണിയായി എന്ന വിവരം ഹാരി ലോകത്തെ അറിയിച്ചത്. ആ വാര്‍ത്ത പുറത്തുവന്നതിനുശേഷം ഹാരിയേയു മേഗനേയും ലോകം കണ്ടതും ഓസ്ട്രേലിയയുടെ പശ്ചാത്തലത്തിലായിരുന്നു. ഇത്തവണ വാലന്റൈന്‍സ് ദിനാഘോഷത്തോടനുബന്ധിച്ചാണ് ഹാരിയും മേഗനും രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 

ആര്‍ച്ചി ഉടന്‍ മൂത്ത സഹോദരനാകാന്‍പോകുന്നു എന്നായിരുന്നു പ്രഖ്യാപനം. മിസാന ഹരിമാന്‍ എന്ന ഫൊട്ടോഗ്രാഫര്‍ എടുത്ത ദമ്പതികളുടെ ചിത്രങ്ങളും പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. തളിര്‍ത്തുലഞ്ഞ ജീവന്റെ വൃക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയാതുരരായി സംസാരിക്കുന്ന ഹാരിയുടെയും മേഗന്റെയും ചിത്രത്തെ സ്നേഹത്തിന്റെ ഏറ്റവും സുന്ദര മുഹൂര്‍ത്തം എന്ന വിശേഷണത്തോടെയാണ് മിസാന പോസ്റ്റ് ചെയ്തതും. 

English Summary: Meghan Markle’s wax statue gets a baby bump after pregnancy announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com