ADVERTISEMENT

കേരളത്തിന്റെ വോട്ട് അരങ്ങ് തെളിഞ്ഞപ്പോൾ വിശേഷണങ്ങൾ വേണ്ടാത്തയാളാണ് കെ . കെ. ശൈലജ എന്ന ഷൈലജ ടീച്ചർ. തന്റെ സ്ത്രീപക്ഷ നിലപാടുകൾ വളരെ വ്യക്തമായി നിയമസഭയിൽപോലും പറഞ്ഞിട്ടുണ്ട്. ‘പെണ്ണാണ് ഭരിക്കുന്നതെങ്കിൽ... എന്താണ് പെണ്ണിനു കുഴപ്പം’? എന്നു നിയമസഭയിൽ ലീഗ് നേതാവ് കെ എം ഷാജിയോടുള്ള ചോദ്യത്തിൽതന്നെ ശൈലജ ടീച്ചറുടെ സ്ത്രീപക്ഷ കാഴ്ചപ്പാട് വിശദീകരിക്കപ്പെടുന്നുണ്ട്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തെ പിടിച്ചുലച്ച രണ്ടു മഹാദുരന്തങ്ങളെ സാന്ത്വനത്തോടെ അതിലുപരി കയ്യടക്കത്തോടെ നേരിട്ടത് ശൈലജയുടെ ചോദ്യത്തിന് കൃത്യമായൊരു ഉത്തരവും നൽകുന്നുണ്ട്.

നിപ കാലത്തെ ആരോഗ്യമന്ത്രിയുടെ ഇടപെടൽ  സിനിമ വരെവരെയായി. ലോകമാകെ ഭീതിയുടെ നിഴലിൽ നിൽക്കുന്ന സമയത്ത് കേരളം കോവിഡിനെ നേരിട്ട രീതി ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. കൊറോണ വൈറസ് പോരാളി, റോക് സ്റ്റാർ ആരോഗ്യ മന്ത്രി എന്നിങ്ങനെയുള്ള വിശേഷണങ്ങളിലൂടെ ഈ കോവിഡ് കാലത്ത് ലോകശ്രദ്ധ നേടിയ  വനിതാ വ്യക്തിത്വമായി മാറി കെ. കെ. ശൈലജ ടീച്ചർ. ഇതിനെല്ലാം പുറമെ ടീച്ചറമ്മ എന്നും സമൂഹമാധ്യമങ്ങൾ വിളിച്ചു. ഈ വിളിക്കെതിരെ ചിലകോണുകളിൽ നിന്നെല്ലാം വിമർശനം ഉയർന്നെങ്കിലും പിന്നെ അവരോട് അങ്ങനെ വിളിക്കരുതെന്ന് പറയണോ എന്നായിരുന്നു ടീച്ചറുടെ മറുചോദ്യം. സാധാരണ കമ്യൂണിസ്റ്റ് നേതാവിന്റെ തീപ്പൊരി പ്രസംഗമൊന്നും ടീച്ചർക്കില്ല. പക്ഷേ, പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് കൃത്യമായി പറയുന്നതാണ് ടീച്ചറുടെ രീതി. അതുകൊണ്ടാണല്ലോ തുന്നൽ ടീച്ചറെന്നു വിളിച്ച് പരിഹസിച്ചവരോട് തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ എന്ന് ചോദിച്ചത്. 

രണ്ടു തവണ കൂത്തുപറമ്പിൽ നിന്നും ഒരു തവണ പേരാവൂരിൽ നിന്നും നിയമസഭയിലെത്തി  ശൈലജ ടീച്ചർ. കൂത്തുപറമ്പിൽ കഴിഞ്ഞ തവണ 67013 വോട്ടിനാണ് ഷൈലജ ടീച്ചർ ജയിച്ചത്.  ഇത്തവണ മട്ടന്നൂരിൽ നിന്നാണ് ജനവിധി തേടുന്നത്. എക്കാലവും ഇടതുപക്ഷത്തോട് ഒപ്പം നിന്ന മണ്ഡലമാണ് മട്ടന്നൂർ. ടീച്ചറെ സംബന്ധിച്ചിടത്തോളം ജന്മനാടായ കൂത്തുപറമ്പു പോലെ ചിരപരിചിതമായ മണ്ഡലം.  2016ലെ കണക്കു പ്രകാരം മട്ടന്നൂരിലുള്ളത് ഒരുലക്ഷത്തി എഴുപത്തിയേഴായിരത്തി തൊള്ളായിരത്തി പതിനൊന്ന് വോട്ടർമാർ. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അടിമുടി കമ്യൂണിസ്റ്റായ ടീച്ചർ പാർട്ടിയിൽ സജീവമാകുന്നത് മട്ടുന്നൂരിൽ നിന്നാണ്. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം.ശിവപുരം ഹൈസ്കൂളിൽ ഏഴുവർഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷം വിരമിച്ചു. 2004 മുതല്‍ സജീവ രാഷ്ട്രീയ പ്രവർത്തകയായി. ഈ മന്ത്രിസഭയിൽ ഇത്രയേറെ ജനപ്രീതി നേടിയ മറ്റൊരു മന്ത്രിയുണ്ടോ എന്നത് സംശയമാണ്. കോവിഡ് കാലത്തെ പ്രവർ‍‍‍‍ത്തനങ്ങളിൽ യുഎന്നിന്റെ ചർച്ചയിൽ വരെ പങ്കെടുത്തു. 

രാജ്യാന്തര മാധ്യമങ്ങളും കേരളത്തിന്റെ കോവിഡ് കാല പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി. ഏത് രാഷ്ട്രീയമായാലും സ്ത്രീകൾ മുൻനിരയിലേക്ക് എത്തണമെന്നാണ് ഷൈലജ ടീച്ചറുടെ നിലപാട്. എന്നാൽ, ടീച്ചറുടെ വ്യക്തിപ്രഭാവം ഒന്നു കൊണ്ടു മാത്രം മട്ടന്നൂർ പിടിക്കാനാകില്ലെന്ന് എതിരാളികൾ. ഭരണ വിരുദ്ധ വികാരം മണ്ഡലത്തിലുണ്ടെന്നാണ് അവരുടെ പക്ഷം. ഭരണത്തുടർച്ചയുണ്ടായാൽ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നത് കേരളത്തിലെ സ്ത്രീകൾ ആഗ്രഹിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.  രാഷ്ട്രീയത്തിനും അതീതമായി ഉറച്ച നിലപാടുള്ള ഷൈലജ ടീച്ചറെ മട്ടന്നൂർ തുണക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com