ADVERTISEMENT

ഭാരതീയ ജനതാ പാർട്ടിയുടെ കേരളത്തിലെ വനിതാ മുഖമാണ് ശോഭാ സുരേന്ദ്രൻ. തീവ്രഹിന്ദുത്വ നിലപാടിലൂന്നിയ തീപ്പൊരി പ്രസംഗം അതാണ് ഈ ബിജെപി നേതാവിന്റെ മുഖമുദ്ര. പാർട്ടിയിലെ പടലപിണക്കങ്ങളുടെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപി അണികളിൽ തന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇത്തവണ കഴക്കൂട്ടത്തു നിന്ന് എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുകയാണ്. പ്രതീക്ഷിച്ച പോലെ ശബരിമല തന്നെയാണ് ശോഭയുടെ പ്രധാന പ്രചാരണായുധം. വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി ശോഭ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണെന്നത് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ കഴക്കൂട്ടത്തേക്ക് തിരിക്കുന്നു. 

ഇന്ന് വരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ അടിമുടി ബിജെപിക്കാരിയാണ് ശോഭാ സുരേന്ദ്രൻ. നിലപാടുകളിൽ അണുവിട വിട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരിയായ രാഷ്ട്രീയ നേതാവ്. ആർഎസ്എസിന്റെ ബാലസംഘടനയിൽ നിന്നാണ് ശോഭ സുരേന്ദ്രൻ എന്ന ബിജെപിക്കാരിയുടെ ഉദയം. തൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട്‌. മഹിളാ മോർച്ച പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായി. കേരളത്തിൽ നിന്നും ബിജെപിയുടെ നിർവാഹക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രൻ.

ഹൈന്ദവ രാഷ്്ട്രീയവും തീവ്രദേശീയതയും നിറഞ്ഞ ശോഭയുടെ പ്രസംഗങ്ങൾ അണികളെ ആവേശഭരിതരാക്കി. ആവേശപ്രസംഗങ്ങളിലൂടെ ശോഭ പലപ്പോഴും വിവാദങ്ങള്‍ക്കും തിരികൊളുത്തി. ഇത് പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. ഒരുവേള ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമർശിച്ച് ശോഭ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിക്കുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അഞ്ചു വർഷം ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരംതാഴ്ത്തുകയായിരുന്നു എന്നായിരുന്നു ശോഭയുടെ പരാതി. സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നതിലെ നിരാശ ശോഭയ്ക്കുണ്ടായിരുന്നു എന്നത് അവരുടെ പിന്നീടുള്ള പ്രവർത്തികളിൽ വ്യക്തമായിരുന്നു. മാസങ്ങളോളം പൊതുവേദികളിലും ചാനൽ ചർച്ചകളിൽ നിന്നും ശോഭ അപ്രത്യക്ഷയായി. തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതു വരെയും ശോഭ പൊതുവേദികളിൽ നിന്നും മാറിനിന്നു. സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാൻ ഏത് മുന്നണിയായാലും തയാറാകണമെന്ന് ശോഭ പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉൾപാർട്ടി പ്രശ്നങ്ങളുടെ പേരിൽ ഒരിക്കൽ പോലും സ്വന്തം പാർട്ടിയെ തള്ളിപ്പറയാനുള്ള പ്രവണത ശോഭയ്ക്കില്ല. 

മണ്ഡല ചരിത്രം പരിശോധിച്ചാൽ ഇരുമുന്നണികളെയും ഒരുപോലെ തുണയ്ക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തികച്ചും അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥി വി മുരളീധരൻ രണ്ടാംസ്ഥാനത്ത് എത്തി. ഇതോടെ മണ്ഡലത്തിൽ ബിജെപി തങ്ങളുടെ സ്വാധീനം തെളിയിക്കുകയായിരുന്നു. ശബരിമല പ്രധാന തിരഞ്ഞെടുപ്പു പ്രചാരണായുധമാക്കുന്ന സാഹചര്യത്തിൽ ഇത്തവണ വിജയം വിദുരത്തല്ലെന്നാണ് ബിജെപി പ്രവർത്തകരുടെ നിരീക്ഷണം. 2016ലെ കണക്കു പ്രകാരം 1,81,771 വോട്ടർമാരാണുളളത്. സർവേ ഫലങ്ങൾ എല്‍ഡിഎഫിന് മുന്‍തൂക്കം പറയുന്ന മണ്ഡലത്തിൽ ശബരിമല വിഷയം ഒന്നു കൊണ്ടു മാത്രം ശോഭ ശോഭിക്കുമോ? കാത്തിരുന്ന് കാണാം

English Summary: special video story about bjp leader shobha surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com