ADVERTISEMENT

ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ് അഭിനയ ശേഷിയാല്‍ അതിശയിപ്പിച്ച് അകാലത്തില്‍ അപ്രതീക്ഷിതമായി കടന്നുപോയ നടി ശ്രീദേവിയുടെ വിയോഗം. വിവിധ ഭാഷകളില്‍ ഒട്ടേറെ വേഷങ്ങളിലായി വ്യത്യസ്ത വികാരങ്ങളെ തന്‍മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ച നടിയാണവര്‍. ശ്രീദേവിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നതിലും എത്രയോ ഗാഢമായി ഓര്‍മിക്കുന്നുണ്ട് അവരുടെ മക്കള്‍ ഖുഷി കപൂറും ജാന്‍വി കപൂറും എന്നതിനു തെളിവായി ഒരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നു. യാദൃഛികമായി ഖുഷി കപൂറിന്റെ മൊബൈല്‍ സ്ക്രീന്‍ ചിത്രം പുറത്തായപ്പോഴാണു അമ്മ-മകള്‍ ബന്ധത്തിന്റെ ആഴവും വേര്‍പാടിന്റെ വേദനയും ഒരിക്കല്‍ക്കൂടി വെളിവായിരിക്കുന്നത്.

 

ഇക്കഴിഞ്ഞ ദിവസം ഖുഷി തന്റെ നായയുമൊത്ത് വീടിനു പുറത്ത് നടക്കാന്‍ പോയിരുന്നു. കറുപ്പു വേഷത്തില്‍ പിങ്ക് മാസ്കും അണിഞ്ഞു പുറത്തിറങ്ങിയ ഖുഷിയുടെ ചിത്രം ഫൊട്ടോഗ്രഫര്‍മാര്‍ പകര്‍ത്തി. അവര്‍ക്കു നേരേ ഖുഷി കൈവിശീയപ്പോള്‍ മൊബൈല്‍ ഫോണിന്റെ വോള്‍ പേപ്പറും പതിഞ്ഞു. ആ ദൃശ്യം സൂം ചെയ്തപ്പോഴാണ് ഖുഷിയുടെ മനസ്സിലെ അവിസ്മരണീയമായ അമ്മച്ചിത്രവും പുറത്തുവന്നത്. 

 

ശ്രീദേവി കുട്ടിയായിരുന്ന ഖുഷിയെ തന്റെ തോളില്‍ എടുത്തുയര്‍ത്തിയ ചിത്രമാണ് വോള്‍ പേപ്പറില്‍ ഉണ്ടായിരുന്നത്. ഇതേ ചിത്രം നേരത്തെ അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. അന്ന് ഈ ചിത്രത്തിനൊപ്പം മിസ് യൂ എന്നും ഖുഷി എഴുതിയിരുന്നു. അതേ, എന്നെന്നും ഞങ്ങളുടെ മനസ്സില്‍ അമ്മയുടെ ഓര്‍മ ജ്വലിക്കുന്നുവെന്ന്. അമ്മ എന്നും തങ്ങളിലൂടെ ജീവിക്കുന്നുവെന്ന്. ഒരിക്കലും തങ്ങള്‍ക്ക് അമ്മയെ മറക്കാനാകില്ലെന്ന്. 

 

ഇക്കഴിഞ്ഞ മാതൃദിനത്തിലും ഖുഷിയും ജാന്‍വിയും അവര്‍ കുട്ടികളായിരുന്ന കാലത്ത് ശ്രീദേവിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അച്ഛന്‍ ബോണി കപൂറിനും അമ്മ ശ്രീദേവിക്കൊപ്പമുള്ള ചിത്രമാണ് ജാന്‍വിയും മാതൃദിനത്തില്‍ പങ്കുവച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ പഠിക്കുന്ന ഖുഷി ഇപ്പോള്‍ മുംബൈയില്‍ സഹോദരി ജാന്‍വിക്കും അച്ഛന്‍ ബോണി കപൂറിനൊപ്പമാണുള്ളത്. 

English Summary: Khushi Kapoor's phone wallpaper is a childhood pic with mom Sridevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com