ADVERTISEMENT

സംഭവ ബഹുലമായ ജീവിതമാണു നടി നീന ഗുപ്തയുടേത്. ഒരു നടി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും. സത്യസന്ധമായും ആത്മാര്‍ഥമായും ജീവിച്ച അവര്‍, ഇന്ത്യന്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന വേഷങ്ങളും സ്ക്രീനില്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ആത്മകഥയിലൂടെ തന്റെ ജീവിതം ഒരു മറയുമില്ലാതെ വെളിപ്പെടുത്തുകയാണവര്‍. സൗഹൃദവും പ്രണയവും സഹജീവിതവും വിവാഹവും മാതൃത്വവും നിറയുന്ന അതിശയകരമായ ജീവിതം. 

ഒരിക്കല്‍ താന്‍ വിവാഹിതയാവാന്‍ തീരുമാനിച്ച കാര്യവും എന്നാല്‍ അവസാന നിമിഷം ദുരൂഹമായ കാരണങ്ങളാല്‍ വിവാഹത്തില്‍നിന്ന് വരന്‍ പിന്‍മാറിയതും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ നീന, ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു സൗഹൃദത്തിന്റെ കഥയെക്കുറിച്ചും ജീവിതകഥയില്‍ പറയുന്നുണ്ട്. പ്രണയം സാക്ഷാത്കരിക്കപ്പെടാം; അല്ലെങ്കില്‍ എന്നും ഹൃദയത്തില്‍ 

വിഷാദം നിറച്ചുകൊണ്ട് ജീവിതകാലം മുഴവന്‍ പിന്തുടരാം. എന്നാല്‍ സൗഹൃദം അതും നിരുപാധികമായ സൗഹൃദത്തിന്റെ സൗന്ദര്യവും മൂല്യവും അപാരമാണെന്നു പറയുന്നു നീന. ചിരിപ്പിക്കാന്‍ മാത്രമല്ല, സന്തോഷിപ്പിക്കാന്‍ മാത്രമല്ല, ഓര്‍ത്തോര്‍ത്ത് ഓമനിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല സൗഹൃദം ചെയ്യുന്നത്. ചിലപ്പോഴത് കണ്ണീരണിയിച്ചേക്കാം. സന്തോഷമുള്ള കണ്ണീര്‍. അത്തരമൊരു അനുഭവത്തെക്കുറിച്ചാണു നീന പറയുന്നത്. 

എണ്‍പതുകളില്‍ ഇന്ത്യ മുഴവന്‍ ചര്‍ച്ച ചെയ്ത ബന്ധമാണ് നീന ഗുപ്തയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിവിയന്‍ റിച്ചാര്‍ഡ്സും തമ്മിലുണ്ടായിരുന്നത്. വിവാഹിതരാകാതെയുള്ള ആ ബന്ധത്തില്‍ നീന ഗര്‍ഭിണിയായി. അതോടെ അതൊരു വലിയ വിവാദമായി കത്തിപ്പടര്‍ന്നു. അക്കാലത്താണു സൗഹൃദത്തിന്റെ ആഴം നീനയ്ക്കു ബോധ്യപ്പെടുത്തിയ അനുഭവമുണ്ടാകുന്നത്. വളരെ നാളായി നീനയുടെ സുഹൃത്തായിരുന്നു സതീഷ് കൗഷിക്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഇരുവരും ഒരുമിച്ചു പഠിച്ചിരുന്നു. ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും ചെയതിട്ടുണ്ട്. 

റിച്ചാര്‍ഡ്സില്‍നിന്ന് നീന ഗര്‍ഭിണിയാകുയും അപവാദം പ്രചരിക്കുകയും ചെയ്ത കാലത്ത് ഒരിക്കല്‍ സതീഷ് നീനയെ വിളിച്ചു. നാന്‍സി എന്നാണ് അദ്ദേഹം നീനയെ വിളിച്ചിരുന്നത്. നാന്‍സീ, നീ വിഷമിക്കരുത്. ജനിക്കുന്ന കുട്ടിയുടെ തൊലിയുടെ നിറം കറുപ്പാണെങ്കില്‍ നീ പറഞ്ഞോളൂ കുട്ടി എന്റെയാണെന്ന്. നമുക്ക് വിവാഹം കഴിക്കാം. ഒരാളും ഒന്നും സംശയിക്കില്ല. അങ്ങനെ നിന്റെ കുട്ടിക്ക് അച്ഛനുമാകും. എന്നാല്‍, തന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ വിവാഹാഭ്യര്‍ഥന നീന തള്ളിക്കളഞ്ഞു. ‘ എത്ര മധുരമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അന്നു കണ്ണീര്‍ 

നിയന്ത്രിക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല. യഥാര്‍ഥ സ്നേഹത്തിനുവേണ്ടി ത്യാഗത്തിനു തയാറാകുകയായിരുന്നു അദ്ദേഹം. എന്റെ സന്തോഷത്തിനുവേണ്ടി സ്വന്തം സൗഭാഗ്യം ത്യജിക്കാന്‍ മനസ്സു കാട്ടുകയായിരുന്നു അദ്ദേഹം. അതെങ്ങനെ മറക്കാന്‍ കഴിയും- ആത്മകഥയില്‍ നീന ചോദിക്കുന്നു. 

നീന വിവാഹാഭ്യര്‍ഥന നിരസിച്ച സതീഷ് കൗശിക് പിന്നീട് ശശി കൗഷിക്കിനെ വിവാഹം കഴിച്ചു. പതിറ്റാണ്ടുകള്‍ക്കുശേഷം നീന വിവേക് മെഹ്റയെയും. കാലം കടന്നുപോകുന്നു. പഴയ യുവജനങ്ങള്‍ഇപ്പോള്‍ വാര്‍ധക്യത്തോട് അടുക്കുന്നു. എന്നാല്‍ മാറ്റമില്ലാത്ത ഒന്നുണ്ട്. സൗഹൃദം. അതെത്ര കാലം കഴിഞ്ഞാലും മായാതെ, മറയാതെ മനസ്സില്‍ തങ്ങിനില്‍ക്കും. അതാണു യഥാര്‍ഥ സൗഹൃദത്തിന്റെ സൗന്ദര്യവും ശക്തിയും. 

English Summary: Neena Gupta About Her Life Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com