ADVERTISEMENT

മോഡൽ മിലിന്ദ് സോമനെ വിവാഹം കഴിച്ചതിലൂടെ ശ്രദ്ധേയയായ കായിക താരമാണ് അങ്കിത കോൺവാർ. 2018 ലാണ് പ്രശസ്ത മോഡൽ മിലിന്ദ് സോമനെ അങ്കിത വിവാഹം കഴിച്ചത്. തന്റെ ചിരിക്കുന്ന ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ട് പിന്നിട്ട കാലത്തെ കുറിച്ചു പറയുകയാണ് അങ്കിത. എങ്ങനെ അതിജീവിക്കും എന്നാലോചിച്ചു കഴിഞ്ഞു പോയ കാലത്തെ കുറിച്ചും അങ്കിത പറയുന്നു. 

 

‘അധികം വർഷങ്ങൾക്കു മുമ്പൊന്നുമല്ല  ഈ ചിത്രം എടുത്തത്. ചിരിക്കുന്ന ചിത്രം. എന്നാൽ, അന്ന്  ഉള്ളിൽ ഒരു കൊടുങ്കാറ്റ് ആയിരുന്നുവെന്ന് എത്രപേർക്ക് അറിയാം. മുഖത്ത് ചിരിയുണ്ട്. മനസ്സിൽ ശാന്തത എന്നായിരിക്കും എല്ലാവരും വിചാരിക്കുന്നത്. എന്നാൽ, ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒന്നിലധികം ദിവസങ്ങൾ  ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇതും അത്തരത്തിലൊരു ദിവസമായിരുന്നു. പുറമേ കാണുമ്പോൾ ചിരിച്ചിരിക്കുന്ന എല്ലാവരും ഉള്ളിലും ചിരിക്കുകയാണെന്നു വിചാരിക്കരുത്. അർഥ രഹിതമായ ദിവസങ്ങളിലൂടെയായായിക്കും പലരും കടന്നുപോകുന്നത്. എന്നാൽ ഞാൻ പേടിച്ചതുപോലെ നിങ്ങൾ പേടിക്കരുത്. ആകംക്ഷയും ഉൽക്കണ്ഠയും വിഷാദവുമുള്ള ഒട്ടേറെ ദിവസങ്ങൾ കഷ്ടപ്പെടുകയും ഒടുവിൽ എല്ലാ ധൈര്യവും സംഭരിച്ച് അവയിൽ നിന്ന് മുക്തയാകുകയും ചെയ്ത ഒരു വ്യക്തിയാണു പറയുന്നത്. ഇപ്പോഴും  ജീവിതത്തിൽ ഇരുണ്ട ദിവസങ്ങൾ ഉണ്ടാകാറുണ്ട്. അവയെ എനിക്ക് അതിജീവിക്കേണ്ടതുണ്ട്.’– അങ്കിത പറയുന്നു. 

 

ശുഭപ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് താനെന്നും അങ്കിത വ്യക്തമാക്കി. ‘ഏത് ഇരുട്ടിലും വരാൻ പോകുന്ന പ്രകാശത്തെ കാണാൻ കഴിയുന്നുണ്ട്. ഇരുട്ട് എന്നെ കീഴടക്കാൻ ഞാനിപ്പോൾ അനുവദിക്കാറില്ല. കരച്ചിൽ വരുമ്പോൾ കരയും. അതേ എനിക്കു ചെയ്യാനുള്ളൂ. എന്നാൽ വിഷാദത്തിന് ഞാൻ അടിമയാകുകയില്ല. എവിടെയോ വായിച്ചത് ഓർമിക്കുന്നു. നമ്മളിൽ ചിലർക്ക് ചിലപ്പോൾ മറ്റുള്ളവരേക്കാൾ ബുദ്ധിമുട്ടേണ്ടിവരും ദുരിത കാലത്തെ അതിജീവിക്കാൻ. ആ സത്യം അവസാനം അംഗീകരിച്ചിരിക്കുന്നു’- അങ്കിത പറയുന്നു.

 

വിഷാദത്തെ അതിജീവിക്കാൻ ചില നിർദേശങ്ങളും അങ്കിതയ്ക്കു നൽകാനുണ്ട്. ‘ശാരീരികവും മാനസികവുമായ വ്യായാമം ആണു പ്രധാനം. മദ്യം കുറയ്ക്കുക. കുടുംബത്തൊടൊത്തും സുഹൃത്തുക്കൾക്കൊപ്പവും കൂടുതൽ സമയം ചെലവഴിക്കുക. എന്നാൽ, ഒറ്റയ്ക്കു മുന്നോട്ടുപോകാൻ പറ്റുന്നില്ല എന്നു തോന്നുകയാണെങ്കിൽ തീർച്ചയായും വിദഗ്ധ സേവനം തേടാൻ മടിക്കരുത്. എപ്പോഴും നമ്മുടേതായ നേട്ടങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിക്കുക. ഏതു ചീത്ത സാഹചര്യത്തെയും അതിജീവിക്കാനും സന്തോഷത്തിന്റെ വഴിയിൽ എത്താനുമുള്ള കരുത്തും ശക്തിയും ഉള്ളിലുണ്ടെന്നു സ്വയം വിശ്വസിക്കുക.’- നടി പറയുന്നു.

English Summary: Ankita Konwar opens up about battling depression and anxiety in new post.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com