വനിതാ - ശിശു ക്ഷേമത്തിനായുള്ള മൂന്ന് പദ്ധതികൾ വിപുലീകരിക്കും: ബജറ്റ് 2022ലെ വനിതകൾക്കായുള്ള പ്രഖ്യാപനങ്ങൾ
Mail This Article
രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും സാമൂഹികവും സാമ്പത്തികപരവുമായ വികസനത്തിന് ഊന്നൽ നൽകുന്ന മൂന്ന് പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഈ ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അംഗൻവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ വിപുലമായി നവീകരിച്ചതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
രാജ്യത്താകെയുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച മിഷൻ ശക്തി പദ്ധതി വിപുലമാക്കും. ഇതിനായി സംസ്ഥാന സർക്കാരുകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും രാജ്യ വികസനത്തിൽ ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വൺ സ്റ്റോപ്പ് സെന്റർ, മഹിളാ പോലീസ് വോളണ്ടിയർ, വനിതകൾക്കുള്ള ഹെൽപ്ലൈൻ തുടങ്ങിയവ ഉൾപ്പെടുന്ന സാംപാൽ പദ്ധതി, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, പ്രധാനമന്ത്രി വന്ദന യോജന എന്നിവ ഉൾപ്പെടുന്ന സാമർത്ഥ്യ പദ്ധതി എന്നിവയാണ് മിഷൻ ശക്തി പദ്ധതിക്കു കീഴിൽ വരുന്നത്.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ദൃശ്യ-ശ്രവ്യ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപയോഗത്തിലൂടെയും ശിശുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമായ പരിതസ്ഥിതി ഒരുക്കുന്നവയാണ് സാക്ഷം അംഗനവാടികൾ. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കിക്കൊണ്ട് ഈ പദ്ധതിക്കു കീഴിൽ രാജ്യത്തെ രണ്ടുലക്ഷം അംഗനവാടികൾ നവീകരിക്കും.
കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായുള്ള സേവനങ്ങൾക്കായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് മിഷൻ വാത്സല്യ. സംയോജിത ശിശുവികസന പദ്ധതി, അംഗനവാടി സേവനങ്ങൾ, പോഷണ അഭിയാൻ, മുതിർന്ന പെൺകുട്ടികൾക്കായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ എന്നിവയാണ് പോഷൺ 2.0 യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാരീശക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നതന്നും മന്ത്രി അറിയിച്ചു.
English Sunnary: Programmes For Women And Children