ADVERTISEMENT

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായുള്ള വിവാഹം വേർപിരിഞ്ഞ മെലിന്ദ ഗേറ്റ്‌സ് ഇതാദ്യമായി താൻ അനുഭവിച്ച അഗ്നിപരീക്ഷകളെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. വിവാഹം തകർന്നതോടെ ദിവസങ്ങളോളം താൻ കണ്ണീർ തോരാതെ കഴിഞ്ഞതിനെക്കുറിച്ചും ഇനി ജീവിതത്തിൽ എങ്ങനെ മുന്നോട്ടുപോകും എന്ന് ആശങ്കപ്പെട്ടതിനെക്കുറിച്ചുമാണ് പ്രധാനമായും അവർ പറയുന്നത്.

എത്ര ദിവസം ഞാൻ തുടർച്ചയായി കരഞ്ഞു എന്ന് ഇപ്പോഴും എനിക്ക് ഓർമിക്കാനാവുന്നില്ല. പല ദിവസങ്ങളിലും നിലത്താണു കിടന്നത്. കാർപറ്റിൽ. എന്റെ കണ്ണുകൾ തോരുന്നുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിച്ചു എന്ന് കൂടെക്കൂടെ ഞാൻ എന്നോടുതന്നെ ചോദിച്ചു. ഇനി എന്റെ ഗതി എന്താകും എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഭാവി എന്തായിത്തീരൂം എന്നോർത്തപ്പോൾ നടുങ്ങിപ്പോയി- മെലിന്ദ പറയുന്നു.

എന്നോടു തന്നെ ദേഷ്യത്തിലായിരുന്നു ഞാൻ. എത്രമാത്രം വേദനാഭരിതമായിരുന്നു ആ ദിവസങ്ങൾ. ദിവസത്തിന്റെ അവസാനം, ജീവിതം അവസാനിച്ചതായും പുതിയ ജീവിതം തുടങ്ങുന്നതായും എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ഞാൻ പരിശ്രമിച്ചു. ജീവിതം എന്ന പുസ്തകത്തിലെ വായിച്ചുകൊണ്ടിരുന്ന അധ്യായം തീർന്നതായും പുതിയൊരു അധ്യായം തുടങ്ങുന്നതായും എനിക്കു തോന്നി. 2022 പിറന്നു എന്നു ഞാൻ സ്വയം ബോധ്യപ്പെടുത്തി. ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു.

കഴിഞ്ഞ വർഷം മേയിലാണ് ബിൽ ഗേറ്റ്‌സുമായുള്ള വിവാഹം തകർന്നതിനെക്കുറിച്ച് മെലിന്ദ വെളിപ്പെടുത്തിയതും ഞെട്ടലോടെ ആ വാർത്ത ലോകം കേട്ടതും. വിവാഹം തകർന്നെങ്കിലും താനും ബിൽഗേറ്റ്‌സും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്ന് മെലിന്ദ പറയുന്നു. കരിയറിലും ജീവിതത്തിലും എന്തും തുറന്നുപറയാവുന്ന സുഹൃത്തുക്കളാണ് തങ്ങൾ ഇപ്പോഴും എന്നും അവർ വെളിപ്പെടുത്തി.

1994 ൽ ആയിരുന്നു ബിൽ ഗേറ്റ്‌സ്- മെലിന്ദ വിവാഹം. മൂന്നു കുട്ടികളും ആ ബന്ധത്തിലുണ്ട്. വർഷങ്ങൾ നീണ്ട ബന്ധത്തിൽ ഞങ്ങൾക്കു മൂന്നു കുട്ടികൾ ജനിച്ചു. ലോകമാകെ പരിചിതമായ ഒരു സോഫ്റ്റ് വെയർ ഞങ്ങൾ സംഭാവന ചെയ്തു. അഭിമാനത്തോടെ വേർപിരിയുന്നു എന്ന സംയുക്ത പ്രസ്താവനയോടെയാണ് ഇരുവരും വേർപിരിഞ്ഞത്.

 

English Summary: Melinda Gates opens up about her divorce with Bill Gates in first tell-all interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com