രണ്ടുതവണ ഗർഭിണിയായപ്പോഴും ആ അവസ്ഥയിലൂടെ കടന്നുപോയി; ഇത്തവണയും ഭയമുണ്ട്: ബ്രിട്ട്നി സ്പിയേഴ്സ്
Mail This Article
അടുത്തിടെയാണ് പോപ്പ് സ്റ്റാർ ബ്രിട്ട്നി സ്പിയേഴ്സ് വീണ്ടും ഗർഭിണിയാണെന്ന വാർത്ത സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷാദത്തെ കുറിച്ചും താരം മനസ്സു തുറന്നു. നേരത്തെ കെവിൻ ഫെഡർലിനുമായുള്ള വിവാഹത്തിൽ രണ്ട് ആണ്‍ക്കുട്ടികൾ ബ്രിട്ട്നി സ്പിയേഴ്സിനുണ്ട്. പുതിയ പങ്കാളി സാം അസ്ഗരിയുമായുള്ള ബന്ധത്തിൽ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകാനാണ് താരം ഒരുങ്ങുന്നത്.
ഗർഭാവസ്ഥ വളരെ കഠിനമാണെന്നും ഗർഭാവസ്ഥയിലുള്ള വിഷാദ രോഗം തനിക്ക് മുൻപു രണ്ടുതവണയും ഉണ്ടായിട്ടുണ്ടെന്നും താരം കുറിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഏത് സമയത്തും ഈ രോഗമുണ്ടാകാം. കുഞ്ഞിനു ജന്മം നൽകി ഒരു വർഷത്തോളം പേരിനേറ്റൽ ഡിപ്രഷൻ എന്ന ഈ അവസ്ഥ തുടരുമെന്നു ബ്രിട്ട്നി പറയുന്നു.
‘അതിഭീകരമായ ഒരു അവസ്ഥയാണിതെന്ന് നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾ പലപ്പോഴും പിന്നീട് ഇതേപറ്റി പറയാൻ ആഗ്രഹിക്കാറില്ല. സ്ത്രീകൾ ഇതേപറ്റി പറഞ്ഞാൽ ചിലർ അവരെ അപകടകാരികളായി ചിത്രീകരിക്കുന്നു. അവളുടെ ഉള്ളിൽ ഒരു കുഞ്ഞു വളരുന്നു എന്നു പോലും പലരും ചിന്തിക്കാറില്ല. പക്ഷേ, ഇന്ന് സ്ത്രീകൾ തുറന്നു പറയാൻ തയ്യാറായി മുന്നോട്ടു വരുന്നു. ദൈവത്തിനു നന്ദി. ആ വേദന ഒരിക്കലും രഹസ്യമാക്കി വയ്ക്കേണ്ട ഒന്നല്ല. ഇത്തവണ എല്ലാ ദിവസവും ഞാൻ യോഗ ചെയ്യുന്നുണ്ട്’– ബ്രിട്ട്നി സ്പിയേഴ്സ് വ്യക്തമാക്കുന്നു.
സ്ത്രീകൾക്കു ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവശേഷവുമുണ്ടാകുന്ന കടുത്ത മാനസിക പ്രശ്നമാണ് പേരിനേറ്റൽ ഡിപ്രഷൻ. കടുത്തവിഷാദവും, അമിതമായ ഉത്കണ്ഠയും ഇക്കാലയളവിൽ സ്ത്രീകളെ ബാധിക്കാറുണ്ട്. ഇത് സ്ത്രീകളിൽ ഗുരുതരമായ മാനസിക ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.
English Summary: ‘It is absolutely horrible’: Pregnant Britney Spears opens up about perinatal depression; know about the psychological condition