ADVERTISEMENT

“നാൻ യാരെൻട്ര് വിനവിയ ഗുരുവേ

നാൻ യാരല്ല, എൻപതൈ ഉണർന്തേൻ

സ്ഥൂലദേഹം നാൻ അല്ല

ഉള്ളിൽ തുടിക്കും ഇദയം നാൻ അല്ല.”

08

അദ്വൈതസിദ്ധാന്തത്തിന്റെ അന്തസ്സത്തയെ പദ്മദേവൻ അതിലളിതമായി തമിഴിൽ വിശദീകരിക്കുന്നു. ആറു വർഷങ്ങൾക്കു മുൻപ്, ചെന്നൈ ആസ്ഥാനമായ ശ്രീദേവി നൃത്ത്യാലയയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തിയ ‘ബ്രഹ്മാസ്മി’യിലെ ചില ഭാഗങ്ങളിൽ ഹൃദയത്തിൽ പതിഞ്ഞ വരികൾ ഇവയായിരുന്നു. ആത്മ-പരമാത്മബന്ധത്തിന്റെ രഹസ്യവാദത്തെ വിശദീകരിക്കുന്ന ‘ബ്രഹ്മാസ്മി’ എന്ന നൃത്തനാടകം 2022 മേയ് 26 ന് കാലടി നെഹ്റു ആർട്സ് സൊസൈറ്റിയുടെ പുരാതന ഓഡിറ്റോറിയത്തിൽ അരങ്ങിലെത്തിയപ്പോൾ കാണികളിലൊരാളായി ഞാനുമുണ്ടായി. ചുരുങ്ങിയ വാക്കുകളിൽ ഡോ. ഷീല ഉണ്ണികൃഷ്ണൻ സഭയെ സ്വാഗതം ചെയ്തു. ആദിശങ്കരന്റെ ജന്മദേശത്ത് ‘ബ്രഹ്മാസ്മി’ അവതരിപ്പിക്കുന്നതിലുള്ള സന്തോഷം അവർ മറച്ചുവച്ചില്ല. തുടർന്ന് മൈക്കിലൂടെ വന്ന നിർദ്ദേശങ്ങൾക്കനുസൃതമായി വേദിയിൽ ചില മാറ്റങ്ങൾ വരുത്തി. സൂക്ഷ്മമായ തത്വത്തെ ഗ്രഹിക്കാൻ പാകത്തിൽ രംഗസജ്ജീകരണം നടക്കുന്നതിനിടയിൽ ഞാനും മനസ്സാൽ ഒരുങ്ങി, ബ്രഹ്മജ്ഞാനത്തിന്റെ പരമാനന്ദരസം ആസ്വദിക്കാൻ. നൃത്തം പരമാനന്ദനത്തിലേക്കുള്ള ഒരു മാർഗമാണെന്ന എസ്.ഡി.എൻ. മോട്ടോ അന്വർഥമാകുന്നതുപോലെ.

സംഘനൃത്തം അഥവാ Ensemble Dance, ഏകാംഗ നൃത്തത്തിന് സമാന്തരമായി വികസിക്കുകയും വിഷയം, നൃത്താവിഷ്കാരം, രംഗസജ്ജീകരണം, ആഹാര്യം തുടങ്ങിയവയിൽ പലവിധ പരീക്ഷണങ്ങൾക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. വിരുദ്ധ അഭിപ്രായം നിലനിൽക്കുമ്പോഴും, ഏകാംഗനൃത്തം നൽകുന്ന ആത്മീയവും രസാത്മകവുമായ അനുഭവത്തെക്കാൾ കൂടിയ അളവിൽ സംഘ നൃത്തങ്ങൾക്കും നൃത്ത നാടകങ്ങൾക്കും നൽകാനായി എന്നത് ഈ ഇനത്തിനു കൈവന്ന ജനപ്രീതി വ്യക്തമാക്കുന്നു. 

09

മൃദംഗ വിദ്വാൻ മാൻഗുഡി ദൊരൈരാജ അയ്യർ ആവിഷ്കരിച്ച മേളത്തൂർ ബാണിയുടെ പാരമ്പര്യം പിന്തുടരുന്ന ഡോ. ഷീല ഉണ്ണികൃഷ്ണന്റെ കോറിയോഗ്രാഫികൾ ഭക്തി, ആത്മീയത, ആനന്ദം എന്നിവയിൽ അധിഷ്ഠിതമാണ്. ആത്മീയ ഉന്നതി നൃത്തത്തിന്റെ പരമമായ ഉദ്ദേശ്യമായി അവർ കാണുന്നു. നൃത്തത്തിനുവേണ്ടി നടത്തുന്ന ഗവേഷണങ്ങൾക്കെല്ലാമുപരി നൃത്തസംവിധാനം പരമമായ സത്യത്തിൽനിന്ന് ആരംഭിക്കുന്നെന്നും അതിൽ വിലയം പ്രാപിക്കുന്നെന്നും ഡോ.ഷീല മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഏതൊരു പുതിയ നൃത്തസംവിധാനവും ചെറിയൊരു പ്രാർഥനയോടെ ഡോ. ഷീല ആരംഭിക്കുന്നു. ‘ബ്രഹ്മാസ്മി’ യുടെ അവസാനരംഗത്ത് വേദിയിൽ കണ്ണുകൾ പൂട്ടി ധ്യാനാവസ്ഥയിലിരുന്ന നർത്തകിമാർ അറിഞ്ഞതും അനുഭവിച്ചതും നൃത്തം പ്രദാനം ചെയ്യുന്ന ആത്മീയാനുഭവമാണ്.

07

പുരാണ- ഇതിഹാസ കഥകളിലധിഷ്ഠിതമായ നൃത്തനാടകങ്ങളിൽനിന്നു വ്യത്യസ്തമായി, അമൂർത്തവും സൂക്ഷ്മവുമായ തത്വങ്ങളാണ് ‘ബ്രഹ്മാസ്മി’ മുദ്രാഭാഷയിൽ സംവദിക്കുന്നത്. ‘ബ്രഹ്മാസ്മി’ ചെയ്യാനിടയായ സാഹചര്യം ഡോ.ഷീല ഉണ്ണികൃഷ്ണൻ ഓർത്തെടുത്തു. മാസത്തിലൊരിക്കൽ മുടങ്ങാതെ കാഞ്ചീപുരം കാമാത്തിയമ്മൻ കോവിലിൽ ദർശനത്തിനായി പോകാറുണ്ട്. ഒരിക്കൽ കോവിലിലെ പുരോഹിതൻ പറഞ്ഞു, ‘നർത്തകി പദ്മ സുബ്രഹ്മണ്യം അദ്വൈതദർശനത്തെ ആധാരമാക്കി ഒരു സോളോ നൃത്തം ചെയ്തിട്ടുണ്ട്. അതിൽ സംഘനൃത്തത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നത് നന്നായിരിക്കും.’ ആർക്കും എളുപ്പം ഗ്രഹിക്കാൻ സാധിക്കുന്ന തരത്തിൽ ഉപനിഷദ് തത്വത്തെ നൃത്തരൂപത്തിലാക്കാൻ അന്നേ ആലോചിച്ചു. നിമിത്തം പോലെ പദ്മദേവൻ വരികളെഴുതാൻ തയാറായിവന്നു. ആത്മീയാന്വേഷിയായ പദ്മദേവൻ ബൃഹദാരണ്യകം, മണ്ഡൂകോപനിഷദ്, ഭഗവദ് ഗീത എന്നീ ഗ്രന്ഥങ്ങളുടെ സാരവും ശങ്കരാചാര്യരുടെ ആത്മബോധം, ഷൺമതം എന്നീ ദർശനങ്ങളും യോഗവാസിഷ്ഠം തുടങ്ങിയ ഗൂഢതത്വങ്ങളും ലളിതമായി വ്യാഖ്യാനിക്കുന്ന നൃത്തസാഹിത്യം രചിച്ചു. വയലിൻ വിദ്വാൻ എമ്പാർ കണ്ണന്റെ സംഗീതവും നൃത്തസംവിധാനത്തെ എളുപ്പമാക്കി.

05

നൃത്താനുകൂലമായ പാഠവും സംഗീതവും ‘ബ്രഹ്മാസ്മി’യുടെ നട്ടെല്ലാണ്. കൗതുവം, നാടകം, സംഘനൃത്തം എന്നിങ്ങനെ നൃത്തസംവിധാനം പൂർത്തിയാകുന്നു. ആദിശങ്കരന്റെ ജനനം കൗതുവഘടനയിലും ദീക്ഷ സ്വീകരിക്കൽ, ഭാരതപര്യടനം എന്നിവ നാടകതത്വങ്ങളിലധിഷ്ഠിതമായും ഷൺമതവ്യാഖ്യാനം, യോഗവാസിഷ്ഠം എന്നീ ഭാഗങ്ങൾ സംഘനൃത്തത്തിലും ചിട്ടപ്പെടുത്തിയതാണ് കൊറിയോഗ്രാഫിയുടെ ബ്രില്യൻസ്. കച്ചേരിയുടെ സാങ്കേതികതയും വിഷയത്തിന്റെ വ്യാഖ്യാനവും ഈ ക്രമത്തിൽ പുരോഗമിക്കുന്നു. സംഘനൃത്തത്തിന്റെ സാധ്യതകൾ ‘ബ്രഹ്മാസ്മി’യിലെ നിഗൂഢ തത്വത്തിന്റെ അവിഷ്കരണത്തിൽ പരമാവധി പ്രയോജനപ്പെട്ടു. ഷൺമതവ്യാഖ്യാനത്തിലെ നിശ്ചലദൃശ്യങ്ങൾ അതിന് ഉദാഹരണമാണ്. നിരവധി നർത്തകിമാർക്ക് അവസരം നൽകാമെന്നതും സംഘനൃത്തമെന്ന ഫോർമാറ്റ് തിരഞ്ഞെടുക്കാൻ കാരണമായതായി ഷീല ഉണ്ണികൃഷ്ണൻ പറയുന്നു. യോഗവാസിഷ്ഠത്തിൽ ആശ, കാമം, സമയം, ദേഹം തുടങ്ങി ഭൗതിക ജീവിതത്തിൽ മനുഷ്യനെ ബന്ധിച്ചുനിർത്തുന്ന തത്ത്വങ്ങളെ അവതരിപ്പിക്കാൻ വ്യത്യസ്ത നിറത്തിലുള്ള ആഹാര്യം തിരഞ്ഞെടുത്തതും ആശയസംവേദനം സുഗമമാക്കി.

03

കേരളത്തിൽ ആദ്യമായല്ല ശ്രീദേവി നൃത്ത്യാലയ നൃത്തം അവതരിപ്പിക്കുന്നത്. മലയാളികളുടെ സഹൃദയത്വവും കലാകാരന്മാരോടുള്ള ബഹുമാനവും സ്നേഹവും കേരളത്തിൽ വേരുകളുള്ള ഷീല ഉണ്ണികൃഷ്ണൻ പ്രത്യേകം ഓർക്കുന്നു.  എറണാകുളത്ത് രണ്ടു പ്രാവശ്യവും ഒരിക്കൽ കണ്ണൂരും ശ്രീദേവി നൃത്യാലയയുടെ നൃത്തം നേരിൽ കണ്ടാസ്വദിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും, നൃത്തത്തെ ഇത്രയും പ്രഫഷനലിസത്തോടെ സമീപിക്കുന്ന നൃത്തവിദ്യാലയങ്ങൾ കേരളത്തിൽ കുറവാണ്. നൃത്താവതരണത്തിനുശേഷം നടത്തിയ ഹ്രസ്വ സംഭാഷണത്തിൽ, രംഗസജ്ജീകരണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഡോ.ഷീല നിരാശയോടെ സൂചിപ്പിച്ചു. നൃത്തോൽസവങ്ങളുടെ സംഘാടകർ അവരുടെ ബാനറുകൾ വേദിയിൽ പ്രദർശിപ്പിക്കുന്നത് ദൃശ്യകാവ്യമായ നൃത്തത്തിന്റെ ശരിയായ ആസ്വാദനത്തിന് തടസ്സമാകുന്നു. വേദിയിലെ അനാവശ്യ അലങ്കാരങ്ങളും ബാനറുകളും സംഘാടകർ ഒഴിവാക്കേണ്ടതാണെന്ന് ഷീല ഉണ്ണികൃഷ്ണൻ ഓർമിപ്പിക്കുന്നു. കാലടിയിലെ ഓഡിറ്റോറിയത്തിലെ തിരശ്ശീലയിൽ പിടിപ്പിച്ച ബാനർ പൂർണമായും മറയ്ക്കാതെ നൃത്തം ആരംഭിക്കാൻ അവർ തയാറായില്ല. നൃത്തസംവിധാനത്തിലും ശിക്ഷണത്തിലും പുലർത്തുന്ന കണിശതയും കൃത്യനിഷ്ഠയും അതിന്റെ രംഗാവതരണംവരെ കാണാനാകും. അതാണ് ശ്രീദേവി നൃത്ത്യാലയയിൽനിന്നു നമ്മൾ പഠിക്കേണ്ട പാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com