സെയിൽസ് ഗേളിൽ നിന്ന് റൊണാൾഡോയുടെ കാമുകി; ജോർജിനയുടെ അതിശയിപ്പിക്കുന്ന ആഡംബര ജീവിതം!
Mail This Article
ജീവിതത്തില്‍ പലതരത്തിലുളള മാറ്റങ്ങള്‍ വരാം. അത് ശാരീരികമാവാം, സാമ്പത്തികവുമാകാം. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ ജോര്‍ജിനയെന്ന 28 കാരിയെ പണത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിച്ചിരിക്കുകയാണ്. പ്രണയം മൂലം ജോലി നഷ്ടപ്പെട്ട ജോര്‍ജിന പിന്നെ അതേ പ്രണയത്തിന്റെ പേരില്‍ ലോകം ഉറ്റുനോക്കുന്ന ഒരാളായി. വെറുമൊരു സെയില്‍സ് ഗേളില്‍നിന്ന് തുടങ്ങിയ ജീവിതം ഇന്ന് ആഡംബരസമൃദ്ധമാണ്. സ്പാനിഷ് മോഡലായ ജോര്‍ജിനയുടെ വരുമാനം ആഴ്ചയില്‍ 23,000 രൂപയായിരുന്നു. ഇത് അവരുടെ സാഹചര്യത്തില്‍ ഒരു ആഡംബര ജീവിതം നയിക്കാന്‍ തക്കതല്ല. മാത്രമല്ല റൂം ഷെയര്‍ ചെയ്തായിരുന്നു താമസംപോലും. ഇത്തരം സാഹചര്യത്തില്‍ നിന്നാണ് ജോര്‍ജിന ഇന്നുകാണുന്ന വിലപിടിപ്പുളള ജീവിതത്തിന് ഉടമയായത്. ഐസ്‌ലന്‍ഡa ഇബിസ എന്ന സ്പാനിഷ് ഐലൻഡോ സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ചുറ്റുപാടില്‍ ജനിച്ച ജോര്‍ജിന ഇന്ന് അവിടെ അവധിക്കാലം ആഘോഷിക്കുകയാണ്. തലയിൽ മുതല്‍ കാലിൽവരെ ബിഗ് ബ്രാന്‍ഡുകളുടെ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ ആഡംബര കപ്പലും കാറുകളും ഇഷ്ടംപോലെ. പറഞ്ഞുവരുന്നത് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസിനെ കുറിച്ചാണ്. ജോര്‍ജിനയെ ആരാധനയോടെയും അസൂയയോടെയുമാണ് ഇന്ന് ലോകം നോക്കുന്നത്. ഒരു സെയില്‍സ്ഗേളില്‍നിന്ന്, ലോകം ആരാധിക്കുന്ന പോർച്ചുഗല്‍ താരം റൊണാള്‍ഡോയുടെ കാമുകിയും മള്‍ട്ടി മില്യനറുമായ അവരുടെ ജീവിതം ഏറെ കൗതുകം നിറഞ്ഞ കഥ പോലെയാണ്.
വടക്കന്‍ സ്‌പെയിനിലെ ജാക്കാ എന്ന ചെറിയ ഗ്രാമത്തിലാണ് ജോർജിന ജനിച്ചത്. അച്ഛന്‍ മുന്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരവും അമ്മ സ്പാനിഷ് വനിതയുമാണ്. ചെറുപ്പത്തിലേ നന്നായി നൃത്തം ചെയ്യുമായിരുന്നു ജോര്‍ജിന. വന്‍ സാമ്പത്തികം വേണ്ട നൃത്തപഠനം താങ്ങാനാവാത്തതിനാല്‍ അവളെ നൃത്തവിദ്യാലയത്തില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ക്കായില്ല. എന്നാല്‍ നല്ലൊരു ജീവിതം സ്വപ്‌നം കണ്ട ജോര്‍ജിന തന്റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാനായി ഫാഷന്‍ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരിയായും സെയില്‍സ് ഗേളായുമെല്ലാം അവര്‍ ജോലി ചെയ്തു. റൊണാള്‍ഡോയെ പോലതന്നെ കഷ്ടപ്പാടു നിറഞ്ഞ ബാല്യമായിരുന്നു ജോര്‍ജിനയ്ക്കും. സ്വപ്‌നങ്ങള്‍ക്കു പിറകെ പോകാന്‍ ജോര്‍ജിനയും റൊണാള്‍ഡോയെപ്പോലെ മിടുക്കിയായിരുന്നു. സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാന്‍ അവൾ കഠിനമായി പ്രയത്‌നിച്ചു.
ഹോട്ടലിലാണ് ജോര്‍ജിന ആദ്യം ജോലി ചെയ്തത്. അവിടം മടുത്തപ്പോള്‍ മറ്റൊരു സ്ഥാപനത്തിലേക്കു മാറി. അവിടെ കൂടുതല്‍ വരുമാനം കിട്ടിയെങ്കിലും അതിലും നന്നായി ജീവിക്കണമെന്ന ആഗ്രഹം അവരുടെ ഉളളില്‍ തീവ്രമായിരുന്നു. ഇംഗ്ലിഷ് പഠിച്ചാല്‍ ലക്ഷ്വറി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്നു മനസ്സിലാക്കിയ അവര്‍ അതിനായി 2012ല്‍ ഇംഗ്ലണ്ടിലേക്കു മാറി. അവിടെ ബ്രിസ്റ്റളില്‍ ഒരു കുടുംബത്തിനൊപ്പം അവരുടെ കാര്യങ്ങളെല്ലാം നോക്കാനായും ഭാഷ പഠിക്കാനായും ജോലി ചെയ്തു. അന്ന് അവര്‍ക്ക് 17 വയസ്സായിരുന്നു പ്രായം. അവിടെനിന്ന് ഇംഗ്ലിഷ് പഠിച്ചെടുത്തതോടെ ജോര്‍ജിന സ്‌പെയിനിലേക്കു മടങ്ങി. പിന്നീട് മഡ്രിഡില്‍ ഒരു ലക്ഷ്വറി സ്ഥാപനത്തില്‍ ജോലിക്കു കയറി. 2016 ലാണ് അവര്‍ ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ സ്‌റ്റോറായ ഗസിയില്‍ ജോലിക്കു കയറുന്നത്. അവിടെവച്ചാണ് റയല്‍ മഡ്രിഡ് താരം റൊണാള്‍ഡോയെ കണ്ടുമുട്ടുന്നത്. പിന്നീട് ഒരു ബ്രാന്‍ഡ് ഷോയില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. അങ്ങനെയാണ് പ്രണയം പൂവിടുന്നത്.
ക്രിസ്റ്റ്യാനോയുടെയും ജോര്‍ജിനയുടെയും പ്രണയം പാപ്പരാസികള്‍ അറിയുന്നത് വളരെ വൈകിയാണ്. 2017 മുതല്‍ അവര്‍ ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് എന്നാല്‍ പ്രണയം വളരെ രഹസ്യമായി സൂക്ഷിക്കാൻ അവര്‍ക്കു സാധിച്ചിരുന്നു. ഇപ്പോഴിതാ ജോര്‍ജിനയും റൊണാള്‍ഡോയും തമ്മിലുളള പ്രണയത്തെ കുറിച്ചും അവരുടെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സിൽ ‘ഐ ആം ജോര്‍ജിന’ എന്ന ഒരു ഡോക്യുമെന്ററി സീരീസ് തന്നെ വന്നിരിക്കുന്നു.
‘‘വേനല്‍ക്കാലത്തെ ഒരു വ്യാഴാഴ്ച. ഞാന്‍ ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ ഗസിയില്‍ ജോലി ചെയ്യുന്ന സമയം. ജോലി കഴിഞ്ഞ് അഞ്ചുമണിക്ക് ഇറങ്ങാനിരുന്ന എന്നോട്, കൂടെ ജോലിചെയ്യുന്ന ആള്‍ ഒരു ക്ലയന്റിനെ കാണാന്‍ അരമണിക്കൂര്‍ കൂടി നില്‍ക്കാമോ എന്ന് ചോദിച്ചു. അത് സമ്മതിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആറടി ഉയരമുളള ഒരു അതിസുന്ദരനായ ഒരു മനുഷ്യന്‍ വന്നു. അയാളുടെ ഒപ്പം ഒരു ആണ്‍കുട്ടിയും കുറേ കൂട്ടുകാരുമുണ്ടായിരുന്നു. വളരെ സുന്ദരനായ അയാളെ നോക്കാന്‍ തന്നെ എനിക്കു ലജ്ജ തോന്നി. എനിക്ക് എന്തുപറ്റിയെന്ന് ഞാന്‍ ചിന്തിച്ചുപോയി.’’ ഇങ്ങനെയാണ് ജോര്‍ജിന തന്റെ പ്രണയകഥ ഡോക്യുസീരീസ് പറഞ്ഞു തുടങ്ങുന്നത്. ആദ്യ കണ്ടുമുട്ടലിനെ ‘വളരെ പ്രത്യേകതയുള്ള തുടക്കം’ എന്നാണ് ജോര്‍ജിന വിശേഷിപ്പിക്കുന്നത്.
ആദ്യ മാസങ്ങളില്‍ അവർ ബന്ധം വളരെ രഹസ്യമാക്കി വച്ചു. പിന്നീട് ഡേറ്റിങ് പുറത്തറിഞ്ഞപ്പോള്‍ ജോര്‍ജിനയുടെ ഷോപ്പിനു പുറത്ത് ഫുട്‌ബോള്‍ ആരാധകരുടെ കറക്കമായി. ഇതില്‍ അതൃപ്തി തോന്നിയ സ്ഥാപന ഉടമ ജോര്‍ജിനയെ ജോലിയില്‍നിന്നു പറഞ്ഞുവിട്ടു. എട്ടു മാസമാണ് ജോര്‍ജിന അവിടെ ജോലി ചെയ്തത്. പിന്നീട് ഒരു പ്രമുഖ സ്പാനിഷ് ഡിപാര്‍ട്‌മെന്റല്‍ സ്റ്റോറില്‍ ജോര്‍ജിനയ്ക്ക് റൊണാള്‍ഡോയുടെ കെയര്‍ ഓഫില്‍ ജോലി കിട്ടി. ഒരു ലക്ഷത്തോളം രൂപയായിരുന്നു അവിടെ ശമ്പളം. അവിടെയും പ്രണയം വില്ലനായി. പലരും കടയിലേക്ക് റൊണാള്‍ഡോയെ പ്രതീക്ഷിച്ചെത്തുകയും ജോര്‍ജിനയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ താൽപര്യപ്പെടുകയും ചെയ്തു. അതോടെ അവിടെയും ജോലി പ്രതിസന്ധിയിലായി. അതെക്കുറിച്ച് ജോര്‍ജിന പറയുന്നത് ഇങ്ങനെ: ‘‘പലപ്പോഴും റൊണാള്‍ഡോ ആരാധകരില്‍നിന്ന് ഒളിച്ചു നിന്നിട്ടുണ്ട്. പക്ഷേ, അവര്‍ ക്ലയന്റ്‌സാണെന്നെല്ലാം പറഞ്ഞ് എന്റെ അരികിലേക്ക് എങ്ങനെയെങ്കിലും എത്തും. പലപ്പോഴും ഫൊട്ടോഗ്രഫര്‍മാരും ഉണ്ടാവും. ഇത് സ്ഥാപനത്തിനും മറ്റു ജീവനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടായിരുന്നു.’’
ഡേറ്റിങ് ആരംഭിച്ച ശേഷം, ജോലി കഴിഞ്ഞ് ഇറങ്ങുന്ന ജോര്‍ജിനയെ കൂട്ടാനായി റൊണാള്‍ഡോ ലക്ഷ്വറി കാറില്‍ എത്താറുണ്ടെന്നും ജോര്‍ജിന പറയുന്നു. ‘‘ഒരിക്കല്‍ എന്നെ കാണാനെത്തിയത് ആഡംബര കാറായ ബുഗാട്ടിയിലായിരുന്നു. അതുകണ്ട് ഒപ്പമുളളവര്‍ക്ക് ആവേശമായി. അവരെല്ലാം ബസില്‍ പോകുമ്പോള്‍ ഞാന്‍ ബുഗാട്ടിയില്‍ പോവുന്നത് അവര്‍ക്കൊന്നും വിശ്വസിക്കാനാവില്ലായിരുന്നു.’’
അങ്ങനെ പണക്കാര്‍ക്കും പ്രശസ്തര്‍ക്കും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ വിറ്റിരുന്ന ജോര്‍ജിനയ്ക്ക് ഇപ്പോള്‍ ഇഷ്ടമുള്ള ഏത് വിലയേറിയ വസ്ത്രവും ധരിക്കാനാവും. ഇപ്പോള്‍ അവര്‍ താമസിക്കുന്ന വീടിന് ഏതാണ്ട് അഞ്ച് ദശലക്ഷം പൗണ്ട് വിലവരും. സ്വകാര്യ വിമാനം, ആഡംബര കപ്പല്‍, വിലകൂടിയ സ്‌പോര്‍ട്‌സ് കാറുകള്‍ ഒക്കെ ഇപ്പോള്‍ ജോര്‍ജിനയ്ക്കുണ്ട്. റോണാള്‍ഡോയെ പരിചയപ്പെട്ടതു മുതല്‍ അവരുടെ നാട്ടിലും താരമാണ് ജോര്‍ജിന. നിരവധി ഫാഷന്‍ മാഗസിനുകളുടെ കവര്‍ ചിത്രമായി. ഈ നേട്ടങ്ങളെല്ലാം റൊണാള്‍ഡോയുടെ ലേബലിലാണെന്നതില്‍ ജോര്‍ജിനയ്ക്ക് സന്തോഷം മാത്രം.അതേസമയം ഷോപ്പിങ്ങിനും മറ്റുമായി റൊണാള്‍ഡോയുടെ പണം കരുതലില്ലാതെ ചെലവാക്കുന്നതില്‍ ജോര്‍ജിനയ്ക്കു താത്പര്യമില്ലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം അദ്ദേഹത്തിന്റെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സ്വത്ത് ഉപയോഗപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് ജോര്‍ജിനയുടെ ആഗ്രഹം. അതിനായി അവര്‍ മഡ്രിഡിലെ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസില്‍നിന്ന് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങും പഠിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുടെ മുന്‍ കാമുകി ഐറിന ഷെയ്ക്കുമായുളള ബന്ധം അഞ്ചു വര്‍ഷം മുന്‍പാണ് അവസാനിപ്പിച്ചത്. റൊണാള്‍ഡോയുടെ അമ്മയുമായി ഐറിനയ്ക്ക് ഒത്തുപോവാനാവാത്തതാണ് വേര്‍പിരിയാനുളള കാരണമായി പറയുന്നത്. ഒരിക്കല്‍ ജോര്‍ജിനയുമായുളള ബന്ധത്തെക്കുറിച്ച് റൊണാള്‍ഡോ പറഞ്ഞത്, ഇതാണെന്റെ യഥാർഥ പ്രണയം എന്നാണ്. ജോര്‍ജിനയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും റൊണാള്‍ഡോ മറ്റൊരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ആദ്യ ബന്ധത്തിലുണ്ടായ ഒരു കുഞ്ഞിനു പുറമെ ജോര്‍ജിനയുമായുളള ബന്ധത്തില്‍ റൊണാള്‍ഡോയ്ക്ക് നാല് കുഞ്ഞുങ്ങളാണുളളത്.
ജോര്‍ജിനയും ക്രിസ്റ്റ്യാനോയും ഒന്നിച്ച് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് സൂറിച്ചില്‍ നടന്ന ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ് ചടങ്ങിലാണ്. അന്ന് അവര്‍ക്കൊപ്പം റൊണാള്‍ഡോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറുമുണ്ടായിരുന്നു. 2017 മാര്‍ച്ചില്‍ റൊണാള്‍ഡോ ഒരു ചുവന്ന ഹൃദയത്തിന്റെ ഇമോജിയോടൊപ്പം ജോര്‍ജിനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അടുത്ത മാസം അവര്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാള്‍ഡോ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു കുട്ടികളുടെ ജനനം. അതിനുശേഷം കുഞ്ഞുങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് ആഴ്ചകള്‍ക്കുശേഷം ജോര്‍ജിന ഗര്‍ഭിണിയാണെന്ന വിശേഷവും വന്നു. റൊണാള്‍ഡോയുടെ നാലാമത്തെ കുഞ്ഞിന്റെ, അലാന മാര്‍ടിന എന്നു പേരിട്ട കുഞ്ഞിന്റെ വരവും അവര്‍ ലോകത്തെ അറിയിച്ചിരുന്നു. 2021ലാണ് ജോര്‍ജിനയ്ക്കും റൊണോള്‍ഡോയ്ക്കും ഇരട്ടക്കുട്ടികളുണ്ടാകാൻ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അതില്‍ ഒരു കുഞ്ഞ് മരിക്കുകയും അക്കാര്യം വേദനയോടെ റൊണാള്‍ഡോ ഒരഭിമുഖത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ന് ആഡംബരജീവിതം നയിക്കുന്ന ജോര്‍ജിനയുമായി റൊണാള്‍ഡോ പിരിഞ്ഞാല്‍ എന്താവും അവരുടെ ഭാവിയെന്ന് ആരാധകര്‍ ഉറ്റുനോക്കുകയാണ്. ഇരുവരും പിരിഞ്ഞാല്‍ ജോര്‍ജിനയ്ക്ക് വീണ്ടുംസെയില്‍സ് ഗേളാകേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം കരാറുകളും അവരുടെ ബന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
English Sumamry: Who is Christiano Ronaldo's Lover Georgina Rodriguez