'താലിബാൻ അധികാരത്തിലെത്തിയപ്പോൾ ഞാൻ മരിച്ചു' - ദുരനുഭവം പറഞ്ഞ് 20കാരി
Mail This Article
ഫുട്ബോളിനോടും ബോക്സിങ്ങിനോടും അടങ്ങാത്ത ആവേശമാണ് നൗറയ്ക്ക്. വീട്ടുകാരുടെയും നാട്ടുകാരുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന് വര്‍ഷങ്ങളായി അവള് തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുകയായിരുന്നു. പക്ഷേ, 20 വയസ്സുമാത്രമുളള നൗറയ്ക്ക് തന്റെ രാജ്യത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്ക്കാന് സാധിക്കാതെയായി. ഒരു അഫ്ഗാന് സ്ത്രീയായതും താലിബാന്റെ ജനവിരുദ്ധ നയങ്ങളും നൗറയെപോലുളള നിരവധി പെണ്‍കുട്ടികളെയാണു കായിക മേഖലയില്‍ നിന്ന് അകറ്റിയിരിക്കുന്നത്. രാജ്യത്തെ സ്ത്രീ കായികതാരങ്ങളെ സ്വകാര്യമായിപോലും പരിശീലനം നടത്താന്‍ സമ്മതിക്കാതെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ് താലിബാന് സൈന്യം. അഫ്ഗാനിലെ വനിതാ കായികതാരങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസുമായി അവര്‍ പങ്കുവെക്കുന്നു.
'ഞാനിപ്പോള്‍ പഴയ ആളല്ല. താലിബാന് വന്നതോടെ ഞാന്‍ മരിച്ചുവെന്ന തോന്നലാണെനിക്ക്' ഏറെ വിഷമത്തോടെ നൗറ പറയുന്നു. കാബൂളില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് നൗറ. തെരുവില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചാണ് നൗറയ്ക്ക് സോക്കറിനോട് ഇഷ്ടം തുടങ്ങിയത്. നൗറയ്ക്ക് ഒമ്പതുവയസുളളപ്പോള് ഒരു കോച്ച് അവളുടെ കളി കണ്ട് പെണ്‍കുട്ടികളുടെ സോക്കര്‍ ടീമില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു.
എതിര്‍പ്പുകള്‍ ഭയന്ന് നൗറ അക്കാര്യം വീട്ടില്‍ പോലും പറഞ്ഞില്ല. എന്നാല്‍ പതിമൂന്നാം വയസില്‍ മികച്ച സോക്കര്‍ പ്ലെയറായ പെണ്‍കുട്ടിയെന്ന നേട്ടം നൗറയെ പ്രശസ്തയാക്കി. ടിവിയില്‍ നൗറയുടെ ഫോട്ടോയും നൗറയെ കുറിച്ചുളള വാര്‍ത്തകളും വന്നു. അതോടെ നൗറയുടെ ജീവിതം മാറിമറിഞ്ഞു. പ്രശസ്തയായി മാധ്യമങ്ങളില്‍ അവരെകുറിച്ചുളള നല്ല വാര്‍ത്തകള്‍ വന്നാല്‍ എല്ലാവര്ക്കും സന്തോഷമായിരിക്കും. എന്നാല്‍ നൗറയുടെ ജീവിതം അതോടെ ദുരന്തമായി മാറുകയായിരുന്നു.
വാര്‍ത്ത വന്നതോടെ അമ്മ തല്ലുകയും ഇനിമുതല്‍ സോക്കര്‍ കളിക്കരുതെന്നും പറഞ്ഞു. എന്നാല്‍ നൗറ രഹസ്യമായി കളി തുടരുകയും അവളുടെ ടീം ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. വീണ്ടും നൗറയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നു. അപ്പോള്‍ വീണ്ടും അടികിട്ടി. എന്നിട്ടും തന്റെ ജീവനായ ഫുട്ബോളിനെ വിടാന്‍ നൗറയ്ക്ക് തോന്നിയില്ല. ദേശീയ ചാംപ്യന്‍ഷിപ്പ് നേടിയതിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ വീട്ടുകാരറിയാതെ നൗറ എങ്ങനെയോ പങ്കെടുത്തു. എന്നാല്‍ വേദിയില്‍ വച്ച് നൗറ പൊട്ടികരഞ്ഞു. ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും ഇവിടെ എത്താന്‍ നടത്തിയ കഷ്ടപ്പാടുകളുമാണ് ഈ കരച്ചിലിന്റെ കാരണമെന്നാണ് അന്ന് നൗറ പറഞ്ഞത്. തുടര്‍ന്ന് നൗറയുടെ ഷൂവും യൂനിഫോമും അമ്മ കത്തിക്കുകയുണ്ടായി. വീട്ടുകാരുടെ എതിര്‍പ്പുമൂലം പിടിച്ചുനില്‍ക്കാനാവാതെ നൗറ പതുക്കെ സോക്കര്‍ വിട്ടു. എന്നാല്‍ പിന്നീട് ബോക്സിങിലേയ്ക്കായി ശ്രദ്ധ. നൗറയെ സ്പോര്‍ട്സില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധ്യമല്ലെന്ന് വീട്ടുകാർക്കു മനസിലായി. അതോടെ അതുമായി സഹകരിച്ച് പോവാനുളള ശ്രമത്തിലായിരുന്നു അമ്മയും മറ്റ് കുടുംബാംഗങ്ങളും. അതിനിടെയാണ് താലിബാന്റെ വരവ്.
താലിബാന് കാബൂളില്‍ എത്തിയതിനു പിന്നാലെ നൗറയുടെ കോച്ച് നൗറയുടെ അമ്മയ്ക്ക് ഒരു സന്ദേശം കൈമാറി. നൗറ എത്രയും പെട്ടെന്ന് വിമാനത്താവളത്തിലെത്തണമെന്നും രാജ്യത്തിന് പുറത്തേക്ക് പോവണമെന്നും. എന്നാല്‍ നൗറയുടെ അമ്മ നൗറയോട് അക്കാര്യം പറഞ്ഞില്ല. അതിന്റെ ഗുരുതരവാസ്ഥ അമ്മയ്ക്ക് മനസിലായിരുന്നില്ല. പിന്നീട് അമ്മ അത് മനസിലാക്കി വന്നപ്പോഴേക്കും ആകെ വൈകിപോയി. അതില്‍ വിഷമിച്ച് അമ്മ സ്വന്തം കൈത്തണ്ട മുറിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നുവെന്നും നൗറ പറയുന്നു.
മൂന്ന് മാസങ്ങള്‍ക്കുശേഷം താലിബാന് അംഗമെന്ന് പറഞ്ഞ് ആരോ വിളിക്കുകയും കായികരംഗത്തു നിന്നും വിട്ടു നില്‍ക്കണമെന്നും മുന്നറിയിപ്പു നല്കുകയുമുണ്ടായി. ഭീഷണിയെ തുടര്‍ന്ന് നൗറ കാബൂള്‍ വിട്ടു. എന്നാല്‍ താമസിയാതെ തിരികെ വരികയും ചെയ്തു. വളരെ കഷ്ടപ്പെട്ടാണ് കായികമേഖലയില്‍ പിടിച്ചുനിന്നിരുന്നതെങ്കിലും എനിക്ക് അന്നെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു. കഠിനാധ്വാനത്തിലൂടെ ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ പ്രതീക്ഷയെല്ലാം അറ്റുപോയെന്ന് പറയുന്നു നൗറ. നൗറയെപോലെ വിവിധ കായിക ഇനങ്ങളില്‍ മിടുക്കരായിരുന്ന നിരവധി പെണ്‍കുട്ടികളാണ് പ്രതീക്ഷകളറ്റ് ഇന്ന് അഫ്ഗാനില്‍ ജീവിക്കുന്നത്. അവര്‍ പറയുന്നത് താലിബാന്റെ ആളുകള്‍ നേരിട്ടെത്തിയോ ഫോണിലൂടെയോ കായികരംഗം ഉപേക്ഷിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായാണ്. ഇനിയും വലിയ ആപത്തുകള്‍ ഈ പ്രതികരണം ക്ഷണിച്ചുവരുത്തുമോ എന്ന ഭീതിയിലാണ് ഇവരുടെ പ്രതികരണം. വനിതാ കായികതാരങ്ങള്‍ അവരുടെ കായിക ഇനങ്ങള്‍ വ്യക്തമാക്കുന്ന പന്തും മറ്റ് ഉപകരണങ്ങളും പിടിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയ്ക്കുവേണ്ടി ഫോട്ടോ എടുക്കാനും സമ്മതിച്ചു. എന്നാല്‍ അവരെല്ലാം ബുര്‍ഖക്കുളളില്‍ അവരുടെ വ്യക്തിത്വം മറച്ചാണ് അതിന് സമ്മതം മൂളിയത്. സാധാരണ ഈ വനിതാ കായികതാരങ്ങള്‍ ബുര്‍ഖ ധരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുപോവുമ്പോള്‍ നേരിടാവുന്ന ഭീഷണികള്‍ ഭയന്ന് പലപ്പോഴും ബുര്‍ഖ ധരിക്കുന്നുവെന്നാണ് പറയുന്നത്.
അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന താലിബാന്റെ നയങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കായികരംഗത്തും വിലക്കുകള്‍ വന്നിരിക്കുന്നത്. 2021 ഓഗസ്റ്റി താലിബാന് അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയത്. അതോടെ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുന്നതിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യൂനിവേഴ്സിറ്റികളില്‍ നിന്ന് പെണ്‍കുട്ടിളെ പുറത്താക്കാനുളള നടപടികളും എടുത്തിരുന്നു. ഇതിനുപുറമെ സ്ത്രീകള്‍ പൊതുയിടത്തില്‍ വരുമ്പോള്‍ തലമുടിയും മുഖവും മറക്കണമെന്നും പാര്‍ക്കിലും ജിമ്മിലും പോവരുതെന്ന നിയമങ്ങളും കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ ജോലിചെയ്യുന്നതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനെതിരെയും താലിബാന് ശക്തമായ നടപടികള്‍ കൊണ്ടുവന്നിരുന്നു.
താലിബാന് മുന്‍പുതന്നെ അഫ്ഗാനിലെ സ്ത്രീകള്‍ കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സമൂഹികമേഖലയില് നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. താലിബാന് മുമ്പുണ്ടായിരുന്ന ഭരണകൂടം അഫ്ഗാന് സ്ത്രീകള്‍ക്കായി വനിതാ സ്പോര്‍ട്സ് ആന്റ് സ്കൂള്‍ ക്ലബ്, ലീഗ്, ദേശീയ ടീം ഇങ്ങനെ പലതിലൂടയും വനിതാ കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു.
2021 ഓഗസ്റ്റില്‍ കാബൂളിലെ ഒരു സ്പോര്‍ട്സ് ഹാളില്‍ നടന്ന പ്രാദേശിക വനിത ടൂര്‍ണമെന്റില്‍ മത്സരിക്കുകയായിരുന്നു ഒരു 20കാരിയായ മാര്‍ഷല്‍ ആര്‍ട്സ് താരം. പെട്ടെന്നാണ് താലിബാന് സൈന്യം വരുന്നതായുളള മുന്നറിയിപ്പ് അവിടേയ്ക്ക് എത്തിയത്. ആ ഹാളിലുണ്ടായിരുന്ന സ്ത്രീകളും പെണ്‍കുട്ടികളും അത് കേട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. അതായിരുന്നു താന്‍ പങ്കെടുത്ത അവസാന മത്സരമെന്ന് പറയുന്നു 20കാരിയായ മാര്‍ഷല്‍ ആര്‍ട്സ് താരം. മാസങ്ങള്‍ക്കുശേഷം ഇവര്‍ ചില പെണ്‍കുട്ടികള്‍ക്ക് സ്വകാര്യമായി പരിശീലനം നല്കാന് ശ്രമിച്ചെങ്കിലും താലിബാന് പോരാളികള്‍ അത് തടയുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്ന് അറസ്റ്റു ചെയ്യപ്പെട്ട പെണ്‍കുട്ടികളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നീട് മുതിര്‍ന്നവര്‍ ഇടപെട്ട് ഇനി പരിശീലനം നടത്തില്ലെന്ന ഉറപ്പിന്മേലാണ് അവരെ പുറത്തുവിട്ടതെന്ന് പറയുന്നു മാര്‍ഷല്‍ ആര്‍ട്സ് താരം. അവര്‍ വീട്ടിനുളളില്‍ പരിശീലനം നടത്താറുണ്ടെന്നും രഹസ്യമായി ചില സുഹൃത്തുക്കളെ പരിശീലിപ്പിക്കാറുണ്ടെന്നും തുറന്നു പറയുന്നു. ജീവിതം വളരെ ദുഃസഹമായിരിക്കുന്നു. എന്നാല്‍ ഞാനൊരു പോരാളിയാണ്. ഇതിനെതിരെ ഞാന്‍ പോരാടുകതന്നെ ചെയ്യുമെന്നാണ് മാര്‍ഷല്‍ ആര്‍ട്സ് താരം പറയുന്നത്.
വനിതകള്‍ക്ക് കായികരംഗത്ത് തുടരാനുളള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണന്നാണ് താലിബാന് സ്പോര്‍ട്സ് ഓര്ഗനൈസേഷന് ആന്റ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ വക്താവായ മഷ്വാനെ അറിയിച്ചിരിക്കുന്നത്. അതിനായി പ്രത്യേകം കായിക വേദികള്‍ തുടങ്ങുന്നകാര്യം ആലോചനയിലുണ്ട്. എന്നാല്‍ അത് എന്നുവരുമെന്ന് അദ്ദേഹം സൂചന നല്‍കിയില്ല. മാത്രമല്ല അതിന് വലിയ ചിലവ് വരുമെന്നും പറഞ്ഞു. ഏഴാം ക്ലാസിന് മുകളിലുളള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോവുന്നകാര്യം പരിഗണിക്കുമെന്ന് നേരത്തെ താലിബാന് അറിയിച്ചിരുന്നു. അതിനുപോലും ഇതുവരെ ഒരു തീരുമാനമുണ്ടാവാത്ത സ്ഥിതിയ്ക്ക് കായികരംഗത്തെ വനിതകളുടെ തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ലെന്ന വിഷമത്തിലാണ് അഫ്ഗാന് വനിതാ കായികതാരങ്ങള്‍
English Summary: Afghan women athletes barred from play, fear Taliban threats