പെൺകുട്ടികളുടെ വിദ്യാഭ്യാസ നിഷേധം; താലിബാന് ഡൽഹിയിലെ വിദ്യാലയം മറുപടി നൽകുന്നതിങ്ങനെ
Mail This Article
താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതോടെ അവിടുത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വതന്ത്ര ജീവിതം ഏതാണ്ട് അവസാനിച്ച നിലയിലാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതോടെ മുൻപോട്ടുള്ള ജീവിതം എങ്ങനെയാവുമെന്ന കനത്ത ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് 100 കണക്കിന് കിലോമീറ്ററുകൾ ഇപ്പുറം ഇങ്ങ് ഡൽഹിയിൽ അഫ്ഗാൻ സ്വദേശികളായ പെൺകുട്ടികൾ അവരുടേതു മാത്രമായ ഒരു സ്കൂളിൽ സ്വതന്ത്രമായി വിദ്യാഭ്യാസം നേടുന്നുണ്ട്. തെക്ക് കിഴക്കൻ ഡൽഹിയിലെ റെസിഡൻഷ്യൽ കോളനിയായ ഭോഗലിലാണ് സൈദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്കൂൾ എന്ന വിദ്യാലയം പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ ജീവിക്കുന്ന അഫ്ഗാൻ അഭയാർഥികളായ വിദ്യാർഥികൾക്കുവേണ്ടി സ്ഥാപിതമായ സ്കൂളാണിത്. സെക്കൻഡറി തല വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും താലിബാൻ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ നിഷേധിക്കപ്പെട്ടെങ്കിലും ഇവിടെയുള്ള പെൺകുട്ടികൾ യാതൊരു ഭയാശങ്കകളും ഇല്ലാതെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലായി 278 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ വേണ്ടത്ര ഫണ്ടില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു.
വാടക നൽകാനോ അധ്യാപകർക്ക് ശമ്പളം നൽകാനോ സാധിക്കാത്ത സാഹചര്യം. എന്നന്നേക്കുമായി കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന ഘട്ടമെത്തിയതോടെ ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തെ സഹായം തേടി സമീപിച്ചു. ഇന്ത്യയിലെ എംബസി ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാന്റെ നയതന്ത്ര സംവിധാനങ്ങൾ താലിബാൻ ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാലാണ് ഇതിന് സാധിച്ചത്. അങ്ങനെ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്കൂളിന്റെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
1994 ൽ വിമൻസ് ഫെഡറേഷൻ ഓഫ് വേൾഡ് പീസാണ് ഇന്ത്യയിലെ അഫ്ഗാൻ അഭയാർഥികളുടെ മക്കൾക്കായി ഇത്തരം ഒരു സ്കൂൾ ആരംഭിച്ചത്. 2017 ൽ ഹൈസ്കൂളായി ഉയർന്നതോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഫണ്ടും എത്തിത്തുടങ്ങി. ഏറെ പ്രതിസന്ധികൾ നേരിട്ടിട്ടും ഇപ്പോഴും വിദ്യാലയം പ്രവർത്തിക്കുന്നതിലൂടെ താലിബാന് രണ്ട് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡറായ ഫരീദ് മാമുൻഡ്‌സായി പറയുന്നു. അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടയിടാൻ യാതൊന്നിനും കഴിയില്ല എന്നതാണ് അതിൽ ഒന്നാമത്തേത്. അഫ്ഗാൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ തീരുമാനിച്ച ഇന്ത്യ ബുദ്ധിമുട്ടുകളിൽ ഒറ്റപ്പെടുത്താതെ ഒപ്പം നിൽക്കുന്ന സുഹൃത്താണ് എന്നതാണ് രണ്ടാമത്തെ സന്ദേശമെന്നും അദ്ദേഹം പറയുന്നു.
നിലവിൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ് എന്നതാണ് മറ്റൊരു വസ്തുത. അധ്യാപകരുടെ കാര്യവും അങ്ങനെ തന്നെ. ലിംഗപരമായ വ്യത്യാസങ്ങൾ ഇല്ലാതെയാണ് ക്ലാസുകൾ നടക്കുന്നത്. പാഠഭാഗങ്ങൾക്ക് പുറമേ സംഗീതം, കവിത, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടാനുള്ള പരിശീലനവും ഇവിടെ വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.
English Summary: As Taliban ban education for girls in Afghanistan, a school in New Delhi fights back