ADVERTISEMENT

ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം പ്രതിസന്ധികൾക്കപ്പുറം ചിന്തിക്കാൻ ആവാത്തത്രയും ഭീകരമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോകേണ്ടി വരുന്നവരുണ്ട്. അത്തരത്തിലൊരാളാണ് ബിഹാറിലെ മുസാഫർപുർ സ്വദേശിനിയായ സുനിതാദേവി. വൃക്ക അപ്രതീക്ഷിതമായി നഷ്ടമായതിനെ തുടർന്ന് ജീവൻ മരണ പോരാട്ടത്തിൽ കഴിയുന്നതിനിടെ ഭർത്താവ് ഉപേക്ഷിച്ചതോടെ മൂന്നു കുട്ടികളുമായി ജീവിതം ഇരുളടഞ്ഞ നിലയിൽ കഴിയുകയാണ് 38 കാരിയായ സുനിത.

നാലു മാസങ്ങൾക്കു മുൻപാണ് ദിവസ വേതനത്തിൽ ജോലി ചെയ്തിരുന്ന സുനിതയുടെ ജീവിതം തന്നെ വഴിതിരിച്ചുവിട്ട സംഭവം ഉണ്ടായത്. ഗർഭപാത്ര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് സുനിതയ്ക്ക് മുസാഫർപൂരിലെ ശുഭ്കാന്ത് ക്ലിനിക് എന്ന സ്വകാര്യ ആശുപത്രിയിൽ വച്ച് വൃക്ക നഷ്ടമായത്. ശസ്ത്രക്രിയയ്ക്കു ശേഷവും വയറുവേദന മാറാത്തതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇക്കാര്യം വെളിവായത്. ഗുരുതരമായ അവസ്ഥയിലായതിനാൽ പിന്നീടിങ്ങോട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസുമായി ആശുപത്രിയിൽ തന്നെ തുടരുകയാണ് ഇവർ.

ഈ പ്രതിസന്ധികൾക്കിടെ കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് അൽകു റാം സുനിതയുമായി ആശുപത്രിയിൽ വച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഈ അവസ്ഥയിൽ സുനിതക്കൊപ്പമുള്ള ജീവിതം ആഗ്രഹിക്കുന്നില്ലന്നു പറഞ്ഞ ഭർത്താവ് ഇവരെ മർദ്ദിച്ച ശേഷമാണ് ആശുപത്രിയിൽ ഉപേക്ഷിച്ച് പോയത്. ഇവരുടെ മൂന്നു മക്കളെയും സുനിതയ്ക്കൊപ്പം തന്നെ ഇയാൾ ഉപേക്ഷിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി അങ്ങേയറ്റം മോശമായതിനെ തുടർന്ന് സ്വന്തം കാര്യം പോലും നോക്കാനാവാത്ത സുനിത നിലവിൽ മക്കളുടെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട അവസ്ഥയിലാണ്. സുനിതയുടെ അമ്മ മാത്രമാണ് സഹായത്തിനായി ആശുപത്രിയിൽ ഒപ്പമുള്ളത്.

താൻ ജീവനോടെയുണ്ടോ മരിച്ചോ എന്നത് പ്രശ്നമല്ല എന്ന് പറഞ്ഞ ശേഷമാണ് ഭർത്താവ് ആശുപത്രി വിട്ടു പോയത് എന്ന് സുനിത ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ചെറുപ്രായത്തിലുള്ള കുട്ടികളുമായി നരകയാതന അനുഭവിക്കുകയാണ് യുവതി. അതേസമയം ഇക്കാര്യങ്ങളെപ്പറ്റി തങ്ങൾക്ക് അറിവില്ല എന്നാണ് ആശുപത്രി ജീവനക്കാരുടെ പ്രതികരണം. രോഗിയുടെ കാര്യത്തിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂ എന്നും കുടുംബ കാര്യങ്ങളെക്കുറിച്ച് അറിവില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം യുവതിയുടെ വൃക്ക മോഷ്ടിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ആരോഗ്യനില ഗുരുതരമായിതുടരുകയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കിഡ്നി നൽകാൻ ഡോണറിനെ ഉടൻതന്നെ ലഭിച്ചാൽ മാത്രമേ ഇവരുടെ ജീവൻ നിലനിർത്താനാവു. ഇതിനായി പലരും മുന്നോട്ടു വന്നെങ്കിലും യോജിച്ച ഡോണറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

English Summary: Bihar: Woman surviving on dialysis after hospital stole kidney on pretext of operating tumor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com