അഫ്ഗാനിൽ സർവകലാശാലകൾ തുറന്നു; പക്ഷേ, പെൺകുട്ടികൾക്കു പ്രവേശനമില്ല!
Mail This Article
താലിബാൻ അധികാരത്തില്‍ എത്തിയതോടെ അഫ്ഗാനിലെ സ്ത്രീകളും െപൺകുട്ടികളും നേരിടുന്നത് വലിയ രീതിയിലുള്ള അസമത്വമാണ്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീകൾക്കു നിഷേധിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. ഇപ്പോൾ ശൈത്യകാല അവധി കഴിഞ്ഞ് അഫ്ഗാനിസ്ഥാനിലെ സർവകലാശാലകൾ വീണ്ടും തുറന്നു. എന്നാൽ പെൺകുട്ടികൾക്കുള്ള വിലക്ക് തുടരുകയാണെന്നാണ് ഏറ്റവും ഖേദകരമായ കാര്യം.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് സ്ത്രീകളുടെ ദുരിതങ്ങൾ തുടങ്ങിയത്. ‘ഇത് വളരെ ഹൃദയഭേദകമാണ്. സർവകലാശാലകൾ തുറന്നിരിക്കുന്നു. ആൺകുട്ടികൾ പഠിക്കാൻ പോകുന്നു. ഞങ്ങൾ വീട്ടിൽ തുടരുകയാണ്.’– 22കാരിയായ റഹേല പറയുന്നു. ‘പെൺകുട്ടികൾക്കെതിരായ ലിംഗ അസമത്വമാണ് ഇത്. കാരണം, ഇസ്‌ലാം ഞങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകിയിട്ടുണ്ട്. അറിവു നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാൻ സാധിക്കില്ല.’– റഹേല വ്യക്തമാക്കി.
താലിബാൻ നിർദേശിച്ച വസ്ത്രം ധരിച്ചു കൊണ്ട് കലാലയങ്ങളിൽ പ്രവേശിക്കാൻ പെൺകുട്ടികൾ തയാറാകാത്തതിനെ തുടർന്നാണ് പെൺകുട്ടികൾക്കു പഠന വിലക്ക് ഏർപ്പെടുത്തിയത്. ക്യാംപസിലും പുറത്തും ആൺസുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്നതിലും താലിബാൻ വിലക്ക് ഏർപ്പെടുത്തി. പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും മാത്രം പെൺകുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നും താലിബാൻ ഉത്തരവിറക്കി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ താത്കാലികമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നായിരുന്നു താലിബാൻ നേതാക്കൾ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഒരുവർഷത്തോളമായി പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. താലിബാൻ അധികാരത്തിലേറിയശേഷം പൊതുയിടങ്ങളിൽ നിന്ന് സ്ത്രീകളെ പൂർണമായി തുടച്ചുനീക്കുകയായിരുന്നു.
English Summary: Afghan universities reopen, but women still barred