അവളെ തീ കൊളുത്തി കൊല്ലൂ, അവർ ആക്രോശിച്ചു: ഇന്ന് ലോകം അറിയുന്ന ലിസി
Mail This Article
17 വയസ്സുള്ള പെൺകുട്ടി, ഒരുപാട് കഠിന കാലങ്ങളോട് പൊരുതി സന്തോഷം വീണ്ടെടുത്തവളാണ്. ഒരിക്കൽ യു ട്യൂബിൽ പാട്ടുകൾ തിരയുന്നതിനിടെ തന്റെ മുഖം പ്രത്യക്ഷപ്പെടുന്ന ഒരു വിഡിയോ അവൾ കാണുന്നു. ‘ലോകത്തെ ഏറ്റവും വിരൂപയായ സ്ത്രീ’ എന്ന വിശേഷണത്തോടെയാണ് ആ വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 40 ലക്ഷത്തോളം പേർ അപ്പോഴേക്കും ആ വിഡിയോ കണ്ടുകഴിഞ്ഞിരുന്നു. ആരാണെങ്കിലും തകർന്നു തരിപ്പണമായിപ്പോകുന്ന അവസ്ഥ. അവളും തകർന്നുപോയി. പക്ഷേ, ഇന്നവൾക്ക് ആ വ്യക്തിയോട് നന്ദിയേ ഉള്ളൂ. കാരണം, ലിസി എന്ന ആ പെൺകുട്ടി ഇന്ന് ലോകമറിയുന്ന മോട്ടിവേഷനൽ സ്പീക്കറാണ്, ആന്റി ബുള്ളീയിങ് ആക്ടിവിസ്റ്റാണ്. തന്നെപ്പോലെ അധിക്ഷേപങ്ങൾക്ക് ഇരയാകുന്ന ആയിരക്കണക്കിന് കുട്ടികൾക്ക്, മുതിർന്നവർക്ക് ലിസി പ്രതീക്ഷയുടെ പ്രകാശം പകരുകയാണ്. ലിസിയുടെ ഭാഷയിൽ ‘ഈ ചെറു ശരീരത്തിൽ അതിസാധാരണ ജീവിതമാണ് ഞാൻ നയിക്കുന്നത്.’
എലിസബത്ത് ആൻ വെലാസ്ക്വെസ് എന്ന ലിസി വെലാസ്ക്വെസ് ജനിച്ചത് 1989 മാർച്ച് 13ന് യുഎസിലെ ടെക്സസിലാണ്. ഒരു കിലോയിൽ അൽപ്പം കൂടുതൽ ഭാരമുള്ള കുഞ്ഞ്. ജീൻ തകരാർ മൂലം നിയോനേറ്റൽ പ്രോജെറോയ്ഡ് സിൻഡ്രോം (Neonatal Progeroid Syndrome) എന്ന ശാരീരികാവസ്ഥയുമായാണ് അവൾ പിറന്നുവീണത്. ഇതിന്റെ അനുബന്ധമായി ലിപ്പോഡിസ്ട്രോഫി (Lipodystrophy), മാർഫൻ സിൻഡ്രോം (Marfan Syndrome) എന്ന മറ്റു രണ്ടു പ്രശ്നങ്ങളുമുണ്ടായി. ശരീരകലകളിൽ കൊഴുപ്പ് തങ്ങിനിൽക്കാത്തതിനാൽ ഭാരം കൂടുകയില്ല എന്നതായിരുന്നു മുഖ്യ പ്രശ്നം. പ്രതിരോധശേഷിക്കുറവ്, കാഴ്ചത്തകരാർ തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായി. ജനിച്ചപ്പോൾ തന്നെ ഒരു കിലോയിൽ അൽപ്പം കൂടുതൽ മാത്രമായിരുന്നു ലിസിയുടെ തൂക്കം. മുതിർന്ന ശേഷമുള്ള ഉയരം 157 സെന്റിമീറ്റർ ആയെങ്കിലും തൂക്കം 29 കിലോയിൽ കൂടിയിട്ടില്ല. ലിസിയുടെ ശാരീരികാവസ്ഥയ്ക്കു കാരണമായ രോഗത്തിന് ഇന്ന് വെലാസ്ക്വെസ് സിൻഡ്രോം എന്നു കൂടി പേരുണ്ട്.
എല്ലാ കുറവുകളോടെയും ലിസിയുടെ അമ്മയച്ഛന്മാരായ റിത – ഗ്വാഡലൂപെ വെലാസ്ക്വെസ് ദമ്പതിമാർ അവളെ ഹൃദയത്തോടു ചേർത്തു, തങ്ങളുടെ ഓമനയായി വളർത്തി. ലിസി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്, കിന്റർഗാർട്ടനിൽ എത്തും വരെ താൻ എല്ലാ കുഞ്ഞുങ്ങളെയും പോലെയാണെന്നാണ് സ്വയം കരുതിയിരുന്നതെന്ന്. കെജി ക്ലാസിൽ എത്തിയതോടെ കഥ മാറി. മറ്റു കുട്ടികൾക്ക് ലിസിയെ കാണുന്നത് തന്നെ ഭയമാണ്. അവളോട് ആരും കൂട്ടുകൂടില്ല. പിന്നീട് സ്കൂൾ ക്ലാസിലും ഇതുതന്നെ പിന്തുടർന്നു. സഹപാഠികളിലും മുതിർന്ന കുട്ടികളിലും നിന്നുള്ള അവഹേളനങ്ങൾ പതിവായി. അവിടെയും ആരും കൂട്ടുകാരായി ഉണ്ടായില്ല. അവൾ സ്വയം വെറുത്തു, കണ്ണാടിയിൽ നോക്കാൻ പോലും മടിച്ചു. ആദ്യമൊന്നും ഈ സങ്കടം ലിസിക്ക് ആരോടും പറയാനായില്ല. പിന്നീട് അവൾ കുടുംബത്തോട് സങ്കടം പങ്കുവച്ചു. അവൾക്ക് ഒരു കുഴപ്പവുമില്ലെന്ന അമ്മയുടെയും അച്ഛന്റെയും ഉറപ്പ് ഒട്ടൊക്കെ അവളുടെ മനസ്സിനെ ശാന്തമാക്കി. പക്ഷേ, ഹൈസ്കൂൾ ക്ലാസിൽ കഥ മാറി. അവൾ സ്വന്തം ശാരീരികാവസ്ഥ കൂടുതൽ മനസ്സിലാക്കി അത് അംഗീകരിച്ചു. കൂട്ടുകാരെ കണ്ടെത്തി, സ്കൂളിലെ ചിയർ ലീഡിങ് ഗ്രൂപ്പിൽ അംഗമായി, സ്കൂൾ ന്യൂസ് പേപ്പറിൽ എഴുതാൻ തുടങ്ങി. അതോടെ സന്തോഷങ്ങൾക്കായി അവളുടെ ജീവിതത്തിൽ മേൽക്കൈ.
2006ൽ ലിസിയുടെ 17–ാം വയസ്സിലാണ് ലോകത്തെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന വിശേഷണത്തോടെയുള്ള യൂ ട്യൂബ് വിഡിയോ പ്രചരിച്ചത്. അതിനു കീഴിൽ വന്ന കമന്റുകൾ വളരെ ക്രൂരമായിരുന്നു, ‘എന്തിനാണ് അച്ഛനമ്മമാർ ഇതിനെ സംരക്ഷിക്കുന്നത്’, ‘തീ കൊളുത്തി കൊല്ലൂ’, ‘നിങ്ങളീ ലോകം വിട്ടുപോയാൽ ഇവിടം കൂടുതൽ സുന്ദരമാകും’ എന്നൊക്കെ മനുഷ്യർ ദയയില്ലാതെ എഴുതിയിട്ടു. ഹൈസ്കൂൾ കാലത്ത് തിരികെപ്പിടിച്ച ആത്മവിശ്വാസം അതോടെ ലിസിക്ക് പൂർണമായി നഷ്ടമായി. ആകെ തകർന്നുപോയെങ്കിലും അവൾ തിരികെ പിടിച്ചുകയറി. ആന്റി ബുള്ളീയിങ് (Anti Bullying) സന്ദേശമുൾക്കൊള്ളുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ലോകം മെല്ലെ ലിസിയുടെ വാക്കുകൾ ശ്രദ്ധിച്ചുതുടങ്ങി. ‘എ ബ്രേവ് ഹാർട്ട്: ദ് ലിസി വെലാസ്ക്വെസ് സ്റ്റോറി’ എന്ന ഡോക്യുമെന്ററി അവരുടെ ജീവിതം വരച്ചിട്ടു.
ടെക്സസസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ലിസി അനേകം പുസ്തകങ്ങൾ രചിച്ചു. ലിസി ബ്യൂട്ടിഫുൾ: ദ് ലിസി വെലാസ്ക്വെസ് സ്റ്റോറി, ബീ ബ്യൂട്ടിഫുൾ ബീ യു, ചൂസിങ് ഹാപ്പിനെസ്, ഡെയർ ടു ബീ കൈൻഡ്: ഹൗ എക്സ്ട്രാഓഡിനറി കംപാഷൻ ക്യാൻ ട്രാൻസ്ഫോം ഔർ വേൾഡ് എന്നീ പുസ്തകങ്ങളിൽ ലിസി തന്റെ ജീവിതവും ജീവിതാദർശങ്ങളും വരച്ചിടുന്നു. ലിസി നടത്തിയ ടെഡ്എക്സ് പ്രഭാഷണം യു ട്യൂബിൽ 12 ദശലക്ഷം പേർ കണ്ടു. മറ്റു പല പ്രഭാഷണങ്ങളും ലക്ഷക്കണക്കിന് പേരിലേക്കെത്തി. ഫെയ്സ്ബുക്കിൽ 12 ലക്ഷം പേരും ഇൻസ്റ്റഗ്രാമിൽ ഏഴു ലക്ഷത്തോളം പേരുമാണ് ലിസിയെ ഫോളോ ചെയ്യുന്നത്. ഏറ്റവും പ്രചോദനാത്മകമായ വിഡിയോകളുമായി ലിസി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒരിക്കൽ ലിസിയുടെ ജീവിതം മാറ്റിമറിച്ച വിഡിയോ പ്രത്യക്ഷപ്പെട്ട യു ട്യൂബിൽ ലിസി ഇന്ന് വ്ലോഗറാണ്. എട്ടു ലക്ഷത്തിലേറെ പേരാണ് സബ്സ്ക്രൈബേഴ്സ്. സ്കൂളുകളിലും മറ്റും പരിഹാസവും അധിക്ഷേപവും ഭീഷണികളും നേരിടേണ്ടി വരുന്ന കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ലിസി നിരന്തരം സംസാരിക്കുന്നു. അച്ഛനമ്മമാരും സഹോദരങ്ങളായ മറീന, ക്രിസ് എന്നിവർക്കും പ്രിയപ്പെട്ട നായ്ക്കുട്ടികൾക്കുമൊപ്പം സുഹൃത്തുക്കൾക്കിടയിൽ ഏറെ സന്തോഷവതിയായാണ് ലിസി ഇന്ന് ജീവിക്കുന്നത്.
താനൊരു അതിമാനുഷയൊന്നുമല്ലെന്നും മനുഷ്യസഹജമായ വികാരങ്ങളൊക്കെ തനിക്കുമുണ്ടെന്നും ലിസി തുറന്നുപറയാറുണ്ട്. മറ്റുള്ളവരുടെ വിവാഹനിശ്ചയ ചിത്രങ്ങൾ, ഗർഭകാലത്ത് കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്ന (ജെൻഡർ റിവീൽ) ആഘോഷത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം തെല്ല് നോവിക്കുകയും ചെയ്യാറുണ്ടെന്ന് ലിസി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കോളജ് കാലത്ത് ബ്ലേക്ക് എന്നയാളെ പ്രണയിച്ചിരുന്നതായി ലിസി തന്നെ പറഞ്ഞിട്ടുണ്ട്. ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരാളോടും ഒരു വർഷത്തോളം പ്രണയമുണ്ടായിരുന്നു. 2015ൽ ലിസി വിവാഹിതയാകുന്നെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. പക്ഷേ വേഗം തന്നെ അവർ അതു നിഷേധിച്ചു. ആത്മമിത്രമായ റൊമാൻ ആരിസ്പെയുമായി പ്രണയത്തിലാണെന്ന് കഥകൾ പരന്നപ്പോൾ ഇരുവരും ഒന്നിച്ചുവന്ന വിഡിയോയിൽ അത് നിഷേധിച്ചു. തങ്ങൾ ഉറ്റ കൂട്ടുകാരാണെന്ന് തറപ്പിച്ചുപറഞ്ഞു.
അധിക്ഷേപങ്ങൾക്കു നേരെ കണ്ണടയ്ക്കുകയല്ല വേണ്ടതെന്ന് ലിസി നിരന്തരം നമ്മളെ ഓർമിപ്പിക്കുന്നു. ഇന്ന് ലിസിയെ അധിക്ഷേപിച്ചു വരുന്ന വിഡിയോകളും പോസ്റ്റുകളും അവർ തന്നെ ഷെയർ ചെയ്യാറുണ്ട്. അതൊക്കെ അവഗണിച്ചു കളയൂ എന്നു പറയുന്നവരോട് ലിസിക്ക് വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് പറയാനുള്ളത്, ‘അധിക്ഷേപിച്ചു വേദനിപ്പിക്കുന്ന മനുഷ്യരെ അവഗണിച്ചു വിടുന്നത് അവർക്ക് ഗുണകരമല്ല. അവർക്കു കാരുണ്യവും സഹായവും ആവശ്യമുണ്ട്. എങ്കിലേ അവർ മറ്റുള്ളവരെ പിന്നീട് വേദനിപ്പിക്കാതിരിക്കൂ.’ ക്രൂരമായ കമന്റുകളുമായി എത്തുന്നവരോട് ലിസിക്ക് ഒന്നേ പറയാനുള്ളൂ, തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഏതിലെങ്കിലും ഫോളോവറാകാൻ. മറ്റൊരാളെ വേദനിപ്പിക്കാതെ സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വഴികൾ അവിടെ കണ്ടെത്താനാകുമെന്നാണ് ലിസി പറയുന്നത്.
‘നിങ്ങൾ കാഴ്ചയിൽ എങ്ങനെയുമാകട്ടെ. ഈ ലോകത്തിൽ പിറന്നുകഴിഞ്ഞു. വ്യത്യസ്തരായിരിക്കുക എന്നാൽ അതുല്യരായിരിക്കുക എന്നു കൂടി അർഥമുണ്ട്. മുന്നോട്ടു പോകൂ. നിങ്ങളുടെ ജീവിതലക്ഷ്യം കാത്തിരിക്കുന്നുണ്ട്,’ അധിക്ഷേപങ്ങൾ നേരിടുന്ന ഓരോ കുഞ്ഞുങ്ങളോടും ലിസിക്ക് പറയാനുള്ളത് ഇതാണ്. വേദനിക്കുന്നവരെ മാത്രമല്ല, വേദനിപ്പിക്കുന്നവരെയും നന്മയുടെ, നിഷ്കളങ്കമായ ആനന്ദത്തിന്റെ വഴിയേ നടത്തുകയാണ് ലിസി...
English Summary: Lizzie Velasquez, once called the 'world's ugliest woman