ADVERTISEMENT

കണ്ണകിയെപ്പോലെയായിരുന്നു റോസ്‌ലിന്റെ പരിണാമം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും വീട്ടുകാര്യങ്ങളും കടയിലെ തിരക്കുമായി മുന്നോട്ടുപോയ ജീവിതം പൊട്ടെന്നൊരു ദിവസം കീഴ്മേൽ മറഞ്ഞു. ശാന്തമായി നീങ്ങിയ ജീവിതം സമരമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ടു. കിടപ്പാടം നഷ്ടമാകുന്നതിന്റെ വേദനയിൽ നിന്ന്, പോയ വർഷം കേരളം കണ്ട ഏറ്റവും ധീരയായ സമരനായികയായി റോസ്‌ലിൻ ഉയർത്തെഴുന്നേറ്റു. സിൽവർ ലൈൻ സമരത്തിനിടെ നടുറോഡിൽ, എട്ടു വയസ്സുകാരി മകളുടെ കൺമുന്നിൽ  പൊലീസുകാരാൽ വലിച്ചിഴയ്ക്കപ്പെട്ട മാടപ്പള്ളി ഈയ്യാലിൽ തെക്കേതിൽ റോസ്‌ലിൻ ഫിലിപ്പ് വനിതാ ദിനത്തിൽ മനോരമയോട് മനസ്സുതുറക്കുന്നു. 

പെട്ടെന്നൊരു ദിവസം ജീവിതം മാറിമറഞ്ഞു 

ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. സമരം, പൊലീസ് സ്റ്റേഷൻ, കേസ് എന്നതൊക്കെ കേട്ടുകേഴ്‌വി മാത്രമായിരുന്ന ഒരു വീട്ടമ്മയുടെ മുന്നിലേക്ക് പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഇവയെല്ലാം കടന്നുവന്നത്. 2022 മാർച്ച് 17നാണ് സമരത്തിനിടയിൽ നിന്ന് പൊലീസ് എന്നെ ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോയത്. മക്കളും നാട്ടുകാരും നോക്കിനിൽക്കെ അവരെന്നെ വലിച്ചിഴച്ചു. ടാറിട്ട റോഡിലൂടെയുള്ള ഉരച്ചിലിന്റെ നീറ്റലിനും മുകളിലായിരുന്നു ആത്മാഭിമാനത്തിനേറ്റ ക്ഷതം. വസ്ത്രങ്ങൾ നേരെയാക്കാൻ പോലും അവരെന്നെ അനുവദിച്ചില്ല. വനിതാ പൊലീസുകാർക്കും എന്നെ സഹായിക്കാൻ തോന്നിയില്ല. അതുവരെ പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ പേടിയായിരുന്നു. അന്നത്തെ സംഭവം ഉള്ളിലെ ഭയം മാറ്റി. എങ്കിലും പൊതുയിടത്തുവച്ച് കാരണമില്ലാതെ ആക്രമിക്കപ്പെട്ടതിന്റെ നീറ്റൽ അതുപോലെ ഇപ്പോഴുമുണ്ട്. അന്നത്തെ സംഭവങ്ങളുടെ വിഡിയോ എല്ലാ ദിവസവും കാണും. ഉള്ളിലെ കനൽ കെട്ടുപോകാതെ ഓരോ ദിവസവും ആളിക്കത്തിക്കുകയാണ്. 

സ്വന്തം വീട്ടിലിരുന്നതിനുംകേസ്! 

പ്രായപൂർത്തിയാകാത്ത മകളെ സമരമുഖത്ത് കൊണ്ടുവന്നു എന്ന പേരിൽ ജെജെ ആക്ട് പ്രകാരമാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ. തൽക്കാലം 20,000 രൂപ നൽകി ജാമ്യം എടുത്തു. സംഭവം നടക്കുമ്പോൾ ഞാനും എന്റെ കുഞ്ഞും ഞങ്ങളുടെ വീട്ടിലായിരുന്നു. മകൾ സോമിയ ആ സമയം ഉറങ്ങുകയായിരുന്നു. ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങളായിട്ട് എവിടെയും പോയതല്ല. വീട്ടിലേക്ക് വന്നു കയറിയുള്ള പരാക്രമത്തിനെതിരെ പ്രതികരിച്ചതിന് ഇതാണോ ശിക്ഷ? ഉറങ്ങിക്കിടന്നിരുന്ന എന്റെ മകൾ എണീറ്റപ്പോൾ അമ്മയെ തിരഞ്ഞുപുറത്തേക്ക് എത്തിയതും തെറ്റാണോ? 

ഒട്ടേറെ വർഷം സൗദിയിൽ നഴ്സ് ആയിരുന്നു ഞാൻ. ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കാൻ മോഹിച്ചാണ് ജോലി കളഞ്ഞ് നാട്ടിലെത്തിയത്. ഭർത്താവിന്റെ അമ്മയും എന്റെ അമ്മയും 3 പെൺമക്കളും ഭർത്താവും അടങ്ങുന്നതാണ് എന്റെ കുടുംബം. അമ്മമാർ 2 പേരും കിടപ്പുരോഗികളാണ്. താമസിക്കുന്ന വീടും തറവാട് വീടും ലോണെടുത്തു നടത്തുന്ന പലചരക്കു കടയും ഉൾപ്പെടെ സ്വന്തമായതെല്ലാം നഷ്ടമായാൽ ഞങ്ങൾ 6 സ്ത്രീകളും തെരുവിലിറങ്ങേണ്ടി വരും. ആ തിരിച്ചറിവിൽ‌ നിന്നാണ് പ്രതിഷേധിക്കാനിറങ്ങിയത്. 

സമര ശേഷമുള്ള ജീവിതം 

സമരകാലത്തിനു ശേഷം കടയിൽ കച്ചവടം കുറഞ്ഞു. അതോടെ സാമ്പത്തികമായി ഞെരുക്കത്തിലായി. അങ്ങനെയാണ് കൃഷി ചെയ്തു ജീവിക്കാമെന്ന തീരുമാനത്തിലെത്തിയത്. 3 വർഷത്തേക്ക് കൈതക്കൃഷിക്കായി സ്ഥലം വിട്ടുനൽകിയാൽ റബർ റീപ്ലാന്റ് ചെയ്തു തരാമെന്നു പറഞ്ഞ് ഒരു കൂട്ടർ ഞങ്ങളെ സമീപിച്ചു. അവർ ജോലി ആരംഭിച്ചപ്പോൾ തന്നെ ചിലർ ‘സമര പ്രദേശമാണ്, കൈത നട്ടാൽ പിഴുതെറിയു’മെന്നു ഭീഷണിപ്പെടുത്തി. അതോടെ അവർ പിന്മാറി. നഷ്ടം വന്നു എന്ന പേരിൽ ഞങ്ങളുടെ പക്കൽ നിന്ന് 40,000 രൂപ അവർ ഈടാക്കി. 

അന്നത്തെ സംഭവങ്ങളുടെ വിഡിയോ പ്രചരിച്ചതോടെ പിന്തുണ അറിയിച്ചും മറ്റും ഒട്ടേറെ ആളുകൾ വിളിക്കുമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഫോൺവിളികളെത്തി. ഞാനൊരു സാധാരണ വീട്ടമ്മയാണ്. എന്നാലും കിടപ്പാടത്തിനായി ഇനിയും പൊരുതും. തെരുവിൽ ഇറങ്ങുന്നതിനെക്കാൾ ഭേദം മരണമാണ്.

***

പിന്നീട് വന്ന പരിസ്ഥിതി ദിനത്തിൽ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ, റോസ്‌ലിന്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റിക്ക് പകരം സമരമരം നട്ടു. ഒരു വർഷം കൊണ്ട് മരം കൂടുതൽ കരുത്തായിട്ടുണ്ട്. അതുവളർന്നു മരമാകട്ടെ, ഒരു തീക്ഷ്ണകാലത്തിന്റെ ഓർമ എന്നും നിലനിൽക്കട്ടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com