അഭിലാഷ് ടോമിയെ മറികടന്ന് ക്രിസ്റ്റന് ന്യൂഷാൻ; ഒറ്റയ്ക്ക് കടലിൽ ലോകം ചുറ്റി തിരിച്ചെത്തി
Mail This Article
235 ദിവസങ്ങള്‍ കടലില്‍ ജീവിച്ച് ചരിത്രത്തിൽ ഇടംനേടുകയാണ് ദക്ഷിണാഫ്രിക്കയുടെ ക്രിസ്റ്റന്‍ ന്യൂഷാഫര്‍ എന്ന 39കാരി. തന്റെ എതിരാളിയായ ഇന്ത്യയുടെ അഭിമാനം നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെക്കാള്‍ ഒരു ദിവസം മുൻപ് ഫിനിഷിങ് ലൈന്‍ കടന്നാണ് ക്രിസ്റ്റന്‍ ചരിത്രം സൃഷ്ടിച്ചത്. 2022ല്‍ ആരംഭിച്ച ക്രിസ്റ്റന്റെ യാത്ര ഏപ്രില്‍ 27നാണ് അവസാനിച്ചത്. 2022 ഗോള്‍ഡന്‍ ഗ്ലോബ് നോണ്‍ സ്‌റ്റോപ്പ് റൗണ്ട് ദി വേള്‍ഡ് എന്ന മത്സരത്തില്‍ വിജയിക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡും ഇതോടെ ക്രിസ്റ്റന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
50,000 രൂപയ്ക്ക് ജീവിക്കാനാകില്ല; യുവതിയുടെ ട്വീറ്റിൽ ചൂടേറിയ ചർച്ച
ഒരു ചെറിയ ഫൈബര്‍ ഗ്ലാസ് ബോട്ടില്‍ സെപ്റ്റംബർ നാലിനാണ് ക്രിസ്റ്റനടക്കമുളള 15 മത്സരാര്‍ത്ഥികള്‍ യാത്ര ആരംഭിച്ചത്. 36 അടിയുളള മിന്നെഹാഹ എന്ന ബോട്ടിലായിരുന്നു ക്രിസ്റ്റന്റെ സഞ്ചാരം. പ്രതികൂലമായ കാലാവസ്ഥയില്‍ 15 മത്സരാര്‍ത്ഥികളില്‍ മൂന്നു പേരൊഴികെയുളളവര്‍ക്ക് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. അതില്‍ ഒരു മത്സരാര്‍ത്ഥി സഞ്ചരിച്ച ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിപോവുകയും ചെയ്തിരുന്നു. മറ്റു പലരുടെയും ബോട്ടുകള്‍ക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. യാത്രക്കിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമുണ്ട്.
ക്രിസ്റ്റനും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ യാത്രയില്‍ അനുഭവിക്കേണ്ടി വന്നു. പലപ്പോഴും കാറ്റില്ലാത്ത സാഹചര്യത്തില്‍ മണിക്കൂറുകളോളം കടലില്‍ നിശ്ചലമായി കഴിയേണ്ടി വന്നു. കടലിന്റെ പ്രവചിക്കാനാവാത്ത സ്വഭാവവും ചില സമയങ്ങളില്‍ ക്രിസ്റ്റന് വെല്ലുവിളിയായി. ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കു ശേഷം ഫ്രാന്‍സിലെ ലെസ് സാബിള്‍സ് ഡി ഒലോണിലെ തുറമുഖത്താണ് ക്രിസ്റ്റന്‍ എത്തിയത്. എത്തിയതിനുശേഷമാണ് താനാണ് മത്സരത്തില്‍ വിജയിച്ചതെന്ന കാര്യം ക്രിസ്റ്റന്‍ അറിയുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് വളരെ വ്യത്യസ്തമായ ഒരു മത്സരമാണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ബോട്ടിന്റെ മത്സരത്തിനിടയിലെ സ്ഥാനം തിരിച്ചറിയാനുളള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളൊന്നും ഉപയോഗിക്കാനുളള അനുവാദമില്ല. പകരം സെലസ്റ്റിയല്‍ നാവിഗേഷനെ മാത്രമെ മത്സരാര്‍ത്ഥികള്‍ ആശ്രയിക്കാന്‍ പാടുളളു. നേരത്തെ 1968ല്‍ ഇതുപോലെ നോണ്‍സ്‌റ്റോപ്പ് റേസിങ് നടന്നിട്ടുണ്ട്. അതിന്റെ ഒരു പുതിയ പതിപ്പായിട്ട് 2018ലാണ് ഇത് പുനരാരംഭിച്ചത്.
കാമുകന്റെ പിതാവുമായി പ്രണയത്തിലായി 20കാരി; ഒടുവിൽ ഒളിച്ചോട്ടം; ഒരുവർഷത്തിനു ശേഷം ട്വിസ്റ്റ്
സാഹസിക സമുദ്രയാത്രകളിലൂടെ പരിചിതനായ ഇന്ത്യയുടെ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ക്രിസ്റ്റന് പിന്നിലെത്തിയത്. ക്രിസ്റ്റനെക്കാള്‍ ഒരു ദിവസം പിന്നിലാണ് അഭിലാഷ് ടോമി മത്സരം പൂര്‍ത്തിയാക്കിയത്. ഓസ്ട്രിയന്‍ നാവികനായ മൈക്കല്‍ ഗുഗന്‍ബര്‍ഗിനാണ് മൂന്നാം സ്ഥാനം.
ക്രിസ്റ്റന്‍ ദി സെയിലര്‍
കുട്ടിക്കാലം മുതല്‍ തന്നെ ക്രിസ്റ്റണ്‍ ബോട്ടും കപ്പലുമെല്ലാം ഓടിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രൊഫഷനായി തിരഞ്ഞെടുക്കുന്നത് 2006ലാണ്. അന്നുമുതല്‍ കപ്പല്‍ ഓടിക്കുന്നതു മുതല്‍ സെയില്‍ബോട്ട് ഡെലിവറിവരെയുളള വൈവിധ്യമാര്‍ന്ന ജോലികള്‍ ക്രിസ്റ്റന്‍ ചെയ്യുന്നു. ക്രിസ്റ്റന്‍ ഒറ്റയ്ക്ക് നടത്തിയ ദീര്‍ഘദൂരത്തേക്കുളള ഡെലിവറി പോര്‍ചുഗലില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു. ഒരു വിന്‍ഡ് വെയ്ന്‍ മാത്രമുളള ഒറ്റയ്ക്ക് തുഴയാവുന്ന 32 അടി ഫെറോ സിമന്റ് സ്ലൂപ്പിലായിരുന്നു ആ യാത്ര. 2015 ല്‍ ദക്ഷിണ ജോര്‍ജിയ, അന്റാര്‍ട്ടിക് പെനിന്‍സുല, പാറ്റഗോണിയ, ഫോക്‌ലാന്‍ഡ്‌സ് തുടങ്ങിയ ഇടങ്ങളിലായി പ്രശസ്ത നാവികന്‍ സ്‌കിപ് നൊവാക് നടത്തിയ പെലാജിക് പര്യവേഷണങ്ങളിലും പങ്കെടുത്തു.
നിരവധി സിനിമകള്‍ക്കു വേണ്ടിയും ക്രിസ്റ്റന്‍ കപ്പലോടിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്ക് ഓഷ്യന്റെ ഭംഗി പകര്‍ത്തിയെടുക്കുന്നതിനായിരുന്നു പലതും. നാഷണല്‍ ജ്യോഗ്രഫിക്കു വേണ്ടി നടത്തിയ 'വൈല്‍ഡ് ലൈഫ് റസറക്ഷന്‍ ഐലന്റ് - വിത്ത് ബെര്‍ടി ഗ്രിഗറി' എന്ന സീരീസിനുവേണ്ടിയും ക്രിസ്റ്റന്‍ കപ്പലോടിച്ചിട്ടുണ്ട്. ബിബിസിയുടെ പല ഡോക്യുമെന്ററികള്‍ക്കായും ക്രിസ്റ്റന്‍ കപ്പലോടിച്ചിട്ടുണ്ട്. കപ്പലോട്ടത്തിനു പുറമെ സാഹസിക സൈക്ലിംങും ക്രിസ്റ്റന് ഇഷ്ട മേഖലയാണ്. യൂറോപ്പില്‍ നിന്ന് തന്റെ നാടായ ദക്ഷിണാഫ്രിക്കയിലേക്ക് സൈക്കിളില്‍ പോയിട്ടുണ്ട് ക്രിസ്റ്റന്‍, അതും വെറും 22 വയസുളളപ്പോള്‍. ഒരു വര്‍ഷത്തോളമെടുത്താണ് 15,000 കിലോമീറ്റര്‍ ദൂരം ആ യാത്രയില്‍ ക്രിസ്റ്റന്‍ സൈക്കിളില്‍ പിന്നിട്ടത്.
English Summary: She went around the world in 235 days to win sailing's most grueling competition