50,000 രൂപയ്ക്ക് ജീവിക്കാനാകില്ല; യുവതിയുടെ ട്വീറ്റിൽ ചൂടേറിയ ചർച്ച
Mail This Article
മെട്രോ പൊളിറ്റൻ സിറ്റികളിൽ ജീവിക്കണമെങ്കിൽ പ്രതിമാസം 50,000 രൂപ ശമ്പളം തികയില്ലെന്ന വാദവുമായി യുവതി. മേധ ഗാന്ധി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നു വന്ന പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. 50,000രൂപ മാസവരുമാനം ലഭിച്ചാൽ മെട്രോ സിറ്റികളിൽ എങ്ങനെയാണ് ജീവിക്കാൻ സാധിക്കുക എന്നാണ് മേധ ചോദിക്കുന്നത്.
‘എന്തുകൊണ്ടാണ് പുതിയ കാലത്ത് ശമ്പളം വളരെ കുറവാകുന്നത്? എങ്ങനെയാണ് ചിലർ മെട്രോസിറ്റികളിൽ അതിജീവിക്കുന്നത്? 50,000 രൂപ ശമ്പളം ലഭിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും സേവിങ്സ് ഉണ്ടാകുമോ? എല്ലാവർക്കും അവരുെട കുടുംബത്തിൽ നിന്ന് പണം വാങ്ങാൻ സാധിക്കുമോ?’– എന്നാണ് മേധ ഗാന്ധി കുറിക്കുന്നത്. മറ്റൊരു ട്വീറ്റിൽ അവർ പറയുന്നത് ഇങ്ങനെയാണ്. ‘മികച്ച ജോലി സാധ്യത ഇല്ലെന്നു തന്നെയാണ് ലഭിക്കുന്ന ഉത്തരം. ആളുകൾ കഴിവുള്ളവരാണ്. മൂന്നു വർഷം കഴിയുമ്പോൾ തന്നെ അവർക്ക് മടുപ്പ് തുടങ്ങും.’– യുവതി വ്യക്തമാക്കുന്നു.
യുവതിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ജീവിതരീതിയെയും മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കും ചിലവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. ‘ജീവിതചിലവും ശമ്പളവും തമ്മിൽ വലിയ ബന്ധമുണ്ട്. ശമ്പളം വർധിക്കുന്നതിന് അനുസരിച്ച് ജീവിതചിലവും വർധിക്കുന്നു.’– എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘എനിക്ക് ഇത് അംഗീകരിക്കാനാകില്ല. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് എന്റെ ശമ്പളം 20000 രൂപയായിരുന്നു. 5000 രൂപ വാടക നൽകും. 5000 രൂപയ്ക്ക് ഭക്ഷണം കഴിക്കും. മറ്റുചിലവുകൾ 2000 രൂപ. 8000 രൂപ ഞാൻ എനിക്കു മിച്ചമുണ്ടാകും. നിങ്ങൾ ചിലവു ചുരുക്കിയാൽ മതി.’– എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Woman says ₹50K monthly is not enough to survive in metro city