മഴയത്ത് ഇറങ്ങിയോടിയ കുട്ടിയെ പിടിക്കാൻ ടീച്ചറിന്റെ നെട്ടോട്ടം; ഓർമകൾ പങ്കുവെച്ച് കമന്റുകൾ
Mail This Article
കുട്ടിക്കാലത്ത് ഓടിക്കളിച്ചതും, വീണതുമെല്ലാം നല്ല അനുഭവങ്ങളാണെങ്കിലും സ്കൂളിലെ ക്ലാസും ടീച്ചർമാരും ഒരു പ്രത്യേക ഓർമയാണ്. പണ്ട് പഠിപ്പിച്ച ടീച്ചർമാരിൽ ഒരാളുടെയെങ്കിലും മുഖം ഇപ്പോഴും ഓർമയിൽ ഉണ്ടാവും. എന്നാൽ ടീച്ചർമാരെ കഷ്ടപ്പെടുത്തിയതും, അവരെ വട്ടം ചുറ്റിച്ചതും ഓർത്തെടുക്കാൻ പറ്റിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സ്കൂൾ തുറന്നതോടെ അധ്യാപകരും കുട്ടികളും ഇപ്പോൾ ക്ലാസ്മുറികളിൽ പഠിക്കലും പഠിപ്പിക്കലുമൊക്കെയായി തിരക്കിലാണ്. സ്കൂൾ തുറക്കുമ്പോഴുള്ള മഴ ഇത്തവണയും മറക്കാതെ എത്തിയിട്ടുണ്ട്. മഴയത്ത് ക്ലാസിൽ നിന്ന് ഇറങ്ങി ഓടിയ കുറുമ്പനെ പിടിക്കാൻ പുറകേ ഓടുന്ന ടീച്ചർമാരുടെ വിഡിയോയാണ് ഇപ്പോൾ വൈറല്‍. വിഡിയോ കണ്ടാൽ മുഖത്ത് ഒരു ചിരി വരുമെന്ന കാര്യത്തിൽ ഉറപ്പ്. കുടയും പിടിച്ചാണ് മിടുക്കൻ ഇറങ്ങി ഓടിയത്. പക്ഷേ ടീച്ചറിനു കുട എടുക്കാനുള്ള സാവകാശമെന്നും കിട്ടിയില്ല. കുട്ടിക്കു പുറകേ ടീച്ചറും ഓടി. സംഭവം കാണാൻ കുട്ടികളൊക്കെ സ്കൂൾ വരാന്തയിലുണ്ട്. ടീച്ചറുടെ കണ്ണുതെറ്റിയ ഗ്യാപ്പിൽ ചെറുതായി മഴനനഞ്ഞ ഒരു മിടുക്കിയെയും കാണാം. ടീച്ചർമാർക്ക് പ്രത്യേക പരിശീലനം വേണ്ടിവരുമെന്നു കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. 20 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. പഴയകാലം ഓർമ വരുന്നെന്നും കുട്ടികൾ അടിച്ചുപൊളിക്കട്ടെ എന്നുമൊക്കെയാണ് കമന്റുകൾ.
Content Summary: Teacher and Student Viral Video