കേദാർനാഥ് ക്ഷേത്രത്തിനു മുന്നിൽ യുവതിയുടെ പ്രൊപ്പോസല്‍, ശരിയോ തെറ്റോ എന്ന് സോഷ്യൽമീഡിയയിൽ തർക്കം
Mail This Article
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നയാളെ പ്രൊപ്പോസ് ചെയ്യുന്നത് ലോകത്തെങ്ങും നടക്കുന്ന കാര്യമാണ്. ടൂറിസ്റ്റ് സ്പോട്ടുകളിലും പാർട്ടികളിലും പങ്കാളിയെ ഞെട്ടിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ രംഗങ്ങൾ ധാരാളമായി സോഷ്യൽമീഡിയയിൽ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെ ഈ വെറൈറ്റി പ്രൊപ്പോസൽ വെറലാവുകയാണ്. അതിനു രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്, ഒരു സ്ത്രീയാണ് പുരുഷനെ പ്രൊപ്പോസ് ചെയ്തത്. അതില്‍ യാതൊരു പ്രത്യേകതയും ഇല്ലെങ്കിലും ഇന്ത്യക്കാർക്ക് ഇതത്ര പരിചയമുള്ളതല്ല, അതുകൊണ്ടുതന്നെ പലർക്കും പുതുമ തോന്നിയെന്നാണ് സമൂഹമാധ്യമത്തിൽ അഭിപ്രായങ്ങൾ. രണ്ട്. പ്രൊപ്പോസൽ നടന്ന സ്ഥലം. വിനോദസഞ്ചാര കേന്ദ്രങ്ങളോ, പാർക്കോ പാർട്ടികളോ ഒന്നുമല്ല യുവതി പ്രൊപ്പോസലിനായ് തിരഞ്ഞെടുത്തത്, മറിച്ച് കേദാർനാഥ ക്ഷേത്രമായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇരുവരും പ്രാർഥിക്കുകയും ശേഷം പെൺകുട്ടി മുട്ടുകുത്തിനിന്ന് ബോയ്ഫ്രണ്ടിനെ മോതിരം അണിയിക്കുകയുമായിരുന്നു. പക്ഷേ ഈ പ്രൊപ്പോസൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.
പുണ്യസ്ഥലങ്ങളിൽ മൊബൈൽ ഫോൺ നിയന്ത്രണം വേണമെന്നും, അങ്ങനെ ചെയ്താൽതന്നെ വലിയ ആൾക്കൂട്ടങ്ങൾ കുറയുമെന്നും എഴുതിയ കുറിപ്പനോടൊപ്പമാണ് വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
Read also: ‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’
ഭക്തർ ആരാധനയോടെ മാത്രം സന്ദർശിക്കുന്ന ഈ സ്ഥലത്ത് ഇത്തരത്തിലെ പ്രവർത്തികള്‍ ചെയ്തത് വിശ്വാസത്തിനു മേലുള്ള പ്രഹരമായാണ് പലരും കണ്ടത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. വിവാഹം നടക്കുന്നത് ക്ഷേത്രങ്ങളിൽ വച്ചാണല്ലോ, പിന്നെന്താണ് ഇങ്ങനെ ചെയ്താൽ പ്രശ്നമെന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും പ്രൊപ്പോസലും പെണ്ണും ചെക്കനുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായി.
Content Summary: Marriage Proposal in front of Kedarnath Temple, Social Media Reacts