പരീക്ഷയെഴുതുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ ആറ് മാസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിനു കൂട്ടായി പൊലീസും
Mail This Article
ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഒരു അമ്മ പരീക്ഷ എഴുതാനെത്തി. എന്നാൽ കുഞ്ഞിനെ നോക്കാൻ ആരും ഇല്ല. മറ്റാരും വരാൻ കാത്തില്ല, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. പരീക്ഷ തീരുവോളം ആർക്കും ശല്യമുണ്ടാക്കാതെ പൊലീസിനൊപ്പം കുഞ്ഞ് അമ്മയെ കാത്തിരുന്നു. അഹമ്മദാബാദ് പൊലീസാണ് വനിതാ കോൺസ്റ്റബിളിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഗുജറാത്ത് ഹൈക്കോടതിയിലെ പ്യൂൺ പോസ്റ്റിനു വേണ്ടി നടത്തിയ പരീക്ഷയെഴുതാനാണ് അമ്മ എത്തിയത്. മറ്റു മാർഗങ്ങളില്ലാതിരുന്നതിനാൽ കുഞ്ഞിനെയും കൊണ്ടു വന്നു. ഞായറാഴ്ച നടന്ന പരീക്ഷ എഴുതാൻ ഓടിക്കിതച്ചെത്തിയ സ്ത്രീ തന്റെ കരയുന്ന കുഞ്ഞിനെ എന്തു ചെയ്യുമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. മിനുറ്റുകള്‍ക്കുള്ളിൽ പരീക്ഷയും തുടങ്ങും. ഈ കാഴ്ച കണ്ടു നിന്ന ദയാ ബേൻ എന്ന വനിതാ കോൺസ്റ്റബിളിനു മനസ്സിലായി, ഈ വിഷയം താൻ കൈകാര്യം ചെയ്യേണ്ടതാണ്. പിന്നെ മറുത്തൊന്നും ആലോചിച്ചില്ല. അവരുടെ അടുത്തെത്തി കുഞ്ഞിനെ വാങ്ങി, 'നിങ്ങൾ പരീക്ഷയെഴുതിക്കോളു, കുഞ്ഞിനെ ഞാൻ നോക്കാം'. പരീക്ഷ തീരുന്നതുവരെ 'പൊലീസ് ആന്റി'യെ തെട്ടുനോക്കിയും, ഉമ്മ കൊടുത്തും കുഞ്ഞ് ഹാപ്പിയായി ഇരുന്നു.
Read also:ശവകുടീരത്തിൽ അലങ്കാരമായി കഠാരയും ആനക്കൊമ്പും, അകത്തുള്ളത് പുരുഷനല്ല 'അയൺ ലേഡി'യാണ്
ഡ്യൂട്ടിയോടൊപ്പം കുഞ്ഞിനെയും സംരക്ഷിച്ച പൊലീസുകാരിക്ക് അഭിനന്ദനമറിയിക്കുകയാണ് സോഷ്യൽ മീഡിയ. പേരു പോലെ ദയയുള്ള പെരുമാറ്റമെന്നും ഇങ്ങനെയുള്ളവരാണ് നാടിന് അഭിമാനമെന്നും കമന്റുകൾ പറയുന്നു.
Content Summary: Woman Constable takes care of baby while mother attends examination