ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ; ഗിന്നസ് റെക്കോർഡിനു പിന്നിൽ എറിൻ കരഞ്ഞു തീർത്ത ദുരിതക്കഥ
Mail This Article
അമേരിക്കയിലെ മിഷിഗനിൽ നിന്നുള്ള എറിൻ ഹണികട് എന്ന 38കാരി ഒരു ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ എന്ന റെക്കോർഡ് ആണ് എറിൻ നേടിയെടുത്തത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. സപ്ലിമെന്റ്സ് ഒന്നും ഉപയോഗിക്കാതെയാണ് എറിൻ തന്റെ താടി വളർത്തിയെടുത്തത് എന്നു കേൾക്കുമ്പോൾ ആരുമെന്ന് ഞെട്ടും. എന്നാൽ വിചാരിക്കുന്നതു പോലെ രസകരമായ ഒരു കഥയല്ല എറിൻ പറയുന്നത്.
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം അഥവാ പിസിഒഡി കാരണമാണ് എറിന്റെ മുഖത്ത് അമിത രോമവളർച്ച ഉണ്ടായത്. 13–ാം വയസ്സിലാണ് ആദ്യമായി മുഖത്തെ രോമങ്ങൾ കട്ടിയില്‍ വളർന്നത്. ശരീരത്തിലെ ഹോർമോണൽ വ്യതിയാനങ്ങളാണ് കാരണമെങ്കിലും ഒരു കൗമാരക്കാരിക്ക് അത് അംഗീകരിക്കാൻ അത്ര എളുപ്പമായിരുന്നില്ല. എപ്പോഴും ഇതിനെപ്പറ്റിയായിരുന്നു എറിൻ ചിന്തിച്ചത്. ഷേവിങ്, വാക്സിങ്, ഹെയർ റിമൂവൽ ക്രീമുകൾ തുടങ്ങി പല വഴികളും അന്വേഷിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും എറിൻ തന്റെ മുഖം ഷേവ് ചെയ്യുമായിരുന്നു. കൗമാരത്തിലെ ഈ ശീലം യൗവ്വനത്തിലും തുടർന്നു. പിന്നീടുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കടുത്തതോടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. അതിനു ശേഷം മുഖം എന്നും ഷേവ് ചെയ്യുകയെന്നത് ബുദ്ധിമുട്ടും മടുപ്പുമായി മാറി. അതോടെയാണ് എറിൻ താടി വളർത്താമെന്നു തീരുമാനിക്കുന്നത്. ഭാര്യ ജെൻ ആണ് എറിനെ പ്രോത്സാഹിപ്പിച്ചതും പിന്തുണയുമായി കൂടെ നിന്നതും. ഇതിനിടയിലാണ് എറിന് ഒരു വീഴ്ച സംഭവിക്കുന്നത്. തുടർന്നുണ്ടായ ബാക്ടീരിയൽ ഇൻഫക്ഷൻ കാരണം ഒരു കാലിന്റെ പകുതി മുറിച്ചു മാറ്റേണ്ടി വന്നു. പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ജീവിതത്തോടുള്ള എറിന്റെ പോസിറ്റിവ് മനോഭാവമാണ് മുന്നോട്ട് നയിക്കുന്നത്. തന്റെ കരുത്തിന്റെ അടയാളമായാണ് എറിൻ തന്റെ താടിയെ കാണുന്നത്.
Read also: മോശം കമന്റുകൾ ഇട്ടവരോട് എനിക്ക് വഴക്കിടേണ്ടി വന്നില്ല, എല്ലാം നിങ്ങൾ തന്നെ ചെയ്തു': നന്ദി പറഞ്ഞ് നീന
2023 ഫെബ്രുവരി 8നാണ് 75കാരിയായ വിവിയൻ വീലറിന്റെ റെക്കോർഡ് എറിൻ തകർത്തത്. വിവയന്റെ താടിയുടെ നീളം 10.04 ഇഞ്ച് ആയിരുന്നു.
Content Summary: Guinness Record for woman with longest beard