ശരീരം മുഴുവൻ സഹിക്കാനാവാത്ത വേദന, വീൽചെയറിൽ യാത്ര; രോഗത്തെ വെല്ലുവിളിച്ച് യുവതിയുടെ സാഹസം
Mail This Article
ജലസ്പര്‍ശത്താല്‍ പോലും വേദനിക്കുന്ന ശരീരവുമായി ഇംഗ്ലിഷ് ചാനല്‍ നീന്തികടക്കാന്‍ പോവുകയാണ് സോഫി എന്ന യുവതി. ഇംഗ്ലണ്ടിലെ ഗോഡ്മാഞ്ചസ്റ്ററില്‍ കഴിയുന്ന ഈ 31കാരി സ്വന്തം രോഗത്തെ വെല്ലുവിളിച്ചാണ് ഈ സാഹസത്തിന് മുതിരുന്നത്. ഇംഗ്ലീഷ് ചാനല്‍ നീന്തികടക്കുകയെന്ന വെല്ലുവിളി ജീവിതത്തില്‍ പുതിയൊരു വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് സോഫി എതെറിഡ്ജ്.
2011ലാണ് സോഫിക്ക് ഫൈബ്രോമയാള്‍ജിയ എന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അകാരണമായി ശരീരം മുഴുവന്‍ വേദനിക്കുന്ന ഒരു അവസ്ഥയാണത്. ഇരുന്നാലും നിന്നാലും നടന്നാലുമെല്ലാം വേദന. ചെറുപ്പത്തില്‍ മികച്ചൊരു നീന്തല്‍ താരമായിരുന്നു സോഫി. 2011ല്‍ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് നീന്താന്‍ സാധിക്കാതെയായി. ഈ അപകടത്തിനു പിന്നാലെയാണ് ഫൈബ്രൊമയാള്ജിയ എന്ന അവസ്ഥ കൂടി വന്നെത്തുന്നത്.
ശരീരമാസകലം വേദനയില്‍ അമര്ന്നപ്പോള് സോഫിയുടെ സഞ്ചാരംപോലും വീല്‍ചെയറിലായി. പലപ്പോഴും വേദനയില്‍ സമാധാനത്തോടെയുള്ള ഉറക്കം പോലും സാധ്യമല്ലാതായി. സഹിക്കാനാകാത്തതും സ്ഥിരമായുളളവയുമായിരുന്നു ആ വേദനകള്‍. വേദനയെപേടിച്ച് ഇഷ്ടമുളള പലതും സോഫി മാറ്റിവെച്ചു. നീന്തല്‍ സോഫിക്ക് വളരെ പ്രിയമുളളതാണെങ്കിലും ശരീരവേദന ഭയന്ന് അതും തുടരാന്‍ മടിച്ചു.
Read also: പെൺകുട്ടിയുടെ പുറകേ നടക്കുക, അറിയാതെ ഫോട്ടോ എടുക്കുക, സ്നേഹം കൊണ്ടെന്ന് ഡയലോഗും; ഇതാണോ പ്രണയം?
വേദനകള്‍ക്കു പുറമെ വര്‍ഷങ്ങളോളം മാനസികമായ സംഘര്‍ഷങ്ങളും സോഫിക്ക് അനുഭവിക്കേണ്ടിവന്നു. മാനസികസമ്മര്‍ദം താങ്ങാനാവാതെയാണ് വീണ്ടും നീന്തിയാലോ എന്ന ചിന്ത വര്‍ഷങ്ങള്‍ക്കിപ്പുറം സോഫിയില്‍ ഉദിക്കുന്നത്. ഇരുന്നാലും നിന്നാലും നടന്നാലും കിടന്നാല്‍പോലും വേദനയാണ്. ഒന്ന് വെളളംതൊട്ടാലോ നേര്‍ത്ത കാറ്റടിച്ചാലോ വേദന അധികമാവുകയും ചെയ്യും. ഇതിനെ വെല്ലുവിളിക്കുകയല്ലാതെ ജീവിതത്തില്‍ ഇനി മുന്നോട്ടേക്ക് ഒരുവഴിയുമില്ലെന്ന് സോഫി മനസിലാക്കി. അതോടെ നീന്തല്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
നീന്താനുളള തീരുമാനമെടുത്തതിനുശേഷം വെളളത്തിലേക്ക് ഇറങ്ങുന്നത് സോഫിയെ സംബന്ധിച്ച് വലിയ പ്രയാസമുളള കാര്യമായിരുന്നു. അഞ്ചുമിനിറ്റ് നീന്തല്‍കുളത്തിലെ വെളളത്തില്‍ കാല് താഴ്ത്തി വെച്ചപ്പോള്‍ തന്നെ വളരെ വേദനതോന്നിയിരുന്നു സോഫിക്ക്. എന്നാല്‍ നീന്തണം എന്ന ആഗ്രഹത്താല്‍ പതുക്കെ പതുക്കെ വെളളത്തോട് കൂടുതല്‍ അടുത്തു. ഏതാണ്ട് രണ്ടുമാസമെടുത്ത് വേദന സഹിച്ച് പതുക്കെ നീന്താമെന്ന അവസ്ഥയെത്തി. നീന്തുമ്പോള്‍ ശരീരം മൊത്തം നുറുങ്ങുന്ന പോലെ വേദനിക്കുന്നുണ്ട്. എന്നിരുന്നാലും അതിലൂടെ കിട്ടുന്ന മാനസികാനന്ദവും സമാധാനവും വളരെ വലുതാണ്. അതിനാല്‍ വേദനസഹിച്ചും നീന്തല്‍ തുടരണമെന്ന് സോഫി ആഗ്രഹിക്കുന്നു.ഇപ്പോഴും നീന്തുമ്പോള്‍ സോഫിക്ക് കാലുകള്‍ ഉപയോഗിക്കാനാവുന്നില്ല. അതി കഠിനമായ വേദനയെ ഒഴിവാക്കാനായി കൈകള്‍ മാത്രം ഉപയോഗിച്ചാണ് സോഫിയുടെ നീന്തല്‍.
ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ നീന്തല്‍ പോലുളള മത്സരങ്ങളില്‍ പങ്കെടുക്കുന്നത് വളരെ ചുരുക്കമാണ്. ഒറ്റക്ക് നീന്തി മടുത്തപ്പോള്‍ 2021ല്‍ സോഫി ''അഡാപ്റ്റീവ് ആന്റ് ഡിസേബിള്‍ഡ് ഓപ്പണ്‍ വാട്ടര്‍ സ്വിമ്മേര്‍സ് ഗ്രൂപ്പ് '' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചു. ഇപ്പോള്‍ ഏതാണ്ട് ആയിരം പേര് അതില്‍ അംഗങ്ങളായുണ്ട്. അവര്‍ക്കെല്ലാം നീന്തലില്‍ തങ്ങളുടെ പരിമിതികളെ മറിക്കടക്കാനുളള എല്ലാ സഹായങ്ങളും സോഫി നല്‍കുന്നുണ്ട്. 2021ല്‍ എസ്ടിഎ ലെവല്‍-2 ഓപ്പണ്‍ വാട്ടര്‍ കോച്ചിംഗും സോഫി പാസായിട്ടുണ്ട്.
48 കിലോമീറ്റര്‍ ദൂരമുണ്ട് ഇംഗ്ലീഷ് ചാനലിന്. അനുകൂലമായ കാലാവസ്ഥയല്ലെങ്കില്‍ നീന്തല്‍ ദുസഹമായിരിക്കും. എന്നാല്‍ ഇവയെല്ലാം സോഫിയെ സംബന്ധിച്ച് പ്രാഥമിക വെല്ലുവിളികള്‍ മാത്രമാണ്. ഫൈബ്രോമയാള്‍ജിയ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് സോഫിയുടെ ആഗ്രഹം. ഈ നീന്തല്‍ ചാലഞ്ചിലൂടെ തന്നെപോലുളള ആളുകള്‍ക്ക് സഹായമാകുന്ന തരത്തില്‍ നീന്തല്‍ പരിശീലനം നല്‍കുന്നതിനുളള ധനസമാഹരണവും സോഫി എതറിഡ്ജ് ലക്ഷ്യം വെക്കുന്നുണ്ട്.
Content Summary: woman plans solo channel swim with her arms only