മുൻവിധികൾ തിരുത്തുന്ന പൊളിച്ചെഴുത്ത്; സുപ്രീംകോടതിയുടെ ശൈലീപുസ്തകത്തിലേത് വലിയൊരു മാറ്റം
Mail This Article
എല്ലായിടത്തും അടയാളപ്പെടുത്തലുകൾ ആവശ്യമുള്ളത് സ്ത്രീകൾക്കാണ്. ജോലിയുള്ള സ്ത്രീ എന്ന് എല്ലാവരും പറയാറുണ്ട് എന്നാൽ ജോലിയുള്ള പുരുഷൻ എന്നാരും പറയാറില്ല. പുരുഷന് ജോലി അത്യാവശ്യമാണ്, സ്ത്രീകൾക്ക് ജോലി അത്യാവശ്യമില്ല എന്ന വിചാരത്തിൽ നിന്നായിരിക്കണം അങ്ങനെയൊരു സംസാരരീതി ഉണ്ടായത്. എല്ലായിടത്തും സ്ത്രീകളെ അടയാളപ്പെടുത്താൻ ഇത്തരം പ്രത്യേക വാക്കുകൾ ആവശ്യമായി വരുന്നുണ്ട്. ‘ലിംഗ വിവേചനമോ, അത് എന്താണ്?’ എന്ന് നമ്മൾ അദ്ഭുതത്തോടെ ചില സമയങ്ങളിൽ പറയുകയും എന്നാൽ ആവശ്യമുള്ളതും ഇല്ലാത്തതും ആയ എല്ലായിടത്തും സ്ത്രീകളെ പ്രത്യേകം വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തി മാറ്റി നിർത്തുകയും ചെയ്യും.
ഇപ്പോൾ ഇതാ സുപ്രീംകോടതി ശൈലീപുസ്തകത്തിൽ സ്ത്രീകൾക്കു വേണ്ടി ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അത് ആശാവഹമായ കാര്യമാണ്. ജോലിയുള്ള സ്ത്രീ എന്നതിനു പകരം സ്ത്രീ എന്നു മാത്രം മതി. വേശ്യ എന്നതിനു പകരം ലൈംഗികത്തൊഴിലാളി എന്നു മതി. അത്തരം പല മാറ്റങ്ങളാണ് സ്ത്രീകളുമായി ചേർന്നു നിൽക്കുന്ന വാക്കുകൾക്ക് സുപ്രീംകോടതി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇതിന് ഇത്രയും വൈകിയത് എന്നതാണ് ചോദ്യം. നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് ഓട്ടോ ഓടിക്കുന്ന ആ സ്ത്രീ അല്ലെങ്കിൽ ബസ് ഡ്രൈവ് ചെയ്യുന്ന ഒരു സ്ത്രീ എന്നൊക്കെ. ആ ജോലി സ്ത്രീയാണ് ചെയ്യുന്നത് എന്ന് അടയാളപ്പെടുത്താൻ അതിന്റെ കൂടെ ഒരു ‘സ്ത്രീ’യോ അല്ലെങ്കിൽ ജോലിയുടെ പേരോ കൂട്ടിച്ചേർത്തില്ലെങ്കിൽ അത് സ്ത്രീയാണെന്ന് മനസ്സിലാക്കാത്ത പോലെ. എന്താണ് ഇത്തരം അടയാളപ്പെടുത്തലിന്റെ ആവശ്യകത?
Read also: '15–ാം വയസ്സിൽ വീടു വിട്ടിറങ്ങേണ്ടി വരുമെന്നു കരുതിയിരുന്നില്ല, അതെന്നെ ഭയപ്പെടുത്തി': സുഹാന ഖാൻ
പുരുഷന്റെ ഒപ്പമോ അതിന് മുകളിലോ ഏതൊരു ജോലിയും ചെയ്യാൻ പ്രാപ്തിയുള്ള വ്യക്തിയാണ് ഏതൊരു സ്ത്രീയും. അതുകൊണ്ടുതന്നെ അവൾക്ക് പ്രത്യേകമായ അടയാളപ്പെടുത്തലോ വേർതിരിക്കലോ ആവശ്യമില്ല. സ്ത്രീ എന്നാൽ മനുഷ്യനാണ് എന്ന് തിരിച്ചറിവ് മാത്രം മതി. ലിംഗ വിവേചനത്തെക്കുറിച്ച് നമ്മൾ വാതോരാതെ പ്രസംഗിക്കുകയും എന്നാൽ ഇത്തരം വാചകങ്ങൾ പലയിടങ്ങളിലും ഉപയോഗിക്കുകയും ചെയ്യും. സ്ത്രീലിംഗവും പുല്ലിംഗവും സ്ത്രീകളെയും പുരുഷന്മാരെയും മാറ്റിനിർത്തി അടയാളപ്പെടുത്താൻ വേണ്ടി കുറിച്ചിരിക്കുന്നു. സ്ത്രീകൾക്ക് സംവരണം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ. അല്ലാതെ ജോലിയിലോ മറ്റെന്തെങ്കിലും സേവനങ്ങളിലോ സ്ത്രീകൾക്ക് പ്രത്യേകം സംവരണം പറഞ്ഞു വയ്ക്കുന്നില്ല ആരും. എല്ലാവരും ഒരേ രീതിയിൽ ജോലി ചെയ്യുന്നു, പക്ഷേ സ്ത്രീകൾക്ക് മാത്രം വ്യത്യസ്തമായ വേതനം ലഭിക്കുന്നു.
ഒരു കാര്യം സത്യമാണ്, സ്ത്രീയും പുരുഷനും ഒരിക്കലും ഒരേ രീതിയിൽ ഉള്ളവരല്ല. അവർ വ്യത്യസ്തരാണ്. ഒരേ സ്പീഷീസ് എങ്കിൽ പോലും വ്യത്യസ്തമായ ശരീരഘടനകളും ചിന്തകളും ഒക്കെ സൂക്ഷിക്കുന്നവരാണ്. വ്യത്യസ്തത നിലനിൽക്കുമ്പോൾത്തന്നെ രണ്ടു കൂട്ടരും ഹോമോസാപ്പിയൻസ് എന്ന പൊതു വിഭാഗത്തിൽ പെടുന്നുണ്ട്. അതായത് മനുഷ്യർ തന്നെ. ഈ വ്യത്യസ്തത ശരീരത്തിന്റെയോ മനസ്സിന്റെയോ കാര്യത്തിൽ മാത്രമാണ്. പക്ഷേ ആ വ്യത്യസ്തത ഒരിക്കലും ഒരു സമൂഹത്തിൽ പ്രതിഫലിക്കാൻ പാടില്ലാത്തത് ആകുന്നു. കായിക ബലം മാത്രമല്ല പുരുഷനെ അടയാളപ്പെടുത്തുന്നത് എന്നതുപോലെ മാനസിക ബലം മാത്രമല്ല സ്ത്രീകളെ അടയാളപ്പെടുത്തുന്നത്. പരസ്പര പൂരകങ്ങളായി അങ്ങോട്ടുമിങ്ങോട്ടും നിൽക്കുന്നുണ്ട്. ശാരീരിക ബലം കൂടിയ സ്ത്രീകളും മാനസിക ബലം കൂടിയ പുരുഷന്മാരും ഉണ്ട്. ഇതെല്ലാം ഒരു സമതുലനാവസ്ഥയിൽ നിൽക്കുമ്പോഴാണ് ഒരാൾ മനുഷ്യനായി മാറുന്നത്. സത്യത്തിൽ മനുഷ്യനായി മാറുന്നതല്ലേ ഏറ്റവും മനോഹരം?
Read also: ശരീരം മുഴുവൻ സഹിക്കാനാവാത്ത വേദന, വീൽചെയറിൽ യാത്ര; രോഗത്തെ വെല്ലുവിളിച്ച് യുവതിയുടെ സാഹസം
ലിംഗ അസമത്വം ട്രാൻസ് വ്യക്തികളും നേരിടുന്നുണ്ട്. അവർക്ക് വേണ്ടിയും സുപ്രീംകോടതി ശൈലീപുസ്തകത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പൊതുവേ ട്രാന്‍സ് വ്യക്തികളും സ്ത്രീകളും കുട്ടികളും ദുർബലർ എന്ന ഗണത്തിലാണ് പെട്ടിരിക്കുന്നത്. പുരുഷന്മാർ ശക്തിശാലികൾ ആവുകയും ബാക്കിയുള്ളവർ അവർക്ക് താഴെ അടിമകളായി ദുർബലരായി ഒതുങ്ങിക്കൂടി ജീവിക്കുകയും ചെയ്യുക എന്ന് പറയുന്ന ഒരു സാമൂഹിക സ്ഥിതി പണ്ടുമുതലേ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ മാത്രമല്ല ലോകമെമ്പാടും അങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നുണ്ട്. വീടുകളിൽ നിന്നാണ് മാറ്റങ്ങൾ ഉണ്ടാക്കേണ്ടത്. കുഞ്ഞുങ്ങളെ ആണും പെണ്ണും എന്ന് തരംതിരിച്ച് പഠിപ്പിക്കാതെ, കുട്ടിയാണ്, നീ മനുഷ്യനാണ് എന്ന് അവരെ പറഞ്ഞു പഠിപ്പിക്കുകയും ഒരേപോലെ വളർത്തിയെടുക്കുകയും ചെയ്യുക എന്ന് പറയുന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. പക്ഷേ നാളെ ലിംഗ വിവേചനങ്ങൾ ഇല്ലാതാക്കാൻ ഇന്ന് മാതാപിതാക്കൾ ഈ ശ്രമകരമായ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. മാതാപിതാക്കൾ മാത്രമല്ല അധ്യാപകരും സമൂഹവും അവരോട് ചേർന്ന് നിൽക്കുന്ന എല്ലാവരും ആ മാറ്റത്തിൽ പങ്കാളികൾ ആകേണ്ടതുമുണ്ട്.
ആൺകുട്ടികളൊന്നും പെൺകുട്ടികളെന്നോ വേർതിരിച്ചു നിർത്താതെ എല്ലാ ജോലികളും ഒരേപോലെ ഏൽപിച്ചു കൊടുക്കാനും ഉത്തരവാദിത്തങ്ങൾ നടത്തിയെടുക്കാനും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവനും പുരുഷന്റെ ചുമലിൽ അല്ല ഇടേണ്ടത്. അത് തുല്യ പങ്കാളിത്തത്തോടുകൂടി സ്ത്രീയും വഹിക്കേണ്ടതാണ്. കുഞ്ഞിനെ നോക്കുന്നതും അടുക്കള ജോലി ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല. അത് പുരുഷന്മാരും അവരുടെ ജോലിയായി കരുതി ചെയ്യേണ്ടതാണ്.
Read also: പെൺകുട്ടിയുടെ പുറകേ നടക്കുക, അറിയാതെ ഫോട്ടോ എടുക്കുക, സ്നേഹം കൊണ്ടെന്ന് ഡയലോഗും; ഇതാണോ പ്രണയം?
ഈയടുത്ത്, തന്നെ പെണ്ണുകാണാൻ വന്ന ഒരു പയ്യന്റെ വീട്ടുകാർ അത്രയൊന്നും സഹകരണ മനോഭാവം ഉള്ളവരല്ല എന്നു കണ്ട് ആ പെൺകുട്ടി പറഞ്ഞ ഒരു വാചകം ഉണ്ട്: ‘എനിക്കും ജോലിക്കു പോണം, അയാൾക്കും ജോലിക്ക് പോണം. അപ്പോൾ ഞാൻ തന്നെ രാവിലെ എണീറ്റ് ഇതെല്ലാം ഉണ്ടാക്കി അയാൾക്ക് കൊടുത്തയയ്ക്കുക എന്ന് പറയുന്നത് എളുപ്പമല്ല. അതുകൊണ്ട് അമ്മയ്ക്ക് എങ്കിലും ആരോഗ്യം ഉണ്ടായിരിക്കണം.’ അതെ, ഇപ്പോഴും നമ്മുടെ പെൺകുട്ടികൾ അങ്ങനെ ഒരു ചിന്തയിൽനിന്ന് പുറത്തേക്ക് വരാൻ കൂട്ടാക്കിയിട്ടില്ല. സ്ത്രീക്കും പുരുഷനും ജോലി ഉണ്ടെങ്കിൽ ഒന്നിച്ചു തന്നെ കുടുംബത്തിലെ ജോലികളും പുറത്തെ ജോലികളും ചെയ്യണമെന്നും അത് കൂട്ടുത്തരവാദിത്തം ആണെന്നും അവർക്ക് ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നതേയില്ല. വയസ്സായ അമ്മയല്ല, മറിച്ച് ആരോഗ്യമുള്ള പുരുഷനാണ് കൂട്ടുത്തരവാദിത്തത്തോടുകൂടി നിന്ന് ബാക്കി എല്ലാ ജോലിയും ചെയ്യേണ്ടതെന്ന് അവരെ ആരാണ് പഠിപ്പിച്ചു കൊടുക്കേണ്ടത്. ഇതൊന്നും അത്ര എളുപ്പമല്ല. ലിംഗ വിവേചനം എന്നത് ഒരു ചെറിയ വിഷയവും അല്ല. സുപ്രീംകോടതിയുടെ ശൈലീപുസ്തകത്തിലെ മാറ്റം വലിയൊരു മാറ്റം തന്നെയാണ്. ആ മാറ്റം ഓരോ കുടുംബത്തിലും ഓരോ സ്കൂളിലും സമൂഹത്തിൽ ഒന്നാകെ പ്രതിഫലിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വളരെ ഘട്ടം ഘട്ടമായി മാത്രമേ ലിംഗ വിവേചനം ഇല്ലാതാവുകയുള്ളൂ. സ്ത്രീയും പുരുഷനും എന്നത് തന്നെ മാറി മനുഷ്യർ എന്ന് പറയുന്ന ഒരു ഒറ്റ ഗണത്തിലേക്ക് ഹോമോസാപ്പിയൻസിലെ എല്ലാ വിഭാഗങ്ങളെയും കൊണ്ടുവരാൻ ആകണം. അതുതന്നെയല്ലേ ഏകതാനത, അതുതന്നെയല്ലേ മനുഷ്യത്വം, അതുതന്നെയല്ലേ ലിംഗ നീതിയും?
(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)
Content Summary: The Supreme Court's style book changes are a step towards empowering women and advancing gender equality by using gender-neutral language and avoiding sexist and discriminatory terms.