സംസാരിക്കാനാവാതെ 18 വർഷം, ഉറക്കത്തിൽ മരിച്ചുപോകുമോ എന്നു ഭയം; യുവതിക്ക് ശബ്ദം നൽകി ഡിജിറ്റൽ അവതാർ
Mail This Article
മസ്തിഷ്കാഘാതം ബാധിച്ച് തളര്‍ന്ന ഒരാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എളുപ്പമുളള കാര്യമല്ല. അവര്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുമെങ്കിലും ആശയവിനിമയം നടത്താന്‍ അവര്‍ക്ക് സാധ്യമല്ല. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന ആനിന് ഇപ്പോള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ ഒരു പുതിയ ലോകം തന്നെ ലഭിച്ചിരിക്കുകയാണ്. 18 വര്‍ഷത്തോളം പുറത്തു കേള്‍ക്കാതിരുന്ന ആനിന്റെ ശബ്ദം നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ പുറത്തുവരികയായിരുന്നു.
47 വയസുകാരിയായ ആനിന് വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടമായതാണ് തന്റെ ശബ്ദം. മസ്തിഷ്കാഘാതമായിരുന്നു ആനിന്റെ ഈ അവസ്ഥക്കുകാരണമായത്. ശരീരം മൊത്തം തളര്‍ന്നതിനൊപ്പം പേശികളുടെ നിയന്ത്രണവും ആനിന് നഷ്ടമായി. ഒന്ന് ശ്വാസം വലിക്കാന്‍പോലും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലായിരുന്നു ആന്‍. ഒരു ഉച്ചനേരത്ത് ആനിനെ തേടിയെത്തിയ മസ്തിഷ്കാഘാതമെന്ന ഈ ദുരവസ്ഥയുടെ പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
ശരീരം മൊത്തം തളര്‍ന്നതിനുശേഷം പിന്നീടുളള അഞ്ചു വര്‍ഷങ്ങള്‍ ആന്‍ ഉറങ്ങാന്‍ പോലും പേടിച്ചിരുന്നു. ഉറക്കത്തില്‍ താന്‍ മരിച്ചുപോയാലോ എന്നായിരുന്നു ആനിന്റെ വലിയ ഭയം. വര്‍ഷങ്ങളെടുത്ത് ചെയ്ത ഫിസിയോതെറാപ്പിയിലൂടെ പതുക്കെ ആനിന് മുഖത്തെ പേശികള്‍ ചെറുതായി ചലിപ്പിക്കാന്‍ സാധിക്കുന്ന അവസ്ഥയെത്തി. അതോടെ ചിരിക്കാനും കരയാനും ആനിന് സാധിച്ചു. എന്നാല്‍ സംസാരിക്കാനോ ഒരു ശബ്ദമുണ്ടാക്കാനോ അപ്പോഴും സാധ്യമല്ലായിരുന്നു. ഒറ്റദിവസം കൊണ്ട് നഷ്ടമായതെല്ലാം പതുക്കെ തിരികെകിട്ടണമെന്ന ആഗ്രഹവും ആനിന് ശക്തമായി.
കാലിഫോര്‍ണിയയിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് പുതിയ ബ്രെയിന്‍-കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ ആന്‍ തയ്യാറായി. ആദ്യം തലയിലെ ചെറിയ ചലനങ്ങള്‍കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനുളള സാങ്കേതിക വിദ്യ അവര്‍ വിദഗ്ധരുടെ സഹായത്താല്‍ പരീക്ഷിച്ചു. പിന്നീട് മസ്തിഷ്കത്തില്‍ ചില ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുകയും അത് ആനിന്റെ മുഖഭാവത്തിലൂടെയും ചുണ്ടിന്റെ ചലനങ്ങളിലൂടെയും മസ്തിഷ്കത്തില്‍ ഉണ്ടാക്കുന്ന സിഗ്നലുകളെ രേഖപ്പെടുത്തുകയും ചെയ്തു. ഈ സിഗ്നലുകള്‍ ആനിന്റെ ചിന്തകളെ എ.ഐയുടെ സഹായത്താല്‍ ശബ്ദമായി മറ്റുളളവരിലേക്ക് എത്തിക്കുകയായിരുന്നു. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ മിനുട്ടില്‍ ഏതാണ്ട് 80 വാക്കുകള്‍ വരെ ഡീകോഡ് ചെയ്യാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. നിലവില്‍ ആനിന് മിനിറ്റില്‍ 14 വാക്കുകളാണ് നല്കാന് സാധിക്കുന്നത്.
ആനിന്റെ മസ്തിഷ്കത്തിലൂടെ ലഭിക്കുന്ന സിഗ്നലുകളെ ഗവേഷകര്‍ ആദ്യം അക്ഷരങ്ങളിലാക്കി മാറ്റി. പിന്നീട് ആനിന്റെ കല്യാണ വിഡിയോയില്‍ നിന്നുളള അവരുടെ ശബ്ദം ഉപയോഗിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്താല്‍ ഒരു അവതാര്‍ ഉണ്ടാക്കുകയും ചെയ്തു. ആ അവതാര്‍ ആനിന്റെ ശബ്ദത്തില്‍തന്നെ അവരുടെ ചിന്തകളെ ശബ്ദമാക്കി മാറ്റുകയായിരുന്നു. ഇത് ആരോഗ്യ ശാസ്ത്ര മേഖലയിലെ വളരെ മികച്ചൊരു കണ്ടെത്തലായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
വളരെ കഠിനാധ്വാനിയും അര്പ്പണമനോഭാവവുമുളള വ്യക്തിയാണ് ആനെന്നാണ് ഗവേഷകര്‍ക്ക് പറയാനുളളത്. ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും എത്രനേരം വേണമെങ്കിലും ഡോക്ടര്‍മാരുമായി സഹകരിക്കാന്‍ ആന്‍ തയ്യാറാണ്. പക്ഷാഘാതം ബാധിച്ച് കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്ക് തന്റെ ഈ പ്രയത്നം പുതിയ പ്രതീക്ഷയേകുമെന്നാണ് ആന്‍ കരുതുന്നത്.
ആനിനെ പോലെ മസ്തിഷ്കാഘാതം വന്ന് സംസാരം നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണമായ ആശയവിനിമയം സാധ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ചാങ് അറിയിച്ചു. പുത്തന്‍ സാങ്കേതികവിദ്യകള്‍ ആനിനെ പോലുളളവര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചാങ് പറഞ്ഞു.
Content Summary: Paralysed women speaks through AI after 18 years