വിവാഹമോചനങ്ങൾക്കു കാരണം സ്ത്രീകളുടെ വിദ്യാഭ്യാസം, അമിത ആഗ്രഹങ്ങൾ പാടില്ല: വിവാദ പരാമർശവുമായി സിമ തപാരിയ
Mail This Article
നെറ്റ്ഫ്ലിക്സിലെ ഇന്ത്യൻ മാച്ച്മേക്കിങ് എന്ന ഡോക്യുസീരീസിലൂടെ ശ്രദ്ധേയയായ മാര്യേജ് കൺസൾട്ടന്റ് സീമ തപാരിയ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത്. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് വിവാഹമോചനങ്ങളുടെ എണ്ണം വർധിക്കുന്നതിനു പ്രധാന കാരണമാണെന്നാണു സിമ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ആരുടെയും വാക്കിനു വില നൽകുന്നില്ല. ഈ ഈഗോ മൂലമാണ് വിവാഹമോചനങ്ങൾ നടക്കുന്നത് എന്നും സിമ പറഞ്ഞിരുന്നു.
ഇന്ന് ആളുകൾക്ക് ക്ഷമയോ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യാനുള്ള മനസ്സോ ഇല്ല. പ്രത്യേകിച്ച് വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ആരു പറയുന്നതും കേൾക്കാനോ അനുസരിക്കാനോ കൂട്ടാക്കാറില്ല. താൻ ചേർത്തുവച്ച ബന്ധങ്ങൾ ഒന്നുംതന്നെ ഇതുവരെ വിവാഹമോചനത്തിലേയ്ക്ക് എത്തിയിട്ടില്ല എന്നും സിമ പറഞ്ഞു. ഇനി അങ്ങനെയൊന്നു നടന്നാലും അതിനു പിന്നിലെ കാരണം ഇതേ ക്ഷമയില്ലായ്മയും ഈഗോയുമൊക്കെ തന്നെയാവും. ഈ കാരണങ്ങൾ കൊണ്ടാണു പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പരസ്പരം പങ്കുവയ്ക്കുന്നതിന്റെയോ സ്നേഹം പങ്കിടുന്നതിന്റെയോ ഒന്നും മൂല്യം ഇവർ മനസ്സിലാക്കുന്നില്ല എന്നും സിമ കൂട്ടിച്ചേർത്തു.
മറ്റെല്ലാ ബന്ധങ്ങളിലും ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിക്കുന്ന ആളുകൾക്ക് എന്തുകൊണ്ട് വിവാഹ ബന്ധത്തിൽ അത് സാധിക്കുന്നില്ല എന്നതാണ് സിമയുടെ ചോദ്യം. ഫ്ലൈറ്റോ ട്രെയിനോ അല്പം വൈകിയാൽ അത് സഹിക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ വീടിനുള്ളിൽ ഈ അഡ്ജസ്റ്റ്മെന്റിന് തയ്യാറുമല്ല എന്നും അവർ അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്ക് കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു സിമയുടെ മറ്റൊരു പരാമർശം. ഒരു സ്ത്രീയുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ലാത്തതിനാലാണ് താൻ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും അവർ പറഞ്ഞു.
Read also: ജോലിഭാരം കുടുംബ ബന്ധത്തെ ബാധിക്കില്ല: ബാലൻസ് ചെയ്യാൻ ഈ വഴികൾ നോക്കാം
എന്നാൽ മറുവശത്ത് താൻ ഏറെ ആഗ്രഹങ്ങളുള്ള ഒരു വ്യക്തിയായിരുന്നു എന്ന് കൂട്ടിച്ചേർക്കാനും സിമ മറന്നില്ല. പത്തൊമ്പതാം വയസ്സിൽ വിവാഹം ചെയ്തിട്ടും ഈ നിലയിൽ എത്തിയതാണ് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടിയത്. ചില മത വിഭാഗത്തിൽപ്പെടുന്ന ആളുകളെ ക്ലൈന്റായി ഏറ്റെടുക്കില്ല എന്ന പരാമർശവും വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ഉയർച്ചയെ പുരോഗമനപരമായി കാണാത്ത വിവാദ പ്രസ്താവനകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
Read also: ‘എല്ലാം നൽകിയതു വോളിബോള്‍’; കളിക്കളത്തിൽ കിടിലൻ സ്മാഷ് പോലെ കെ.എസ്. ജിനി
Content Summary: Educated women doesnt listen to anyone, ego causes divorce