താമസിക്കാന്‍ വീടെന്തിനാ, ബോട്ടുണ്ടല്ലോ; വാടക കൊടുക്കാൻ കാശില്ല, രണ്ടര വർഷമായി ബോട്ടിൽ ജീവിച്ച് 35കാരി
Mail This Article
മനുഷ്യന് വീട് അത്യവശ്യമാണ്. സ്വന്തമായി ഒരു വീട് വേണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കവുമാണ്. എന്നാൽ കാലം മാറിയപ്പോൾ പലയിടത്തും വാടകയ്ക്കു പോലും വീട് കിട്ടാതെയായി. ഇനി കിട്ടിയാൽ തന്നെ കയ്യിലൊതുങ്ങാത്ത വാടകയും കൊടുക്കണം. അത്തരം ഒരു സ്ഥിതി വന്നപ്പോൾ ലോറ വൂഡ്‌ലി എന്ന 35കാരി ഒരു തീരുമാനമെടുത്തു. ഇനി വീട് വേണ്ട. പകരം ബോട്ടിൽ താമസിക്കാം.
'മെയ് മൂൺ' എന്ന് പേരിട്ടിരിക്കുന്ന നാരോ ബോട്ടിലാണ് ലോറയുടെ ജീവിതം. ഒഴുകി കൊണ്ടിരിക്കുന്ന ബോട്ടിൽ ലോറയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ബോട്ട് വീടാക്കിയ സ്ത്രീയെ അറിയാൻ സോഷ്യൽ മീഡിയയിൽ അനവധി ആളുകളുണ്ട്. ലണ്ടനിൽ താമസിച്ചു വരികയായിരുന്ന ലോറയ്ക്ക് വീട്ടുവാടക കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ആ സമയത്തുതന്നെ ലണ്ടനിലെ പലരും നാരോ ബോട്ടിലും കനാൽ ബോട്ടുകളിലുമൊക്കെയായി ജീവിച്ചിരുന്ന കാര്യം ലോറയ്ക്ക് അറിയാമായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല, ബോട്ട് വാങ്ങാൻ ലോണെടുത്തു. അങ്ങനെ ബോട്ട് സ്വന്തമാക്കി 96 കിലോമീറ്റർ സഞ്ചരിച്ച് ലോറ ലണ്ടനിലെത്തി. ഒരാഴ്ച ബോട്ടിൽ താമസിച്ചപ്പോഴേക്കും കോവിഡ് കാരണം ലോക്ഡൗണ്‍ ആയി. വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു അതെന്നും എന്നിരുന്നാൽകൂടി എല്ലാം മോശമല്ലാത്ത രീതിയിൽ മുന്നോട്ടു പോയെന്നും ലോറ പറയുന്നു. ബോട്ട് വാങ്ങിയ വകയിൽ ഓരോ മാസവും 65,000 രൂപയാണ് അടയ്ക്കാനുള്ളത്. 2025 ആകുന്നതോടെ ലോൺ അടച്ചു തീർക്കണമെന്നാണ് ആഗ്രഹം.
മാസാമാസം ലോണടയ്ക്കുന്നതിനു പുറമേ, ബോട്ടിൽ ജീവിക്കുന്നതിന്റേതായ പണച്ചെലവുകളുമുണ്ട്. കനാലും നദിയും ഉപയോഗിക്കാനുള്ള ബോട്ട് ലൈസൻസിന് മാസം 6000 രൂപ വച്ചാണ് ലോറ അടയ്ക്കേണ്ടത്. പലപ്പോഴും കുളിക്കുന്നതിനും അലക്കുന്നതിനുമെല്ലാം ലോറ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകും. അതിനു കഴിയാത്ത പക്ഷം കാശ് മുടക്കിയാണ് എല്ലാം ചെയ്യേണ്ടി വരുന്നത്.
ടോയ്‌ലറ്റ് വേസ്റ്റ് ഒഴിവാക്കുന്നതിന് എല്ലാ മാസവും 19,000 രൂപ ചിലവാകും. തണുപ്പകറ്റാൻ തീ കത്തിക്കണം, അതിനു വേണ്ട കൽക്കരി, വിറക് എന്നിവയ്ക്കും ഭക്ഷണത്തിനും ലോറയ്ക്ക് കാശ് മുടക്കാതെ വയ്യല്ലോ.
ഒരുപാട് സമയം ഓൺലൈനിൽ ചെലവഴിച്ച്, വിവരങ്ങൾ ശേഖരിച്ചും, വിഡിയോകൾ കണ്ട് മനസ്സിലാക്കിയതിനും ശേഷമാണ് താൻ ബോട്ട് വാങ്ങാൻ തീരുമാനിച്ചതെന്നു ലോറ പറയുന്നു.
കോവിഡ് ലോക്ഡൗൺ സമയത്ത് മാനസിക സംഘർഷം ഭീകരമായിരുന്നെന്നും വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും അകന്നു കഴിയേണ്ടി വന്നുവെന്നും ലോറ. ഒറ്റയ്ക്കു ജീവിക്കുന്നതിലേക്കായി പല കാര്യങ്ങളും ആ സമയത്ത് പഠിക്കാനായതായും അത് തന്റെ കോൺഫിഡൻസ് വര്‍ദ്ധിപ്പിച്ചതായും ലോറ പറയുന്നു. എല്ലാ മാസവും ഇത്രയും കാശ് ചിലവഴിക്കേണ്ടി വരുന്നെങ്കിൽ ഒരു വീട് വാങ്ങുന്നതായിരുന്നു നല്ലത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. താൻ ബോട്ടില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെങ്കിലും എല്ലാവർക്കും ഇത് ആസ്വദിക്കാൻ കഴിയണമെന്നില്ലെന്നും ലോറ ഓർമപ്പെടുത്തുന്നു.
Read also: ഒരുപാട് ഇഷ്ടമെന്നു മെസേജ് അയച്ചു, പെൺകുട്ടിയുടെ മറുപടി 'നോ'; ഇനിയാണ് ട്വിസ്റ്റ്, ഇത് വൈറൽ പ്രേമകഥ
Content Summary: 35 Years old Women Lives in her Boat