'കലക്ടറേ, ഞാൻ ഒരു ഉമ്മ തന്നോട്ടെ?' ഇത് ദിവ്യ എസ്. അയ്യർ മുത്തമിട്ട് ആഘോഷിച്ച നബിദിനം; വൈറലായി വിഡിയോ
Mail This Article
ഇത് വളരെ സന്തോഷം നിറഞ്ഞൊരു നബിദിനമാണ് എന്ന് പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറയാൻ ഒരു കാരണമുണ്ട്. ഒരുപാട് കുഞ്ഞുങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് കലക്ടർ ഈ ദിവസം ആഘോഷിച്ചത്. നബിദിനാഘോഷത്തിന് എത്തിയ കുട്ടികൾക്കൊപ്പം നിൽക്കുന്നതിന് ഇടയിലാണ് തൊട്ടടുത്ത നിന്ന മിടുക്കി കലക്ടറോടു രഹസ്യമായി ഒരു കാര്യം ചോദിച്ചത്, ഞാൻ ഒരു ഉമ്മ തന്നോട്ടെ?
സന്തോഷത്തോടെ കുഞ്ഞിന് മുന്നിൽ തല കുനിച്ച കലക്ടറിന് കവിളിലൊരു പൊന്നുമ്മ സമ്മാനം കിട്ടി. തിരികെ ഒരു ഉമ്മ കൊടുക്കാനും കലക്ടർ മറന്നില്ല. ഈ വിഡിയോ സോഷ്യൽ മീഡിയയില്‍ ജനശ്രദ്ധയാകർഷിച്ചു. തന്റെ ജീവിതത്തിലെ വളരെ വ്യത്യസ്തമയൊരു അനുഭവമായിരുന്നു ഇതെന്ന് ദിവ്യ എസ് അയ്യർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
'പത്തനംതിട്ട ജമാഅത്തിൽ നബിദിന ആഘോഷത്തിനിടയിലാണ് സന്തോഷം തോന്നിയ ഈ സംഭവം നടന്നത്. ജില്ലാ കലക്ടറുടെ വീട് നിർമിക്കുന്നത് ആ ചുറ്റുവട്ടത്തായിരുന്നു. ഉടൻ എന്റെ അയൽവാസികളാകാൻ പോകുന്ന കുഞ്ഞുങ്ങളാണ് എന്ന് സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞിരുന്നു. അതിന്റെ ഒരു സന്തോഷം കൂടി കുഞ്ഞുങ്ങൾക്ക് ഉണ്ടായിരുന്നു. സാധാരണ വേദിയിൽനിന്ന് ഇറങ്ങുമ്പോൾ ഫോട്ടോ, സെൽഫി, ഓട്ടോഗ്രാഫ്, എന്നിവയാണ് ചോദിക്കാറ്, എന്നാൽ ഈ കുട്ടികൾ മാം ഞങ്ങൾക്ക് ഒരുമ്മ തരാമോ എന്നാണ് ചോദിച്ചത്'. അങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊക്കെ ഉമ്മ നൽകിയാണ് കലക്ടർ മടങ്ങിയത്. ഇതിനിടയിലാണ് ഇനി കലക്ടർക്കും കൂടിയൊരു ഉമ്മ ഇരിക്കട്ടെ എന്ന് ഈ കൊച്ചു മിടുക്കി കരുതിയത്. എന്തായാലും തീരെ പ്രതീക്ഷിക്കാത്ത ഈ അനുഭവം കാരണം സന്തോഷമായെന്ന് ദിവ്യ എസ് അയ്യർ പറയുന്നു.
ചടങ്ങിൽ മകൻ മൽഹാറിനെയും കലക്ടർ ഒപ്പം കൂട്ടിയിരുന്നു. കുഞ്ഞിനെ കണ്ടപ്പോൾ എല്ലാത്തിനും അവനെയും ഒപ്പം കൂട്ടണം എന്നായി കുട്ടികൾക്കെന്നും കലക്ടർ പറയുന്നു.
Content Summary: Pathanamthitta Collector Dr Divya S Iyer Viral Video of Celebrating Nabidinam With kids