'കൊച്ചുമക്കൾക്ക് ഇനി എന്നെ പറ്റിക്കാനാവില്ല, ഞാൻ എണ്ണാൻ പഠിച്ചു', വൈറലായി 92 വയസ്സുള്ള സ്കൂൾകുട്ടി
Mail This Article
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സാലിമ ഖാൻ എന്ന 92 കാരിക്ക് പഠിക്കാൻ ഏറെ ഇഷ്ടമാണ്. വർഷങ്ങളോളം മനസ്സിലിരുന്ന ആഗ്രഹം ഇപ്പോൾ യാഥാർഥ്യമായി. സാലിമ മുത്തശ്ശി ഇപ്പോൾ സ്കൂളിൽ പോയാണ് പഠിക്കുന്നത്. യൂണിഫോമിട്ട ചെറിയ കുട്ടികളുടെ കൂടെ ക്ലാസിലെ മുൻബെഞ്ചിന്റെ ഒരറ്റത്ത് ഈ മുത്തശ്ശിയും ഇരിക്കും. എന്നിട്ട് ടീച്ചർ പറയുന്നത് നല്ല പോലെ കേട്ട് പഠിക്കും. 'എനിക്ക് പഠിക്കാൻ ഇഷ്ടമാണ്, ഇപ്പോൾ ഞാൻ സ്കൂളില്‍ പോകുന്നുണ്ട്. എനിക്ക് നോട്ടുകൾ എണ്ണാൻ പറ്റും' - മുത്തശ്ശി അഭിമാനത്തോടെ പറയുന്നു.
1931ൽ ജനിച്ച സാലിമ തന്റെ 14–ാം വയസ്സിലാണ് വിവാഹിതയായത്. എഴുതാനും വായിക്കാനും കഴിയണം എന്ന ആഗ്രഹം മനസ്സിലങ്ങനെ നീറി നീറി കിടന്നതല്ലാതെ അതിനുള്ള അവസരം വന്നില്ല. കാരണം ബുലന്ദ്ഷഹറിൽ അന്ന് സ്കൂളില്ലായിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും മക്കളും പേരക്കുട്ടികളുമൊക്കെ സ്കൂളിൽ പോകുമ്പോൾ തനിക്കും പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടെന്ന് ഈ മുത്തശ്ശി പറയുന്നു. ഇപ്പോൾ നവഭാരത് സാക്ഷരതാ മിഷൻ പദ്ധതിയിലൂടെയാണ് ഈ മുത്തശ്ശിയുടെ ആഗ്രഹങ്ങൾക്കു ചിറകുമുളച്ചത്. ഇപ്പോൾ തങ്ങളുടെ 'മുതിർന്ന വിദ്യാർഥി'ക്ക് 100 വരെ എണ്ണാനും സ്വന്തം പേര് എഴുതാൻ കഴിയുമെന്നും അധ്യാപകർ പറയുന്നു.
കൊച്ചുമകന്റെ ഭാര്യയാണ് എന്നും ഈ മുത്തശ്ശിയെ സ്കൂളിലെത്തിക്കുന്നത്. തന്നെക്കാൾ 80ലധികം വയസ്സ് കുറഞ്ഞവരോടൊപ്പമാണ് പഠിത്തം, എന്നാൽ പഠിക്കാനുള്ള ആവേശം മുത്തശ്ശിക്കായിരിക്കും കൂടുതൽ. പ്രായത്തിന്റെ അവശതകൾ സാലിമയ്ക്കുണ്ട്. ഒരാളുടെ സഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ സ്കൂളിൽ പോകാൻ വലിയ ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ രാവിലെ ഉണർന്ന് സ്കൂളിൽ പോകാൻ തയാറാകുമെന്ന് വീട്ടുകാർ പറയുന്നു.
'ആദ്യം കയ്യിൽ ബുക്കും പേനയും കിട്ടിയപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഭയന്നു പോയെങ്കിലും ഒരുപാട് സന്തോഷവും തോന്നി. മുൻപ് കൊച്ചുമക്കൾ കാശിന്റെ കാര്യത്തിൽ എന്നെ പറ്റിക്കുമായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ല. കാരണം ഞാൻ എണ്ണാൻ പഠിച്ചു.' മുത്തശ്ശി പറയുന്നു. സാലിമ പഠിക്കാൻ ആരംഭിച്ചതിനു പിന്നാലെ ഗ്രാമത്തിലെ 25 സ്ത്രീകൾ കൂടി പഠിക്കാനായി മുന്നോട്ടു വന്നു. പഠിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പ്രായം ഒരു തടസ്സമേ അല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് സാലിമ മുത്തശ്ശി. ഇത് എല്ലാവർക്കും പ്രചോദനമാണെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുണ്ട്.
Content Summary: 92 years old woman goes to School