'30 വയസ്സ് ആയാൽ സ്ത്രീകളെ ആന്റി എന്ന് വിളിക്കും, 40 വയസ്സ് കഴിഞ്ഞാലും പുരുഷനെ ആരും അങ്കിളെന്നു വിളിക്കില്ല..'
Mail This Article
അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജ് ആയുമെല്ലാം മലയാളികൾക്ക് പ്രിയങ്കരിയാണ് പ്രിയാമണി. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രിയാമണി മലയാളത്തിൽ അവസാനമായി അഭിനയിച്ചത് 2014ലായിരുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ഷാരൂഷ് ഖാൻ ചിത്രമായ ജവാനിലെ വേഷവും ശ്രദ്ദേയമായി. കരിയറില്‍ നല്ല സമയമെങ്കിലും സോഷ്യൽമീഡിയയിൽ പല തരത്തിലെ കളിയാക്കലുകൾ നേരിടുകയാണ് താരം.
പുരുഷന്മാരെക്കാള്‍ കൂടുതൽ സ്ത്രീകളാണ് പ്രായത്തിന്റെയും രൂപത്തിന്റെയും പേരിൽ കളിയാക്കപ്പെടുന്നതെന്ന് പ്രിയാമണി പറയുന്നു. 'ഒരു പുരുഷന് 40, 50 വയസ്സായാലും നിങ്ങൾക്കു വയസ്സായെന്നു പറയുകയോ അങ്കിൾ എന്ന് വിളിക്കുകയോ ആരും ചെയ്യാറില്ല. എന്നാൽ 30 വയസ്സ് ആകുമ്പോഴേക്കും സ്ത്രീകളെ ആന്റി എന്നാണ് വിളിക്കുന്നത്. കളിയാക്കാനായി ഇങ്ങനെയൊക്കെ പറയുന്ന പലരും നാളെ അവര്‍ക്കും 30 വയസ്സ് കടക്കേണ്ടി വരുമെന്ന് ചിന്തിക്കുന്നില്ല. എനിക്ക് അഭിമാനത്തോടെ പറയാനാകും ഞാനൊരു 39 വയസ്സുള്ള സുന്ദരിയായ സ്ത്രീ ആണെന്ന്. എന്റെ പ്രായത്തിലും ശരീരത്തിലും ഞാന്‍ വളരെ കംഫര്‍ട്ടബിൾ ആണ്. എന്നെ സംബന്ധിച്ച് ഞാൻ ഹോട്ട് ആണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നിയാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ ആരെയും വിളിച്ചിരുത്തി എന്നെ ഇഷ്ടപ്പെടണമെന്ന് പറയില്ല. എന്നെ ഇഷ്ടപ്പെടാതിരിക്കാൻ അവുടേതായ കാരണങ്ങളുണ്ടാകും.' പ്രിയ പറയുന്നു.
ഇപ്പോൾ കമന്റുകൾക്ക് അധികം ശ്രദ്ധ കൊടുക്കാറില്ലെങ്കിലും കുറച്ചു കാലങ്ങൾക്ക് മുൻപ് ഇത്തരം കളിയാക്കലുകൾ തന്നെ വേദനിപ്പിച്ചിരുന്നു. 'ഇവർ എന്നെ ടാർഗറ്റ് ചെയ്യുന്നതെന്തിനെന്നു തോന്നിയിരുന്നു, പിന്നെ ഞാൻ അതിന് പ്രതികരിക്കാതായി. എന്നാല്‍ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നത്'. വിവാഹത്തിന്റെ വാർത്തകൾ വന്ന സമയത്ത് ഒരുപാട് അനുഭവിച്ചുവെന്നും ഇപ്പോൾ അത്രയൊന്നും പ്രശ്നങ്ങളില്ലെന്നും പ്രിയ പറയുന്നു. 'എന്നെ മോശം പറയുന്നതിൽ പ്രശ്നമില്ല, പക്ഷേ ഒന്നും ചെയ്യാത്ത കുടുംബത്തിനെ എന്തിനാണ് ഇതിലേക്ക് കൊണ്ടു വരുന്നത്.' പ്രിയാമണി ചോദിക്കുന്നു.