'കാലങ്ങളായി കഷ്ടപ്പെടുന്നു, സ്ത്രീകൾ ഒരുമിച്ച് നില്‍ക്കണം; പണമല്ല ബഹുമാനമാണ് വേണ്ടത് '
Mail This Article
തൊഴിൽ മേഖലയും കാലഘട്ടവും എത്രതന്നെ പുതിയതോ പഴയതോ ആയാലും പലപ്പോഴും സ്ത്രീകൾക്കാണ് താരതമ്യേന കൂടുതൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. പലപ്പോഴും മറുത്തുപറയാനാവാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.
സ്ത്രീകള്‍ ഒരുമിച്ചു നിൽക്കണമെന്നും കാലങ്ങളായി നമ്മൾ കഷ്ടപ്പെടുകയാണെന്നും സിനിമാ നടിയായ സുഹാസിനി പറയുന്നു. മറ്റുള്ളവരിൽനിന്നും ബഹുമാനം കിട്ടിയാലേ താൻ അഭിനയിക്കുള്ളു എന്നാണ് സുഹാസിനി പറയുന്നത്. 'ചെറിയ വസ്ത്രം ധരിക്കുന്നതോ ബിക്കിനി ധരിക്കുന്നതോ ഒന്നുമല്ല പ്രശ്നം. പണത്തെക്കാൾ ബഹുമാനമാണ് വേണ്ടത്'.
സിനിമകളിൽ ചില രംഗങ്ങൾ ചെയ്യാൻ വിസമ്മതിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം കൂടെ ആരെങ്കിലും തന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നെന്നും സുഹാസിനി പറയുന്നു. 'ഈ പോരാട്ടങ്ങളൊന്നും ഒറ്റയ്ക്കു ജയിക്കാനാവുന്നതായിരുന്നില്ല. പണ്ട് സിനിമാമേഖലയിൽ സ്ത്രീയായാലും പുരുഷനായാലും സംവിധായകൻ പറയുന്ന രീതിയിൽ അഭിനയിക്കുക എന്നല്ലാതെ എതിർക്കാൻ അനുവാദമുണ്ടായിരുന്നില്ല. ചില സീനുകൾ ചെയ്യാൻ സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്'.
'ഒരു സീനീൽ നായകന്റെ മടിയിലിരിക്കണമെന്നു പറഞ്ഞു. ഞാൻ പറ്റില്ലെന്നു പറഞ്ഞു. 1981 കാലഘട്ടത്തിൽ ഇന്ത്യയിലെ ഒരു പാർക്കിൽ അങ്ങനെ ഒരു സ്ത്രീയും പുരുഷന്റെ മടിയിലിരിക്കില്ല. നായകൻ കഴിച്ചതിന്റെ ബാക്കി ഐസ്ക്രീം കഴിക്കുന്ന രംഗമുണ്ടായിരുന്നു. അപ്പോഴും എനിക്ക് ഓക്കെ ആയിരുന്നില്ല. മറ്റൊരു ഐസ്ക്രീം കൊണ്ടു വരാനാണ് ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെ നിരസിക്കാൻ നമുക്ക് പറ്റില്ലെന്നാണ് ഈ പ്രശ്നം കണ്ട് അമ്പരന്നു നിന്ന ഡാൻസ് മാസ്റ്റർ അന്ന് എന്നോട് പറഞ്ഞത്. തീര്‍ച്ചയായും നോ പറയാമെന്നു ഞാനും പറഞ്ഞു. എച്ചിൽ ഞാൻ തൊടില്ലന്ന് പറഞ്ഞു'. സുഹാസിനി പറയുന്നു.
'പിന്നീടൊരിക്കൽ ശോഭന ഒരു രംഗം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സംവിധായകൻ ചോദിച്ചത്, നീ ആരാണെന്നാണ് വിചാരം, സുഹാസിനിയാണോ എന്നാണ്'. അത് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും ഇനിയും കൂടുതൽ സുഹാസിനിമാരും ശോഭനമാരും വേണം എന്നും എബിപി സദേൺ റൈസിങ് സമ്മിറ്റില്‍ സംസാരിക്കവേ സുഹാസിനി പറഞ്ഞു.