മകനെ പഠിപ്പിക്കാൻ അന്യനാട്ടിൽ വീട്ടുജോലി ചെയ്തു, ഒടുവിൽ സ്വപ്നസാക്ഷാത്കാരം, പൊട്ടിക്കരഞ്ഞ് അമ്മ
Mail This Article
തന്റെ നല്ല കാലം മുഴുവൻ മകനു നല്ല വിദ്യാഭ്യാസം കൊടുക്കാൻ വീട്ടുജോലി ചെയ്തൊരു അമ്മ. ആഗ്രഹിച്ചതുപോലൊരു ഭാവി അവനു ലഭിച്ചെന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആഴം എത്രത്തോളം ഉണ്ടാകും, വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് ഉറപ്പ്.
30 വർഷത്തോളമാണ് ഈ അമ്മ ലെബനനിൽ വീട്ടുജോലിക്കാരിയായി ജീവിച്ചത്. ഒടുവിൽ സ്വന്തം നാടായ ഏത്യോപിയയിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറിയതായിരുന്നു അവർ. എന്നാൽ വിമാനത്തിനുള്ളിൽ കാത്തിരുന്നത്, ജീവിതത്തിൽ ഒരുനാളും മറക്കാനാവാത്ത നിമിഷവും.
വിമാനത്തിനകത്ത് കയറിയ അമ്മയുടെ ടിക്കറ്റ് എയർഹോസ്റ്റസ് പരിശാധിക്കുകയും അതിനിടയിൽ മുന്നിലെ കർട്ടൻ നീക്കുകയും ചെയ്തു. അതിനു പുറകിൽ പൈലറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന മകനെക്കണ്ട് അമ്മ പൊട്ടിക്കരഞ്ഞു. വീണ്ടും വീണ്ടും മകനെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കയും ചെയ്ത അമ്മ എല്ലാവർക്കും നന്ദിയും പറഞ്ഞു.
പൂക്കളും കേക്കും ഒക്കെയായി അമ്മയ്ക്ക് വലിയൊരു സർപ്രൈസ് തന്നെയാണ് പൈലറ്റായ മകൻ ഒരുക്കിയത്. മകനു വേണ്ടി കഷ്ടപ്പെട്ട അമ്മയ്ക്ക് ഇതിനുമപ്പുറം ഒരു സമ്മാനവും ലഭിക്കാനില്ലെന്നും വിഡിയോ കണ്ട് കണ്ണ് നിറഞ്ഞെന്നുമാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ.