പലായനം, സന്യാസം, മോഡലിങ്; അതിശയിപ്പിക്കുന്ന ആന്റി ക്ലൈമാക്സുമായി ഒരു ജീവിതം
Mail This Article
ജീവിതം പലപ്പോഴും കാത്തുവയ്ക്കുന്നത് വിചിത്രമായ അനുഭവങ്ങളാണെന്നാണ് ടെൻസിൻ മാരികോ എന്ന ട്രാൻസ് മോഡലിന്റെ വിശ്വാസം. അതിനു കാരണവുമുണ്ട്. അഞ്ചുവർഷം മുമ്പ് പുറത്തുവരികയും വൈറലാകുകയും ചെയ്ത ഒരു വിഡിയോയാണ് ടെൻസിൻ മാരികോയുടെ ജീവിതം മാറ്റിമറിച്ചത്.
മാരികോ അന്ന് ടെൻസിൻ ഉഗേൻ എന്ന ചെറുപ്പക്കാരനാണ്. മാതാപിതാക്കളാണ് ആ പേരിട്ടത്. ടെൻസിൻ പെൺകുട്ടികളേപ്പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതായിരുന്നു വിഡിയോ. ടിബറ്റൻ സമൂഹത്തിൽപെട്ട ടെൻസിൻ ഉൾപ്പെട്ട വിഡിയോ അന്നു വലിയ വിവാദമാകുകയും വിഡിയോയിലുള്ളത് താനല്ലെന്ന് അവർക്കു പരസ്യമായിപ്പറയേണ്ടി വരികയും ചെയ്തു.
പക്ഷേ, ടെൻസിൻ ആന്തരികമായി വലിയ സംഘർഷത്തിലായി. ജനിച്ചതും വളർന്നതും ആൺകുട്ടിയായിട്ടാണെങ്കിലും കുട്ടിക്കാലം മുതലേ ഉള്ളിന്റെ ഉള്ളിലെ സ്ത്രീത്വത്തെ തള്ളിപ്പറയേണ്ടതുണ്ടോ എന്നവർ ചിന്തിച്ചു. ഒടുവിൽ സന്യാസിയായിരുന്ന ടെൻസിൻ ഉഗേൻ, ടെൻസിൻ മാരികോയായി പരസ്യമായും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെൻഡർ. മോഡലിങ്ങിൽ പ്രശസ്തയായതോടെ ആദ്യത്തെ ട്രാൻസ്മോഡൽ. പലായനവും സന്യാസവും ആത്മാന്വേഷണവും നിറഞ്ഞ ജീവിത യാത്രയ്ക്കൊടുവിൽ അതിശയിപ്പിക്കുന്ന ആന്റി ക്ലൈമാക്സ്.
ആറു ആൺമക്കളുള്ള ടിബറ്റൻ കുടുംബത്തിലെ അംഗമായാണ് ടെൻസിൻ ഉഗേൻ ജനിക്കുന്നത്. 1990–കളുടെ തുടക്കത്തിൽ കുടുംബം ഇന്ത്യയിലെത്തി. ഹിമാചൽപ്രദേശിലെ ബിർ എന്ന സ്ഥലത്ത് അഭയം കണ്ടെത്തി താമസമുറപ്പിച്ചു. കുട്ടിക്കാലം മുതൽക്കേ ടെൻസിന് പെൺകുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളോടായിരുന്നു താൽപര്യം. ആണുങ്ങൾ നിറഞ്ഞ ഒരു വീട്ടിൽ പെൺമനസ്സുമായി ഒരു ജീവിതം– ഓർമിക്കുമ്പോൾ താൻ കടന്നുപോയ അഗ്നിപരീക്ഷകൾ ടെൻസിന്റെ മനസ്സിൽ ഇപ്പോഴും നിറയ്ക്കുന്നുണ്ട് വേദനയും അസ്വസ്ഥതയും.
പെണ്ണായി ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി പുറമേ ആൺജീവിതം നടിച്ച് ടെൻസിൻ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ കുടുംബത്തിലെ ആചാരമനുസരിച്ച് സന്യാസിയാകാൻ മഠത്തിലേക്ക്. 9–ാം വയസ്സിലായിരുന്നു ടെൻസിന്റെ മഠപ്രവേശം. സന്യാസിയുടെ വേഷം അണിഞ്ഞ്, പ്രാർഥനാമന്ത്രങ്ങളുമായി ജീവിക്കുമ്പോഴും ടെൻസിനെ കൊതിപ്പിച്ചുകൊണ്ടിരുന്നു പെൺജീവിതം; പെൺമനസ്സ്, പെൺമ.
പെട്ടെന്നൊരു ദിവസം പെണ്ണായി മാറുകയല്ലായിരുന്നു ടെൻസിൻ. തന്റെ ഉള്ളിലെ പെണ്ണിനെ പരസ്യപ്പെടുത്താൻ വൈകിയെന്നു മാത്രം. എത്ര വൈകിയാലും അത് അനിവാര്യമായിരിന്നുതാനും. ഒടുവിൽ ടിബറ്റൻ സമൂഹത്തിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിലൂടെ ടെൻസിന്റെ ഉള്ളിലെ പെണ്ണിനെ പുറംലോകവും തിരിച്ചറിഞ്ഞു. ന്യായീകരണങ്ങളുമായി ഇനിയും ജീവിക്കുന്നതിൽ അർഥമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ടെൻസിൻ ഉഗേൻ, ടെൻസിൻ മാരികോ എന്ന മോഡലായി മാറി; അങ്ങനെ ചരിത്രലാദ്യമായി ടിബറ്റൻ സമൂഹത്തിന് ഒരു ട്രാൻസ്ജെൻഡറിനെ ലഭിച്ചിരിക്കുന്നു. അഴകളവുകൾ ഒത്തിണങ്ങിയ, സ്ത്രൈണതയുടെ ലാവണ്യഭാവം ആവോളമുള്ള യൗവനയുക്തയായ സുന്ദരി.