ADVERTISEMENT

തടി കൂടിയതിന്റെ പേരില്‍ കൗമാരം മുഴുവന്‍ പരിഹാസപാത്രമായ പെണ്‍കുട്ടികൾ സാധാരണയായി വീട്ടിലെ അടുക്കളയില്‍ ഒതുങ്ങിപ്പോകുകയാണ് പതിവ്. പുറത്തേക്കിറങ്ങാന്‍ മടിച്ച്, എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണെന്നും കളിയാക്കുകയാണെന്നും പേടിച്ച് എല്ലാവരെയും ഒഴിവാക്കിയുള്ള ജീവിതം. ആരെയും അറിയാതെയും അറിയപ്പെടാതെയും അഞ്ജന ബാപട് എന്ന മുംൈബക്കാരിയും സ്വന്തം ശരീരത്തെ വെറുത്തും പുച്ഛിച്ചും കാലം കഴിക്കേണ്ടതായിരുന്നു.

എന്നാൽ ഇച്ഛാശക്തിയും ദൃഢനിശ്ചയവും കൊണ്ട് സ്വന്തം വിധി തിരുത്തിക്കുറിച്ചിരിക്കുകയാണ് അഞ്ജന. പരിഹാസപാത്രത്തില്‍നിന്ന് മോഡലിങ്ങിലേക്കും, എല്ലാവരെയും ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന കുട്ടിയില്‍നിന്ന് നടിയിലേക്കും പുറത്തിറങ്ങാന്‍ മടിച്ച യുവതിയിൽ നിന്ന് ഫാഷന്‍ റാംപുകളിലേക്കുമുള്ള അഞ്ജനയുടെ വളര്‍ച്ച ഒരു അതിശയപ്പിക്കുന്ന ഒരു കഥയാണ്; വെറുക്കപ്പെട്ട ശരീരത്തില്‍നിന്ന് ബെല്ലി ഡാന്‍സറിലേക്കുള്ള വളര്‍ച്ച. നമ്മുടെ കാലഘട്ടത്തിന്റെ, വര്‍ത്തമാനകാലത്തിന്റെ ആത്മവിശ്വാസമുള്ള ജീവിതകഥ. 

പരസ്പരം സ്നേഹിക്കുന്ന കുടുംബാന്തരീക്ഷത്തിലാണ് ജനിച്ചതെങ്കിലും ചുറ്റും ബന്ധുക്കളെല്ലാമുണ്ടായിരുന്നെങ്കിലും ഓര്‍മിക്കുമ്പോള്‍ ദുഃഖവും വേദനയുമാണ് അഞ്ജനയുടെ മനസ്സില്‍. എല്ലാത്തിനും കാരണം വണ്ണക്കൂടുതല്‍. തന്റെ പ്രായത്തിലുള്ള മറ്റു പെണ്‍കുട്ടികളെപ്പോലെയല്ല ഇരിക്കുന്നതെന്നതായിരുന്നു അ‍ഞ്ജനയുടെ സങ്കടം. വീട്ടിലായിരിക്കുമ്പോള്‍ ബന്ധുക്കള്‍, പുറത്തിറങ്ങിയാല്‍ കോളനിയിലെ കുട്ടികള്‍, സ്കൂളിലെത്തിയാല്‍ സഹപാഠികള്‍. എവിടെയും കളിയാക്കലുകളും, പരിഹാസവും.

എല്ലാവരില്‍നിന്നും എല്ലാത്തില്‍നിന്നും ഓടിയൊളിക്കാനാണ് അഞ്ജന ആഗ്രഹിച്ചത്. സ്കൂളില്‍ നിന്നു നടത്തിയ ഒരു പിക്നിക് അഞ്ജന ഇപ്പോഴും ഓര്‍മിക്കാന്‍ കാരണം അന്ന് ഏറ്റുവാങ്ങിയ പരിഹാസം ഒന്നുകൊണ്ടു മാത്രമാണ്. ബസില്‍ എല്ലാ കുട്ടികളും ആര്‍ത്തുചിരിക്കുമ്പോള്‍ തന്നെ നോക്കി പരിഹസിച്ച് ഒരു കൂട്ടുകാരന്‍ പാടിയ പാട്ട് ഇന്നും അഞ്ജനയുടെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതുപോലെയാണ് അന്ന് ബസില്‍ ഇരുന്നത്.

പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയുടെ തലേദിവസം ഇപ്പോഴും അഞ്ജന ഓര്‍മിക്കുന്നു. പരീക്ഷയെക്കുറിച്ചുള്ള ടെന്‍ഷനുമായി ഇരിക്കുമ്പോഴാണ് അമ്മാവന്റെ വരവ്. അന്നു മൂന്നുമണിക്കൂര്‍ അദ്ദേഹം വീട്ടിലെ വണ്ണം കൂടിയ കുട്ടിയെ ഉപദേശിച്ചു. ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. എങ്ങനെ മറക്കാന്‍ അന്നത്തെ ദിവസവും ആ വാക്കുകളും. 

ആഹാരം കാണുമ്പോള്‍ തന്നെ പേടിയിയായിരുന്നു അക്കാലത്ത്. ഷോപ്പിങ്ങിനു പോകുന്നത് അതിനേക്കാള്‍ ഭയാനകവും. വിരുന്നുകള്‍ക്കു പോകാനും ഒരു താല്‍പര്യവുമില്ല. കണ്ണാടിയില്‍ നോക്കുമ്പോഴേ കരച്ചില്‍വരും. വീട്ടില്‍ അച്ഛനമ്മമാര്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കണമെന്നൊക്കെ പറയുമായിരുന്നെങ്കില്‍പ്പോലും ഒരിക്കലും കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്തിട്ടില്ലെന്ന് അഞ്ജന ഓർക്കുന്നു. അതായിരുന്നു ഏകആശ്വാസം.

23 വയസ്സു മുതലുള്ള മൂന്നു വര്‍ഷക്കാലം-അക്കാലത്താണ് ഒളിച്ചുജീവിച്ചിരുന്ന ഗുഹ പോലുള്ള ജീവിതത്തില്‍നിന്ന് അഞ്ജന പറത്തേക്കുവരുന്നത്. കാരണമായത് സുഹൃത്ത് പ്രിയങ്ക. പുണെയിലായിരുന്നു പ്രിയങ്കയുടെ വീട്. കൂട്ടുകാരിയും കൂടെയുള്ള യുവതികളും എല്ലാവരെയും അംഗീകരിക്കുന്നവര്‍. ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട കിരീടം അവരവര്‍ക്കുതന്നെ നല്‍കുന്നവര്‍.

'ലോകത്തിന്റെ കാഴ്ചപ്പാടിലല്ല, എന്നെക്കുറിച്ചുള്ള എന്റെ വിചാരങ്ങളാണ് മാറേണ്ടതെന്ന് അവരാണ് എന്നെ പഠിപ്പിച്ചത്. ജീവിതം തന്നെ മാറ്റിമറിച്ച പാഠം'- ജീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ച് അഞ്ജന പറയുന്നു. പ്ലസ് സൈസ് വസ്ത്രങ്ങളിലേക്ക് അഞ്ജന തിരിഞ്ഞു. പ്ലസ്‌സൈസ് മാഗസിനുകളിലേക്കും. ഇതേ സമയത്താണ് പ്ലസ് സൈസ് മോഡലിങ് ഇന്ത്യയില്‍ തുടങ്ങുന്നും. ബെല്ലി ഡാന്‍സിലേക്കും അഞ്ജന തിരിഞ്ഞു. ജിമ്മില്‍ പോകുന്നതു പതിവാക്കി. ഡയറ്റും യോഗയും കൂടെക്കൂട്ടി. അതൊരു മാറ്റത്തിന്റെ കാലമായിരുന്നു. ആ സമയത്തുതന്നെയാണ് ഒരു നാടകത്തിന്റെ ഓഡിഷനെക്കുറിച്ച് കൂട്ടുകാര്‍ പറഞ്ഞ് അറിയുന്നത്. തുടക്കത്തില്‍ മടിച്ചെങ്കിലും പോയി. തിരഞ്ഞെടുക്കപ്പെട്ടു. അഞ്ജനയുടെ ബെല്ലി ഡാന്‍സോടുകൂടിയ നാടകം രണ്ടു വര്‍ഷം തകര്‍ത്തോടി.

ശരീരത്തെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. വണ്ണം കൂടിക്കോട്ടെ. നിറം എന്തുമായിക്കോട്ടെ. സ്വന്തം സൗന്ദര്യത്തെ തിരിച്ചറിയണമെന്ന് ഓരോ പെണ്‍കുട്ടിയോടും പറയാന്‍ ഞാന്‍ ആഗ്രഹിച്ചു- അഞ്ജന പറയുന്നു. 2016- ല്‍ നടന്ന ഓഡിഷനിലും അഞ്ജന വിജയിയായി. തിരഞ്ഞെടുക്കപ്പെട്ട 10 പ്ലസ് സൈസ് മോഡലുകളില്‍ ഒരാള്‍. പിന്നീട് തിരിഞ്ഞുനോക്കിയിട്ടേയില്ല. ഷൂട്ടിങ്ങുകള്‍, പരസ്യചിത്രീകരണങ്ങള്‍, റാംപിലെ നടത്തങ്ങള്‍. റീ മിക്സുകളിലെ റോളുകള്‍... ഒരു മോഡലായി തിളങ്ങുന്ന, പ്രശസ്ത ബെല്ലി ഡാന്‍സറായ അഞ്ജന ഇന്ന് സ്വന്തം ജീവിതത്തില്‍ വിജയിച്ചു എന്നു മാത്രമല്ല, പരിഹാസത്തോടെ സ്വയം നോക്കുന്നവരെ തിരുത്തി, സ്വന്തം കഴിവുകള്‍ പുറത്തെടുക്കാന്‍ സഹായിക്കുന്ന പ്രചോദനം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com