ADVERTISEMENT

പുരുഷന്‍മാര്‍ ജീവിക്കുമ്പോള്‍ സ്ത്രീകള്‍ അതിജീവിക്കുകയാണെന്നു പറയുന്നത് വെറുമൊരു പഴഞ്ചൊല്ലല്ല, സത്യമാണ്. ക്രൂരമായ സത്യം. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന മനുഷ്യരുടെ എണ്ണം എടുത്താല്‍ അവരില്‍ ഭൂരിപക്ഷവും സ്ത്രീകള്‍. പുരുഷന്‍മാരുടെ എണ്ണം വളരെ കുറവ്. ലോകത്തെ എല്ലാരാജ്യങ്ങളിലും ഇതാണു സ്ഥിതി. സന്തോഷമുള്ളവരുടെ രാജ്യമെന്നു വാഴ്ത്തപ്പെടുന്ന ഓസ്ട്രേലിയയില്‍ ഉള്‍പ്പെടെ. 

മറ്റുള്ളവരോടുള്ള പരിഗണനയാണ് സ്ത്രീകളുടെ ജീവിതത്തിന്റെ പ്രേരണാ ശക്തി. എന്നിട്ടും അവരുടെ കാര്യം വരുമ്പോള്‍ പരിഗണിക്കാന്‍ ആരുമില്ലാതെ വരുന്നു. പാവപ്പെട്ടവരുടെ എണ്ണമെടുക്കൂ. ദിവസവും ഒന്നും കഴിക്കാനില്ലാത്തവരുടെ എണ്ണം എടുക്കൂ. ജീവിതം ഒരു വലിയ ചോദ്യചിഹ്നമായവരുടെ എണ്ണമെടുക്കൂ....മുന്നില്‍നില്‍ക്കുന്നതു സ്ത്രീകള്‍ തന്നെ; ഓസ്ട്രേലിയയില്‍ ഉള്‍പ്പെടെ. 

946224516
പ്രതീകാത്മക ചിത്രം

25 ഉം 54 ഉം വയസ്സിനുമിടയുള്ളവരുടെ കണക്കു പരിശോധിച്ചാല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഓസ്ട്രേലിയയില്‍ 72.5 ശതമാനമാണ്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളിലാകട്ടെ 50 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. പാര്‍ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണമാകട്ടെ 45 ശതമാനം. ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഓസ്ട്രേലിയയില്‍ ഭൂരിപക്ഷം കുടുംബങ്ങളും വരുമാനം നേടുന്ന പുരുഷനെ ആശ്രയിച്ചു ജീവിക്കുന്നു എന്ന വസ്തുതയിലേക്കാണ്. കുടുംബം നോക്കുന്നതാകട്ടെ സ്ത്രീകളും.

കുട്ടികളുണ്ടാകുന്നതോടെ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വലിയ വ്യത്യാസം. പുരുഷന്‍മാര്‍ കുടുതലായി സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ നേടുന്ന വരുമാനം കുറയുന്നു. ഇതാണ് ഓസ്ട്രേലിയയിലെ സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന വിവേചനം. കരിയറില്‍ പുരുഷന്‍മാര്‍ ഉയര്‍ച്ചകളിലേക്കു കയറിപ്പോകുന്ന സമയത്ത് സ്ത്രീകള്‍ കുടുംബത്തിനുവേണ്ടി കൂടുതല്‍ സമയം വിനിയോഗിച്ച് കരിയറില്‍ താഴോട്ട് ഇറങ്ങുന്നു. പ്രമോഷനോട് അനുബന്ധിച്ചുള്ള ശമ്പള വര്‍ധനയും ആനുകൂല്യങ്ങളുമെല്ലാം കുട്ടികളെ നോക്കുന്നതിനാല്‍ സ്ത്രീകള്‍ക്കു നഷ്ടപ്പെടുന്നു. കുട്ടികളെ മാത്രമല്ല, വീട്ടില്‍ ഭിന്നശേഷിക്കാരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരുടെ കാര്യം നോക്കുന്നതും സ്ത്രീകള്‍ തന്നെ. വയോധികരുടെ ചുമതലയും സ്ത്രീകള്‍ക്കുതന്നെ.  കുട്ടികളുണ്ടാകുന്നതോടെ ജോലി മതിയാക്കുന്ന സ്ത്രീകളുടെ എണ്ണവും ഓസ്ട്രേലിയയില്‍ കൂടുതലാണ്. 

കുട്ടികളെ സ്കൂളിലോ മറ്റോ സുരക്ഷിതരാക്കിയതിനുശേഷം തിരിച്ചെത്തുമ്പോഴാകട്ടെ സ്ത്രീകള്‍ക്ക് പുതുതായി കരിയര്‍ തുടങ്ങേണ്ടിയും വരുന്നു. ഇത് അവരില്‍ സൃഷ്ടിക്കുന്നതു പല വിധത്തിലുള്ള സമ്മര്‍ദങ്ങള്‍. ചെയ്ത ജോലിക്ക് സ്ത്രീകള്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. 

992020296
പ്രതീകാത്മക ചിത്രം

ശരാശരി ശമ്പളത്തിന്റെ കാര്യത്തിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത് വലിയ വ്യത്യാസം. കുറഞ്ഞ ശമ്പളം മാത്രം സ്ത്രീകള്‍ക്കു ലഭിക്കുമ്പോള്‍ പുരുഷന്‍മാര്‍ നേടുന്നത് ഉയര്‍ന്ന ശമ്പളം. വീട്ടിനുള്ളില്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്‍മാര്‍ കുറഞ്ഞ ജോലി ചെയ്ത് കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നു.  

ജോലി ഇടയ്ക്കിടെ തടസ്സപ്പെടുന്നതുമൂലം സ്ത്രീകള്‍ക്ക് വിരമിക്കുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളും കുറവാണ്. ഇതവരുടെ ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. യഥാര്‍ഥത്തില്‍ കഠിനമായ ജോലികള്‍ ചെയ്യുന്നത് സ്ത്രീകളാണ്. അത് കുടുംബത്തിനുള്ളില്‍ ഒതുങ്ങിപ്പോയി എന്ന കാരണത്താല്‍ അവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. അവര്‍ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മുഴുകി ജീവിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ ജോലി ചെയ്ത പുരുഷന്‍മാര്‍ ഉയര്‍ന്ന ശമ്പളം വാങ്ങി ആഡംബരത്തില്‍ ജീവിക്കുന്നു. പ്രകടമായ ഈ വിവേചനം അവസാനിക്കാതെ സ്ത്രീകളുടെ ദാരിദ്ര്യം അവസാനിപ്പിക്കാനാവില്ല. അവരുടെ കഷ്ടപ്പാടുകള്‍ക്ക് അവസാനം കുറിക്കാനാവില്ല. അവരുടെ കണ്ണുകള്‍ തോരുകയുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com