മുടി അഭിമാനമാണ്,അപമാനമല്ല: ചരിത്രത്തിലിടം പിടിച്ച സുന്ദരികൾ
Mail This Article
ഇതു ചരിത്രം. അമേരിക്കയുടെ ചരിത്രത്തിലെ അത്യപൂര്‍വമായ ചരിത്രപ്പിറവി. ഇതാദ്യമായി ഈ വര്‍ഷത്തെ മൂന്നു സൗന്ദര്യകിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് കറുത്തവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികള്‍.
സെപ്റ്റംബറിലായിരുന്നു തുടക്കം. ഇരുപത്തിയഞ്ചുവയസ്സുകാരി നിയ ഫ്രാങ്ക്ലിന്‍ മിസ് അമേരിക്ക പട്ടം നേടുന്നു. കഴിഞ്ഞയാഴ്ച മിസ് ടീന്‍ യുഎസ്എ ആയത് കൗമാരക്കാരി കലൈ ഗാരിസ്. മിസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടത് ചെസ്‍ലി ക്രിസ്റ്റും. പതിറ്റാണ്ടുകളായി തുടരുന്നതും ഇന്നും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നതുമായ കറുത്തനിരക്കാരോടുള്ള വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ അവിശ്വസനീയവും അദ്ഭുതകരവുമാണ് ഈ കറുത്തനിറക്കാരുടെ സൗന്ദര്യകിരീടധാരണം.
ഒരു ഇരുണ്ടനിറക്കാരി ആദ്യമായി അമേരിക്കയില്‍ ഒരു സൗന്ദര്യകിരീടം നേടുന്നത് 1983 ല്‍. വനേസ വില്യംസ് ആയിരുന്നു അന്ന് ചരിത്രംരചിച്ചത്. പിന്നീട് ഏഴുവര്‍ഷം കാത്തിരിക്കേണ്ടിവന്നു അടുത്ത കിരീടം ഒരു ഇരുണ്ട നിറക്കാരി സ്വന്തമാക്കുന്നത് കാണാൻ. 1990ലായിരുന്നു രണ്ടാമത്തെ ചരിത്ര സംഭവം. ഏറ്റവും പുതിയ തലമുറയിലെ അംഗമാണ് ഞാന്‍. പുരോഗമന സ്വഭാവക്കാരായ, നിറത്തിലും വര്‍ഗത്തിലുമൊന്നും വ്യത്യാസവും വിവേചനവും കാണാത്ത ഏറ്റവും പുതിയ തലമുറയിലെ അംഗം. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതി കൂടിയാണ്-വ്യാഴാഴ്ച മിസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ട ചെസ്‍ലി ക്രിസ്റ്റ് കിരീടം സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞതിങ്ങനെ. അത് അവരുടെ മനസ്സിലെ വാക്കുകള്‍ മാത്രമല്ല, ഒരു തലമുറയുടെ സന്തോഷത്തിന്റെയും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെയും ആഹ്ലാദം കൂടിയാണ്.
നോര്‍ത്ത് കാരലൈനയിൽ നിന്നുള്ള അഭിഭാഷകയാണ് ചെസ്‍ലി ക്രിസ്റ്റ്. തടവുകാര്‍ക്ക് അനധികൃതമായി ലഭിക്കുന്ന തടവുശിക്ഷ കുറയ്ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകയും. മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കാന്‍ പോകുന്നതും ചെസ്‍ലി തന്നെയാണ്.
മിസ് അമേരിക്ക ഫ്രാങ്ക്ലിന്‍ ഓപറ ഗായികയാണ്. ചെസ്‍ലിയും ഗാരിസും സൗന്ദര്യമല്‍സരത്തില്‍ തങ്ങളുടെ മുടി കൃത്രിമ മാര്‍ഗങ്ങളിലൂടെ ഒരുക്കാനും ശ്രമിച്ചിരുന്നില്ല. സ്വാഭാവികതയിലാണ് അവര്‍ വിശ്വസിച്ചത്.
വിശ്വാസം അവര്‍ക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു. മുടി അവര്‍ക്ക് അഭിമാനമാണ്, അപമാനമല്ല. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന കമല ഹാരിസ് കറുത്ത വര്‍ഗ്ഗക്കാരികളുടെ നേട്ടത്തെ അഭിനന്ദിക്കുകയും ഇത് അഭിമാന നിമിഷമാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിയ്ക്കുകയും ചെയ്തു.
1940 വരെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അമേരിക്കയിലെ സൗന്ദര്യമല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല. ആ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ നേട്ടം അതിശയകരം തന്നെയാണ്. നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയിരുന്ന ഒരു ജനസമൂഹം നേടിയെടുത്ത അഭിമാനകിരീടം.