ബഹിരാകാശത്തേക്കു യാത്ര ചെയ്ത ആദ്യത്തെ അമ്മ; ഇത് അന്നയുടെ കഥ
Mail This Article
അന്ന ലീ ഫിഷര്‍ കാത്തിരുന്ന നിമിഷമെത്തിയത് 1983 ലെ ചൂടൂകൂടിയ ഒരു വൈകുന്നേരം. അതിനും അഞ്ചു വര്‍ഷം മുമ്പാണ് അന്ന ഉള്‍പ്പെട്ട അഞ്ചു യുവതികളെ നാസ ബഹിരാകാശ യാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഓഫിസില്‍ വന്നു കാണാന്‍ ബോസ് ആവശ്യപ്പെടുകയായിരുന്നു. നാസയുടെ പരിശീലന പരിപാടിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവിനെയും കൂടെകൂട്ടാന്‍ ബോസ് ആവശ്യപ്പെട്ടു. രണ്ടുപേരോടുമായി ബോസ് പറഞ്ഞു: അന്നയെ അയയ്ക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്.
33 വയസ്സുകാരിയായ അന്ന കാത്തിരുന്നതും ആ നിമിഷത്തിനുവേണ്ടിയാണ്. നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിലെ അംഗമാകുക. പക്ഷേ അപ്പോഴവര്‍ എട്ടരമാസം ഗര്‍ഭിണിയായിരുന്നു. എങ്കിലും നോ എന്നു പറയാന്‍ അന്നയ്ക്കു തോന്നിയില്ല. അങ്ങനെയാണ് ബഹിരാകാശത്തേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ അമ്മയായി അവര്‍ മാറുന്നതും. യാത്രാ സംഘത്തിലേക്ക് തിരഞ്ഞെടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അന്ന കുട്ടിക്കു ജന്മം നൽകി. ക്രിസ്റ്റിന്‍ എന്ന പെണ്‍കുട്ടിക്ക്. ഇന്ന് ഫോക്സ് ന്യൂസിന്റെ കറസ്പോണ്ടന്റാണ് ക്രിസ്റ്റിന്‍. 16 മാസം പ്രായമുള്ള ഒരു കുട്ടിയുടെ അമ്മയും. ഗര്‍ഭിണിയായപ്പോഴും അമ്മയായപ്പോഴുമാണ് ഞാന്‍ അമ്മയുടെ ത്യാഗം മനസ്സിലാക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കേട്ടുകേള്‍വിയില്ലാത്ത സാഹസിക ദൗത്യത്തിന് അമ്മ തയാറായതിനെക്കുറിച്ച്- ക്രിസ്റ്റിന്‍ അന്നയെക്കുറിച്ചുള്ള അഭിമാനത്തോടെ പറയുന്നു.
ഒരു വെള്ളിയാഴ്ചയാണ് അന്ന ക്രിസ്റ്റിനു ജന്‍മം കൊടുക്കുന്നത്. തിങ്കളാഴ്ച തന്നെ അവര്‍ നാസയുടെ ഓഫിസില്‍ ഹാജരായി. അടുത്തുവരുന്ന യാത്രയ്ക്കുവേണ്ടി തയാറെടുക്കാന്‍. ഒരമ്മയാണെങ്കിലും സ്ത്രീയാണെങ്കിലും ആ പരിഗണനയൊന്നും തനിക്ക് ആവശ്യമില്ലെന്ന് ആദ്യംതന്നെ അന്ന സഹപ്രവര്‍ത്തകരായ പുരുഷന്‍മാരോടു പറഞ്ഞിരുന്നു. 1977 ല്‍ എമര്‍ജന്‍സി റൂം ഡോക്ടര്‍മാരായിരുന്നു അന്നയും ഭര്‍ത്താവ് ബില്ലും. നാസയുടെ അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ കുടുംബത്തെെക്കുറിച്ചുള്ള ആഗ്രഹം അന്ന വ്യക്തമാക്കിയിരുന്നു. അമ്മയാകാനുള്ള ആഗ്രഹത്തെക്കുറിച്ചും.
35 പേരെയാണ് ആദ്യം നാസ തിരഞ്ഞെടുത്തത്. ആറു പേര്‍ യുവതികള്‍. അവരില്‍ ഒരാളായിരുന്നു അന്ന. പരിശീലന കാലത്തും സഹപ്രവര്‍ത്തകരായ പുരുഷന്‍മാര്‍ക്കൊപ്പം തുല്യനിലയില്‍ത്തന്നെ അന്നയും കൂട്ടുകാരും പങ്കെടുത്തു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ. വിവേചനമോ പ്രത്യേകതയോ ഇല്ലാതെ.
ബഹിരാകാശ വാഹനത്തിന്റെ മിഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിലായിരുന്നു അന്ന. പ്രധാനപ്പെട്ട ചുമതലയാണത്. വാഹനത്തിന്റെ നിയന്ത്രണവും മറ്റ് അംഗങ്ങളുമായുള്ള ആശയവിനിമയവും നടത്തുന്നയാള്‍. പലപ്പോഴും നീണ്ട ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടിവരും. നവജാശ ശിശുവിന്റെ അമ്മയായ അന്നയ്ക്ക് അത് ബുദ്ധിമുട്ടായിരിക്കും എന്ന് ഓഫിസര്‍മാര്‍ പറഞ്ഞുനോക്കി. പക്ഷേ അന്ന ചെവിക്കൊണ്ടില്ല. വാഹനം അന്തരീക്ഷത്തില്‍ വിജയകരമായി ഉയര്‍ന്നതിനുശേഷം മാത്രമാണ് അന്ന ശുചിമുറിയിലേക്ക് ഓടിയത്; നെഞ്ചില്‍ വിങ്ങിനിന്നിരുന്ന മുലപ്പാല്‍ പമ്പു ചെയ്തു കളയാന്‍.
1984 നവംബറിലായിരുന്നു യാത്ര. അതിന് ആഴ്ചകള്‍ക്കുമുമ്പേ മകള്‍ക്കൊപ്പമുള്ള അനേകം വിഡിയോകള്‍ അന്ന ചിത്രീകരിച്ചിരുന്നു. മകള്‍ക്ക് അവര്‍ ഒരു കത്തും എഴുതി: എനിക്കെന്തെങ്കിലും സംഭവിച്ചാലും നീ ഒരുകാര്യം മനസ്സിലാക്കണം- ഞാന്‍ നിന്നെ വളരെയേറെ സ്നേഹിക്കുന്നു. ഞാനില്ലാതായാലും അച്ഛനും മുത്തശ്ശിയും നിന്നെ നോക്കും. എവിടെയെങ്കിലുമിരുന്ന് ഞാന്‍ നിന്നെ കണ്ടുകൊള്ളാം !.
ഡിസ്കവറി എന്ന ബഹിരാകാശ വാഹനത്തിന്റെ രണ്ടാമത്തെ യാത്ര മാത്രമായിരുന്നു അത്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു. യാത്രാദിവസം അന്നയെ യാത്രയാക്കാന്‍ ബില്‍ എത്തിയിരുന്നു. ക്രിസ്റ്റിന്‍ കയ്യില്‍. സമീപം മുത്തശ്ശിയും. മൂവരും കൂടി കൈ ഉയര്‍ത്തി യാത്ര പറയുമ്പോള്‍ കാല്‍ ഇടറാതെ ഉറച്ച മനസ്സുമായി അന്ന ഡിസ്കവറിയിലേക്ക് കാല്‍ എടുത്തുവച്ചു.
ഏഴു ദിവസവും 23 മണിക്കൂറും. വീടുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. ക്രിസ്റ്റിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കൊണ്ടുവന്ന വോക്മാനില്‍ അന്ന കുട്ടിയുടെ ശബ്ദം കേട്ടുകൊണ്ടിരുന്നു. കുസൃതിച്ചിരികളുടെ കലപില ശബ്ദം. ഒടുവില്‍ സുരക്ഷിതയായി അന്ന ലാന്‍ഡ് ചെയ്തു. രാജ്യത്തിന് അഭിമാനമായി, വീടിനു സന്തോഷമായി. രണ്ടാമത്തെ യാത്രയ്ക്കു മുമ്പാണ് ചലഞ്ചര്‍ വാഹനം അപകടത്തില്‍പെടുന്നതും ഏതാനും സഹപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതും. അതൊന്നും അന്നയുടെ സാഹസിക മനസ്സിന് ഒരു ചാഞ്ചല്യവും ഉണ്ടാക്കിയില്ല.
പിന്നീട് ഏഴുവര്‍ഷം അന്ന അവധിയെടുത്തു. ക്രിസ്റ്റിനെ വളര്‍ത്താന്‍. അക്കാലത്ത് അവര്‍ രണ്ടാമത്തെ പെണ്‍കുട്ടി കാറയ്ക്കും ജന്‍മം കൊടുത്തു. 1996 ല്‍ അന്ന നാസയില്‍ മടങ്ങിയെത്തി- സ്പെയ്സ് സ്റ്റേഷന്‍ ബ്രാഞ്ച് ചീഫ് എന്ന സ്ഥാനത്തേക്ക്. 2017 ല്‍ അന്ന നാസയില്‍ നിന്നു വിരമിച്ചു- 67-ാം വയസ്സില്‍. അതേ വര്‍ഷമാണ് അവര്‍ ഒരു മുത്തശ്ശിയാകുന്നതും. ഇപ്പോള്‍ ക്രിസ്റ്റിന് ഔദ്യോഗിക യാത്രകള്‍ക്കു പോകേണ്ടിവരുമ്പോള്‍ കൊച്ചുമകളെ നോക്കുന്നതാണ് അന്നയുടെ ജോലി. മക്കളെ സ്നേഹിക്കുന്നു ണ്ടെങ്കില്‍, അവര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍ അവരില്‍നിന്ന് അകലെയായിരിക്കുന്നതില്‍ വിഷമിക്കേണ്ടതില്ല...ക്രിസ്റ്റിനോട് അന്ന പറഞ്ഞു. ക്രിസ്റ്റിനോടു മാത്രമല്ല എല്ലാ അമ്മമാരോടുമുള്ള അന്നയുടെ സന്ദേശം.