പാക്ക് അവതാരകയുടെ അമളി തരംഗമായി; ചിരിപ്പിച്ചു കൊല്ലല്ലേ എന്ന് വെർച്വൽ ലോകം
Mail This Article
ഒരു അവതാരകയ്ക്ക് പറ്റിയ ഗംഭീര അബദ്ധം ആഘോഷിക്കുകയാണ് വെർച്വൽ ലോകം. സമ്പദ് വ്യവസ്ഥയെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും ചർച്ച ചെയ്ത ഒരു പരിപാടിയുടെ ദൃശ്യങ്ങളാണ് അവതാരകയ്ക്കു പറ്റിയ അമളി കാരണം സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ചർച്ചക്കെത്തിയ പാനൽ അംഗം ആപ്പിളിനെക്കുറിച്ച് പരാമർശിച്ചപ്പോൾ അത് ആപ്പിൾ ഫോണിനെക്കുറിച്ചാണെന്ന് അവതാരകയ്ക്ക് മനസ്സിലായില്ല. ആപ്പിൾ എന്ന ഫലത്തെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ച് അവതാരക മറുപടി പറഞ്ഞപ്പോൾ താൻ ആപ്പിൾ ഫോണിനെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ കഴിക്കാനുള്ള ആപ്പിളിനെക്കുറിച്ചല്ല എന്ന് പാനൽ അംഗം വ്യക്തമാക്കുന്നു.
അമളി പറ്റിയെന്നു തിരിച്ചറിഞ്ഞപ്പോൾ പൊട്ടിച്ചിരികൊണ്ട് ചമ്മൽ മറയ്ക്കാൻ പാടുപെടുന്ന അവതാരകയുടെ ശ്രമത്തോടെയാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്. '' പാക്കിസ്ഥാനിലെ വാർഷിക ബജറ്റിനേക്കാൾ കൂടുതലാണ് ആപ്പിൾ ബിസിനസ്സ് വരുമാനം'' എന്ന് പാനൽ അംഗം പറഞ്ഞതിനു പിന്നാലെയാണ് ആ പ്രസ്താവന ശരിയാണെന്നും ഒരു ആപ്പിളിനു പോലും ഭയങ്കര വിലയാണെന്നും പറഞ്ഞുകൊണ്ട് പരിപാടിയുടെ അവതാരക ഇടപെട്ടത്.
അവതാരകയുടെ അമളി മനസ്സിലായെങ്കിലും ഒരു പൊട്ടിച്ചിരികൊണ്ടു പോലും അവളെ പരിഹസിക്കാതെ താൻ ആപ്പിൾ ഫോണുകളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊടുക്കയാണ് പാനൽ അംഗം ചെയ്തത്. എന്നാൽ പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ അവതാരകയ്ക്കു പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും അവതാരകയെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തു വരികയും ചെയ്തു. ഇത്രയും ഗൗരവമുള്ള ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ ഇങ്ങനെ മണ്ടത്തരം പറയാൻ പാടുണ്ടോയെന്നാണ് പലരുടെയും ചോദ്യം.