അച്ഛൻ മരിച്ചു, അമ്മ മദ്യപാനി, തെരുവിൽ വളർന്നു; സിനിമാ താരമായി ഒടുവിൽ ട്രാൻസ് പത്രപ്രവർത്തകയും
Mail This Article
അച്ഛൻ കുട്ടിക്കാലത്തേ മരിച്ചു. അച്ഛന്റെ മരണത്തോടെ അമ്മ മദ്യത്തിലഭയം തേടി. മദ്യലഹരിയിൽ എല്ലാവരോടും വഴക്കിടുന്ന അമ്മയോടൊപ്പം ബന്ധുക്കൾ ആ കുട്ടിയെയും വീടിനു പുറത്താക്കി. തെരുവിൽ അലയേണ്ട ഒരു ജന്മത്തിൽ നിന്ന് ഇച്ഛാശക്തികൊണ്ട് അവൾ കരകയറിയത് അഭിനയലോകത്തേക്കാണ്. അവിടം കൊണ്ട് അവസാനിപ്പിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. ഇന്ന് അവൾ അറിയപ്പെടുന്നത് മുംബൈയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പത്രപ്രവർത്തകയായാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ സോയ തന്റെ കഥ പറയുന്നതിങ്ങനെ :-
''10–ാം വയസ്സിലാണ് മറ്റുള്ള ആൺകുട്ടികളെപ്പോലെയല്ല ഞാൻ എന്നെനിക്കു മനസ്സിലായത്. അച്ഛന്റെ മരണത്തോടെ ഞാനും അമ്മയും വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. അമ്മ മദ്യത്തിന് അടിമയായിരുന്നു. മദ്യപിച്ച ശേഷം അമ്മ അക്രമാസക്തയാകുകയും ആളുകളോട് വഴക്കിടുകയും ചെയ്യുമായിരുന്നു. ഇടയ്ക്കിടെ അമ്മയെ കാണാതാകുമായിരുന്നു. അമ്മ തിരിച്ചു വരുമോ എന്നുപോലുമറിയാതെ ഒരുപാടു ദിവസങ്ങൾ കാത്തിരുന്നിട്ടുണ്ട്.
അമ്മയുടെ ഈ സ്വഭാവം കാരണം വീടുകളിൽ നിന്ന് ഞങ്ങൾ എന്നെന്നേക്കുമായി പുറത്താക്കപ്പെട്ടു. പിന്നെ തെരുവും റെയിൽവേ സ്റ്റേഷനും, പാലവുമൊക്കെയായിരുന്നു ഞങ്ങളുടെ വീട്. ജീവിക്കാനായി പണം കണ്ടെത്താൻ ഞാൻ കുറേ ജോലികളൊക്കെ ചെയ്തു. എന്റെ യഥാർഥ വ്യക്തിത്വം വെളിപ്പെടുത്താതെയായിരുന്നു അതൊക്കെ.
എനിക്ക് ബാധയാണെന്നു പറഞ്ഞ് അമ്മ എന്നെ ഒരിക്കൽ ഒരു ദർഗയിൽ കൊണ്ടുപോയി. അവിടെവച്ചാണ് ഞാൻ ആദ്യമായി ഒരു ട്രാൻസ്ജൻഡറിനെ കണ്ടത്. പിന്നീട് ഞാൻ അവളുമായി സൗഹൃദം സ്ഥാപിച്ചു. ഒരു വർഷത്തിനകം അവരുടെ കമ്മ്യൂണിറ്റി എന്നെ അംഗീകരിച്ചു. ഒരിക്കൽ ധൈര്യം സംഭരിച്ച് ഞാൻ അമ്മയോട് എല്ലാം പറഞ്ഞു. അതോടെ അമ്മ എന്നെ ഉപേക്ഷിച്ചു. സുഹൃത്തുക്കളും, കുടുംബക്കാരും, അയൽവാസികളും എന്നെ ഒറ്റപ്പെടുത്തി. ആ വെറുപ്പുകളെ അതിജീവിച്ചുകൊണ്ട് ഞാൻ മുടിവളർത്തി, ലിപ്സ്റ്റിക്കിട്ടു, പെൺകുട്ടികളുടേതു പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു.
ഒരിക്കൽ ട്രെയിനിൽ വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി എനിക്ക് തർക്കിക്കേണ്ടി വന്നു. അയാൾ എന്നെയും കോച്ചിലുണ്ടായിരുന്ന മറ്റൊരാളെയും പൊലീസ് സ്റ്റേഷനലേക്കു കൊണ്ടുപോയി. അയാൾ ഞങ്ങളെ വിവസ്ത്രരാക്കി മർദ്ദിച്ചു. പരസ്പരം ലൈംഗിക ചേഷ്ടകൾ കാണിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുകയും അതെല്ലാം റെക്കോർഡ് ചെയ്യുകയും ചെയ്തു. ഞാൻ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അതൊന്നും അവർ സ്വീകരിച്ചില്ല. ജോലി അന്വേഷിച്ചൊക്കെ ഒരുപാടലഞ്ഞെങ്കിലും 'നിന്നെപ്പോലെയുള്ളവർക്ക് നൽകാൻ ജോലിയില്ലെ'ന്നായിരുന്നു അവരുടെ മറുപടി. ട്രെയിനിൽ ഡയറിയും പഞ്ചാംഗവുമൊക്കെ വിറ്റാണ് ഞാൻ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്.
ഒരിക്കൽ കുറേ കോളജ് വിദ്യാർഥികൾ എന്റെയരുകിൽ വരുകയും അവരുടെ ഒരു ഡോക്കുമെന്ററിയിൽ അഭിനയിക്കാമോയെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. ഞാൻ ആകെ നെർവസ് ആയി. പക്ഷേ അവർ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. അതിനുശേഷം എനിക്കൊരു ഹിന്ദി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് ഞാൻ സിനിമയിൽ അഭിനയിക്കുകയും എനിക്കൊരു അവാർഡ് ലഭിക്കുകയും ചെയ്തു. അനുമോദനച്ചടങ്ങിൽ വച്ച് ഒരു വാർത്താ ചാനലിന്റെ ഉടമ എന്നോട് സംസാരിക്കുകയും എന്റെ അഭിനയം അദ്ദേഹത്തെ ഇംപ്രസ് ചെയ്തുവെന്ന് പറയുകയും ചെയ്തു. അപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുത്തുകൊണ്ട് ഞാൻ അദ്ദേഹത്തോട് എനിക്കൊരു ജോലിതരാമോയെന്ന് ചോദിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട് അഭിമുഖത്തിനു വരാൻ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനു ശേഷം മുംബൈയിലെ ആദ്യ ട്രാൻസ്ജെൻഡർ പത്രപ്രവർത്തകയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.
ഈ ജീവിതത്തിൽ ഒരുപാട് മോശം അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ആളുകളെ നഷ്ടപ്പെട്ടിട്ടുണ്ട്, അഭിമാനം വ്രണപ്പെടുന്ന രീതിയിൽ പലരും പെരുമാറിയിട്ടുണ്ട്. അതൊന്നും നേരിടുക അത്രയെളുപ്പമായിരുന്നില്ല. ഒരുപാടു സമയമെടുത്താണ് ഞാനെന്നെ സ്നേഹിച്ചു തുടങ്ങിയത്. എന്നെ മറ്റൊരു രീതിയിൽ ലോകം കാണണമെന്ന ചിന്തയൊന്നും എനിക്കില്ല. ഇതാണ് ഞാൻ. ഞാനായിരിക്കുന്ന അവസ്ഥയിൽ ഞാൻ സുന്ദരിയാണ്''.