50 കിലോകുറച്ചാൽ വയറിങ്ങനെ; പരിഹാസത്തിന് മറുപടി, അഭിനന്ദിച്ച് അനുഷ്കയും
Mail This Article
സ്ട്രെച്ച്മാർക്കുകൾ പുറത്തുകാണും വിധമുള്ള വസ്ത്രങ്ങൾ ധരിച്ച് ചിത്രമെടുത്ത് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ബോളിവുഡ് താരം സരീൻഖാന് സമൂഹമാധ്യമങ്ങളിൽ നിന്ന് പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നത്. എന്നാൽ അത്തരം വിമർശനങ്ങളെ നേരിടാൻ താരത്തിന് ശക്തമായ പിന്തുണയും ബോളിലുഡിൽ നിന്ന് ലഭിക്കുന്നുണ്ട്.
താരത്തിന്റെ സ്ട്രച്ച്മാർക്കിനെക്കുറിച്ച് ഒരു വശത്ത് വിമർശനങ്ങളുയരുമ്പോൾ മറുവശത്ത് താരത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്ന കമന്റുകളാണെത്തുന്നത്. താരത്തിന് പിന്തുണ നൽകിക്കൊണ്ടും അവരെ അഭിനന്ദിച്ചുകൊണ്ടും ബോളിവുഡ് താരം അനുഷ്ക ശർമ സമൂഹമാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ :-
''സരീൻ, നീ ആയിരിക്കുന്ന അവസ്ഥയിൽ നീ സുന്ദരിയാണ്, ധൈര്യശാലിയാണ്, ശക്തിശാലിയും പെർഫെക്റ്റുമാണ്''. അനുഷ്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും സരീൻ നന്ദി പറഞ്ഞു. അതോടൊപ്പം തന്നെ വിമർശിച്ചവർക്ക് കൃത്യമായ മറുപടി നൽകാനും താരം മറന്നില്ല.
''എന്റെ വയറിന് എന്താണ് സംഭവിച്ചതെന്ന് ആകാംക്ഷയുള്ളവരോട്, 50 കിലോയോളം ശരീരഭാരം കുറച്ചയാളുടെ വയർ ഇങ്ങനെയാണിരിക്കുക. ശസ്ത്രക്രിയ ചെയ്തു നേരെയാക്കാത്ത, ഫൊട്ടോഷോപ്പ് ചെയ്യാത്ത വളരെ സ്വാഭാവികമായ ഒരു ചിത്രമാണിത്. യാഥാർഥ്യത്തിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ ശരീരത്തിന്റെ ഈ അവസ്ഥയെ മറച്ചുവയ്ക്കാതെ അഭിമാനത്തോടെ തുറന്നു കാട്ടുകയാണ് ചെയ്തത്''.
പഠിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ തന്റെ ശരീരഭാരം 100 കിലോ ആയിരുന്നുവെന്നും. അന്നൊക്കെ ആളുകൾ പരിഹസിക്കുമ്പോൾ തന്നെ അതൊന്നും ബാധിച്ചിരുന്നില്ലെന്നും താരം പറയുന്നു. '' പരിഹാസങ്ങൾ അന്നും ഇന്നും എന്നെ ബാധിക്കാറില്ല. എന്നും ധൈര്യമുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നു ഞാൻ. എന്റെ മനസ്സിലെ തോന്നലുകൾ മറച്ചു വയ്ക്കാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. എന്റെ ജീവിത യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. അങ്ങനെയല്ലാത്തവർ എന്നെ കൂടുതൽ ശക്തയാക്കിയിട്ടേയുള്ളൂ.
2010 ൽ സൽമാൻഖാനോടൊപ്പം വീർ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് സരീൻഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഹൗസ്ഫുൾ2, ഹേറ്റ് സ്റ്റോറി 3, 1921 എന്നീ ചിത്രങ്ങളിലും സരീൻ ഖാൻ അഭിനയിച്ചിട്ടുണ്ട്.