തീ പാറുന്ന വാക്കുകളുമായി ഗ്രെറ്റ; പറയാന്‍ കൊതിച്ച വാക്കുകളെന്ന് ലോകം
Mail This Article
ഇവിടെയിരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നായിരുന്നു ആ കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം. സാധാരണക്കാരോടല്ല; ലോകനേതാക്കളോട്. ഗ്രെറ്റ ട്യൂന്‍ബര്‍ഗ് എന്നാണ് പെണ്‍കുട്ടിയുടെ പേര്. സ്വീഡനില്‍നിന്നുള്ള കൗമാരക്കാരിയായ പെണ്‍കുട്ടി ഇന്നൊരു പ്രതീകം കൂടിയാണ്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടത്തിന്റെ പ്രതീകം. യുഎന്‍ കാലവസ്ഥ അടിയന്തര ഉച്ചകോടിക്ക് എത്തിയപ്പോഴായിരുന്നു ഗ്രെറ്റ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ തുറന്നുപറയാന്‍ മടിക്കുന്നതുമായ ചോദ്യങ്ങള്‍ മറയില്ലാതെ ചോദിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരോട്.
‘‘ഞാന്‍ ഇവിടെ നില്‍ക്കേണ്ടയാളല്ല. ഞാനിപ്പോള്‍ സ്കൂളില്‍ ഇരിക്കേണ്ടതാണ്. പഠിക്കേണ്ടതാണ്. അതിനുപകരം നിങ്ങളുടെ വാഗ്ദാനങ്ങള്‍ കേള്‍ക്കാന്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എനിക്കു പകരം തരുന്നതോ പൊള്ളയായ വാക്കുകള്‍. സര്‍വനാശത്തിന്റെ വക്കിലാണ് നാം. പരിസ്ഥിതി തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നു. ഇത്രവലിയ ദുരന്തത്തെ സമീപിച്ചിട്ടും നിങ്ങള്‍ തര്‍ക്കിക്കുന്നതു പണത്തെക്കുറിച്ചാണ്. സാമ്പത്തിക പുരോഗതിയുടെ പൊള്ളവാക്കുകളും നിങ്ങള്‍ പറയുന്നുണ്ട്. അറിയുമോ...മനുഷ്യവര്‍ഗം നാശത്തിന്റെ വക്കിലാണ്.
മൂന്നു പതിറ്റാണ്ടായി ശാസ്ത്രം ഒരേകാര്യം തന്നെ പറയുന്നു. കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ച്. നിങ്ങളാകട്ടെ അതില്‍നിന്നൊക്കെ മുഖം തിരിച്ചിരിക്കുകയായിരുന്നു. ഒടുവിലിപ്പോള്‍ ഇവിടെ നിങ്ങള്‍ കൂടിയിരിക്കുന്നു. എന്തിന്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ ഇവിടെ വന്നത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്നാണ് നിങ്ങള്‍ പറയുന്നത്. അടിയന്തര സ്വഭാവം മനസ്സിലാകുന്നുണ്ട് എന്നും. പക്ഷേ, ഞാനതു വിശ്വസിക്കുന്നില്ല. കാര്യം മനസ്സിലായിട്ടും ഇതുവരെയും പ്രതികരിക്കാതിരുന്ന നിങ്ങള്‍ ഇനിയും പ്രതികരിക്കുമെന്നു പറഞ്ഞാല്‍ ഞാനെങ്ങനെ വിശ്വസിക്കാനാണ്. ഇല്ല, എനിക്കു നിങ്ങളെ വിശ്വാസമില്ല.
10 വര്‍ഷം കൊണ്ട് മലിനീകരണത്തോത് പകുതിയായി കുറയ്ക്കാമെന്നാണ് നിങ്ങള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ അതുകൊണ്ട് മനുഷ്യരാശിക്ക് പകുതി സാധ്യത മാത്രമേ ലഭിക്കുന്നുള്ളൂ എന്നു നിങ്ങള്‍ മനസ്സിലാക്കണം. മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചാണ് ഞങ്ങള്‍, പുതുതലമുറ വളര്‍ന്നുവരുന്നത്. ഞങ്ങള്‍ക്കു ശ്വസിക്കാന്‍ നിങ്ങള്‍ തരുന്നത് മലിനമായ വായുവും കുടിക്കാന്‍ മലിനമായ വെള്ളവും ജീവിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന ഭൂമിയും. ഞാന്‍ ഉറപ്പിച്ചുപറയുന്നു; ഞങ്ങള്‍ക്കിതു പോരാ.
സ്ഥിതി ഗുരുതരമായിട്ടും ഇവിടെ ഒരു മേശയ്ക്കുചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്നാണ് നിങ്ങള്‍ ലോകത്തെ വിശ്വസിപ്പിച്ചിരിക്കുന്നത്. അതും പതിവു യോഗങ്ങളിലൂടെ. പതിവു ചര്‍ച്ചകളിലൂടെ.
അംഗീകരിക്കാവുന്നതിനപ്പുറമുള്ള നിലവാരത്തിലേക്ക് മലിനീകരണത്തോത് ഉയര്‍ന്നുകഴിഞ്ഞത് നിങ്ങള്‍ അറിയുന്നില്ല എന്നാണോ. ഈ കണക്കുകള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ. അതോ മനസ്സിലായിട്ടും ഒന്നും അറിഞ്ഞില്ലെന്നു ഭാവിക്കുകയാണോ.
നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചു. പുതുതലമുറയ്ക്ക് വഞ്ചന മനസ്സിലായിക്കഴിഞ്ഞു. ഭാവി തലമുറകളെല്ലാം നിങ്ങളെത്തന്നെ ഉറ്റുനോക്കുകയാണ്. വീണ്ടും വഞ്ചിക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ ഞാന്‍ മുന്നറിയിപ്പു തരുന്നു; ഞങ്ങള്‍ ഇത് ഒരിക്കലും മറക്കാന്‍പോകുന്നില്ല. രക്ഷപ്പെടാമെന്ന് നിങ്ങള്‍ വിചാരിക്കരുത്. ഇവിടെ, അതേ, ഇവിടെവച്ചാണ് തീരുമാനമെടുക്കേണ്ടത്. ലോകം ഉണരുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം വരുക തന്നെചെയ്യും’’.
കൗമാരക്കാരിയെങ്കിലും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രെറ്റ ട്യൂണ്‍ബെര്‍ഗ്. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞ് ലോകം നേരിടുന്ന ഭീഷണിയെക്കുറിച്ച് നേതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെയായിരുന്നു ഉച്ചകോടിയില്‍ തീ പാറുന്ന വാക്കുകളുമായി ഗ്രെറ്റ ആഞ്ഞടിച്ചത്. സ്ഫോടക ശേഷിയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. ലോകം പറയാന്‍ കൊതിച്ച വാക്കുകള്‍. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ കൗമാരക്കാരി. യുഎന്‍ ഉച്ചകോടിയോടെ ലോകം മുഴുവന്‍ കേട്ട ശബ്ദത്തിന്റെ ഉടമയുമായി ഗ്രെറ്റ.