ADVERTISEMENT

മീ ടൂ ആരോപണങ്ങളുടെ പേരില്‍‍ വിമര്‍ശന ശരമേല്‍ക്കേണ്ടിവന്ന സംഗീത സംവിധായന്‍ അനു മാലിക്കിന് പിന്തുണയുമായി ഒരു പ്രശസ്ത ഗായിക  രംഗത്ത്. ഹിറ്റ് ഗാനങ്ങളിലൂടെ മനം കവര്‍ന്ന ഹെമ സര്‍ദേശായിയാണ് അനു മാലിക്കിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുണ്ട് ഹെമ സര്‍ദേശായി. 

ഇന്ത്യന്‍ വിനോദ വ്യവസായത്തില്‍ ലൈംഗിക പീഡനങ്ങളുടെ പേരിലും അപമര്യാദയായ പെരുമാറ്റത്തിന്റെ പേരിലും ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്ന പ്രശസ്തരില്‍ ഒരാളാണ് അനു മാലിക്ക്. ആരോപണങ്ങളെത്തുടര്‍ന്ന് മാലിക്കിന് സ്വകാര്യ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. പൊതുരംഗത്ത് നിന്നുതന്നെ ഒരു പരിധി വരെ മാറ്റനിര്‍ത്തപ്പെട്ടിരിക്കു കയായിരുന്നു അദ്ദേഹം.

പക്ഷേ, അടുത്തിടെ, അനു മാലിക്കിനെ വീണ്ടും സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി വീണ്ടും നിയമിച്ചിരിക്കുകയാണ്. ഇതിനിതെതിരെ ശക്തമായ പ്രതിധേഷവുമുണ്ടായി. സോന മഹാപത്ര, നേഹ ഭാസിന്‍ എന്നിവര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടും പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചും രംഗത്തെത്തുകയായിരുന്നു. കൂടെ ജോലി ചെയ്ത ഒട്ടേറെ സ്ത്രീകളോട് അനു മാലിക്ക് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നായിരുന്നു ഈ ഗായികമാരുടെ ആരോപണം. അതിനിടെയാണ്, ഇതാദ്യമായി ഒരു ഗായിക അനു മാലിക്കിനെ പിന്തുണയ്ക്കാന്‍ തയാറായിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പിലൂടെയാണ് ഹെമ സര്‍ദേശായി അനു മാലിക്കിനെ പിന്തുണയ്ക്കുന്ന വാക്കുകള്‍ കുറിച്ചിരിക്കുന്നത്. ഇത് നിസ്വാര്‍ഥമായ ഒരു കുറിപ്പാണ്. ഇങ്ങനെയൊന്ന് എഴുതുന്നതുകൊണ്ട് എനിക്കൊന്നും നേടാനില്ല. സത്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതുമാത്രമാണ് എന്റെ സംതൃപ്തി എന്ന ആമുഖത്തോടെയാണ് ഹെമ തന്റെ കുറിപ്പ് തുടങ്ങുന്നത്. 

മാലിക്കിനെ പുകഴ്ത്തിക്കൊണ്ടാണ് ഹെമയുടെ കുറിപ്പ്. എത്രയോ മികച്ച ഗാനങ്ങളാണ് മാലിക്ക് ഇന്ത്യന്‍ സംഗീതലോകത്തിന് നല്‍കിയിരിക്കുന്നതെന്ന് ഹെമ ഓര്‍മിപ്പിക്കുന്നു. വളര്‍ന്നുവരുന്ന  എണ്ണമില്ലാത്ത -ഗായകകര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. താനും അനു മാലിക്കിന്റെ തണലില്‍ വളര്‍ന്നു വരുന്ന ഗായികയാണെന്നും ഹെമ ഓര്‍മിപ്പിക്കുന്നു.

‘ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സിനിമാ രംഗത്ത് വരുമ്പോള്‍ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടിവന്നു. അന്നേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കിയിരുന്നു. കരിയറിനുവേണ്ടി മൂല്യങ്ങള്‍ ബലി കഴിക്കാന്‍ തയാറല്ല എന്ന്. എനിക്കറിയാവുന്ന പലരും അന്ന് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ നിശ്ശബ്ദത പാലിച്ചത് ? ഇപ്പോഴും അവര്‍ മൗനം തുടരുന്നതും എന്തുകൊണ്ട്. മികച്ച പാട്ടുകള്‍ ലഭിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. അതെന്റെ ഭാഗ്യവും അനുഗ്രഹവും. അനു മാലിക്കിനു കീഴിലും ഞാന്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. ചലച്ചിത്ര, സംഗീത പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്നവ. എത്ര മഹത്തായ ഒരു ഗായകനാണ് അദ്ദേഹം എന്ന് ആര്‍ക്കാണ് അറിയാത്തത്- ഹെമ ചോദിക്കുന്നു. 

English Summary : Hema Sardesai Supports #MeToo Accused Anu Malik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com