ADVERTISEMENT

ബലാത്സംഗ, പീഡന കേസുകളില്‍ അടുത്ത വര്‍ഷം വിചാരണ നേരിടാനിരിക്കെ, ഹോളിവുഡിലെ മുന്‍  നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനിന് ആശ്വാസമായി പ്രശസ്ത അമേരിക്കന്‍ നടിയുടെ വെളിപ്പെടുത്തല്‍. നേരത്തെ വെയ്ന്‍സ്റ്റൈനിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഓസ്കര്‍ ജേതാവും അവന്‍ജേഴ്സ് നടിയുമായ  ഗിനത് പാല്‍ട്രോയാണ് വ്യത്യസ്തമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 

പാല്‍ട്രോയുടെ ഉള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ ശക്തമായതോടെയാണ് വെയ്ന്‍സ്റ്റൈനിന് അപമാനിതനായി സ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടിവന്നതും കേസുകളെ നേരിടേണ്ടിവന്നതും. തുടര്‍ന്ന് കൂടുതല്‍ സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ലോകമാകെ മീ ടൂ എന്ന തുറന്നുപറച്ചില്‍ പ്രസ്ഥാനം ശക്തമാകുകയും ചെയ്തത്.

അധികാരത്തിന്റെയും പദവിയുടെയും ബലത്തില്‍ പലരും നടത്തിയ പീഡനങ്ങളും ലൈംഗിക വൈകൃതകങ്ങളും പുറത്തുവന്നു. പലര്‍ക്കും സമൂഹത്തിലെ മാന്യമായ സ്ഥാനത്തിന് ഇളക്കം തട്ടി, പദവികളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. പല കേസുകളും കോടതികളിലെത്തുകയും വിചാരണ നടക്കുകയോ ഉടന്‍ തുടങ്ങാനിരിക്കുകയോ ചെയ്യുന്നു. 

തനിക്കൊന്നും തീര്‍ച്ചയില്ലെന്നാണ് വെയ്ന്‍സ്റ്റൈനിനെക്കുറിച്ച് ഇപ്പോള്‍ പാല്‍ട്രോ പറയുന്നത്. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധനപ്പെട്ട വ്യക്തിയായിരുന്നു എന്നു സമ്മതിച്ച പാല്‍ട്രോ എല്ലാ മനുഷ്യരിലും നന്മയുടെയും തിന്മയുടെയും അംശങ്ങളുണ്ടെന്നാണ് തിരുത്തുന്നത്. 

എനിക്കെന്താണ് തോന്നിയതെന്ന് ഇപ്പോള്‍ ഒന്നും തീര്‍ത്തുപറയാന്‍ കഴിയുന്നില്ല. എന്റെ ജീവിതത്തിലെ വളരെ,വളരെ പ്രധാനപ്പെട്ട മനുഷ്യനായിരുന്നു അദ്ദേഹം. എന്റെ ഏറ്റവും പ്രധാനപ്പെട്ട ബോസ്- പാല്‍ട്രോ പറയുന്നു. 

വെയ്ന്‍സ്റ്റൈന്‍ നിര്‍മിച്ച 'ഷേക്സ്പിയര്‍ ഇന്‍ ലവ്' എന്ന ചിത്രത്തിലെ വേഷത്തിനാണ് പാല്‍ട്രോയ്ക്ക് ഓസ്കര്‍ പുരസ്കാരം ലഭിച്ചത്. അതുല്യമായ അവസരങ്ങള്‍ അദ്ദേഹം എനിക്കു തന്നു. എങ്കിലും സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്ന അസാധാരണ ബന്ധം-പാല്‍ട്രോ തുടര്‍ന്നു. 

ഇപ്പോള്‍ 47 വയസ്സുള്ള പാല്‍ട്രോയാണ് നേരത്തെ വെയ്ന്‍സ്റ്റൈനിനെതിരെ ആദ്യം രംഗത്തുവരാന്‍ ധൈര്യം കാണിച്ചതും മീ ടൂ പ്രസ്ഥാനം ഉയര്‍ത്തിയ അലയൊലികള്‍ക്കു തുടക്കക്കാരിയായതും. വ്യക്തികളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഇരട്ട ശബ്ദത്തില്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മിലെല്ലാവരിലും ഇരുട്ടും വെളിച്ചവും തുല്യ അളവില്‍ അടങ്ങിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം- മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും പാല്‍ട്രോ നിലപാട് വ്യക്തമാക്കി. 

രണ്ടു വര്‍ഷം മുമ്പ് 2017 ല്‍ ന്യൂയോര്‍ക്ക് ടൈംസിലൂടെയാണ് പാല്‍ട്രോ വെയ്ന്‍സ്റ്റൈനിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ തന്നെ ഡീല്‍ ബുക്ക് കോണ്‍ഫറന്‍സിലാണ് ഇപ്പോള്‍ പാല്‍ട്രോയുടെ ഭാഗികമായ തിരുത്തും വന്നിരിക്കുന്നത്. 

രണ്ടു സ്ത്രീകള്‍ ഉന്നയിച്ച ബലാത്സംഗ, പീഡന, ലൈംഗിക വൈകൃത കേസുകളുടെ പേരില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ അമേരിക്കയിലെ ഒരു കോടതിയില്‍ വെയ്ന്‍സ്റ്റൈനിനെതിരെയുള്ള വിചാരണ ആരംഭിക്കാനിരിക്കുകയാണ്. 

English Summary : Gwyneth Paltrow opens up about her relationship with Harvey Weinstein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com