സോനയ്ക്ക് അഭിനന്ദനം നേഹയുടെ പെരുമാറ്റം വിചിത്രം; നിലപാട് വ്യക്തമാക്കി തനുശ്രീ
Mail This Article
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ അനു മാലിക്കിനെ ഇന്ത്യന്‍ ഐഡല്‍ സംഗീത റിയാലിറ്റി ഷോയുടെ വിധി കര്‍ത്താവായി വീണ്ടും നിയമിച്ചതിനെതിരെ രംഗത്തുവന്ന സോന മൊഹാപത്രയ്ക്കു പിന്തുണ യുമായി നടി തനുശ്രീ ദത്ത രംഗത്ത്. ഒട്ടേറെ സ്ത്രീകള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് അനു മാലിക്കിനെ വിധികര്‍ത്താവ് സ്ഥാനത്തു നിന്നുമാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
ആരോപണങ്ങളുടെ ചൂട് ഒന്നടങ്ങിയപ്പോഴേക്കും അദ്ദേഹം തിരിച്ചെത്തിയതാണ് സോന മൊഹാപത്രയെ ചൊടിപ്പിച്ചത്. അവര്‍ അതു തുറന്നുപറയുകയും മറ്റു പലരും സോനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. സോനയെപ്പോലുള്ളവരെ അംഗീകരിക്കുകയും അഭിന്ദിക്കുകയും ചെയ്യണമെന്നു പറഞ്ഞ തനുശ്രീ ദത്ത, അനു മാലിക്കിന്റെ സഹ വിധികര്‍ത്താവ് നേഹ കാക്കറിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണ വിധേയനായ ഒരു വ്യക്തിക്കൊപ്പം തുടര്‍ന്നു ജോലി ചെയ്യുന്നതിന്റെ പേരിലാണ് നേഹയെ തനുശ്രീ വിമര്‍ശിക്കുന്നത്.
‘വിദ്യാഭാസമുള്ള, ഉന്നത നിലയിലെത്തിയ, പ്രശസ്തരായ എത്രയോ പേര്‍ അനു മാലിക്കിന്റെ സ്വഭാവത്തില്‍ മനം മടുത്ത് അവരുടെ ശബ്ദമുയര്‍ത്തുകയും നേരിട്ട പീഡനങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വീണ്ടും അദ്ദേഹത്തെതന്നെ വിധി കര്‍ത്താവായി കൊണ്ടുവന്ന നടപടിയെ ഒരുരീതിയിലും അംഗീകരിക്കാനാവില്ല. അതിനെതിരെ രംഗത്തുവന്ന സോനയുടെ നടപടിയെ ഞാന്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുന്നു. ഇത്തരം ധീരമായ നിലപാടുകളാണ് എന്നും നമുക്ക് ആവശ്യം.
മൂല്യങ്ങളേക്കാളും വലുതാണോ ചാനലുകളുടെ റേറ്റിങ്ങ് എന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോശമായി പെരുമാറിയ വ്യക്തികളെ വീണ്ടും സമൂഹമധ്യത്തിലേക്ക് ആനയിച്ച് അംഗീകരിക്കുകയാണോ വേണ്ടത്. അനു മാലിക്കിനൊപ്പം ജോലി ചെയ്യുന്ന ആള്‍ക്കാരുടെയും അദ്ദേഹത്തെ വീണ്ടും നിയമിച്ച സ്ഥാപനത്തിന്റെയും മാനസികാവസ്ഥയും പരിശോധിക്കേണ്ടതാണ്.
നേഹ കാക്കറിനെയും രൂക്ഷമായ വാക്കുകളിലാണ് തനുശ്രീ കുറ്റപ്പെടുത്തുന്നത്. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വച്ച് അപമാനിക്കപ്പെട്ടതിന്റെ വേദന നന്നായി അറിയുന്ന വ്യക്തിയാണ് നേഹ. ഒരിക്കല്‍ എല്ലാവരുടെയും മുന്നില്‍വച്ച് ഒരാള്‍ നേഹയെ പരസ്യമായി ബലംപ്രയോഗിച്ച് ചുംബിച്ചിരുന്നു. എന്നിട്ടും ആരോപണ വിധേയനായ അനു മാലിക്കിനൊപ്പം ജോലി ചെയ്യാനും തന്നെ അപമാനിച്ച വ്യക്തിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും നേഹ തിരുമാനിച്ചതു വിചിത്രം തന്നെ എന്നാണ് തനുശ്രീ പറയുന്നത്.
നേഹ അപമാനിക്കപ്പെട്ട രംഗം വീണ്ടും വീണ്ടും കാണിച്ച് ചാനലിന്റെ റേറ്റിങ് കൂട്ടാന്‍ നടന്ന ശ്രമത്തെയും തനുശ്രീ അപലപിച്ചു. ജോലി നഷ്ടപ്പെട്ടാലും ആരോഗ്യം പോയാലും മനസമാധാനം നഷ്ടപ്പെട്ടാലും സത്യത്തിനുവേണ്ടി ഉറച്ചുനില്‍ക്കുകയും നീതിക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന സോന മഹാപത്രയെ അഭിനന്ദിച്ചുകൊണ്ടാണ് തനുശ്രീ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.
അനു മാലിക്കിനെപ്പോലുള്ള ആള്‍ക്കാരെ നീക്കം ചെയ്ത് അവിടെ സോന മഹാപത്രയെപ്പോലെ അന്തസ്സുള്ളരെ നിയമക്കിണമെന്ന ആവശ്യവും തനുശ്രീ ഉന്നയിച്ചിട്ടുണ്ട്. മികച്ചവരും നല്ല മനസ്സിന്റെ ഉടമകളും ഉന്നതങ്ങളില്‍ വരുമ്പോഴാണ് ലോകം കുറച്ചുകൂടി നല്ലതായി മാറുന്നതെന്നും തനുശ്രീ ഓര്‍മിപ്പിക്കുന്നു. നേരത്തെ, ബോളിവുഡ് നടന്‍ നാന പടേക്കര്‍ക്കെതിരെ തനുശ്രീ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.
English Summary : Tanushree Dutta has backed singer Sona Mohapatra