നുണകളുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞു; അപമാനിതയായി രാജി വച്ച് പുറത്തേക്ക്
Mail This Article
വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അക്കാദമിക് നേട്ടങ്ങളെക്കുറിച്ചും വ്യാജ അവകാശവാദം ഉന്നയിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥയായ യുവതി രാജിവച്ച് പുറത്തേക്ക്. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്ന യുവതിക്കാണ് അപമാനിതയായി പുറത്തു പോകേണ്ടിവന്നത് . ഒരു പ്രമുഖ മാസികയുടെ കവറില്‍ തന്നെക്കുറിച്ച് ഫീച്ചര്‍ വന്നിട്ടുണ്ടെന്നുവരെ അവകാശപ്പെട്ട യുവതിക്കാണ് അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥയായിട്ടും തന്നെ പിന്തുണയ്ക്കാതിരിക്കുകയും തനിക്കുവേണ്ടി സംസാരിക്കാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷം കൊള്ളുകയാണ് 35 വയസ്സുള്ള ഡാലസ് സ്വദേശിനിയായ മിങ് ചാങ് എന്ന യുവതി.
യുവതിയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തി ഈ മാസം ആദ്യം വാര്‍ത്ത വന്നതിനെത്തുട ര്‍ന്നാണ് മിങ് ചാങ്ങിനു രാജി സമര്‍പ്പിക്കേണ്ടിവന്നിരിക്കുന്നത്. 'രാജി മാത്രമാണ് എനിക്കുമുന്നിലുള്ള ഒരേയൊരു പോംവഴി. അതാണ് ധാര്‍മികമായ മാര്‍ഗവും'- മിങ് ചാങ് പറഞ്ഞു. രാജി സ്വീകരിച്ചതായി സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും അറിയിച്ചു.
ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എന്ന പോസ്റ്റിലായിരുന്നു മിങ് ജോലി ചെയ്തിരുന്നത്. തന്റെ ഒരു സുഹൃത്ത് ഒരു ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ പ്രമുഖ മാസികയുടെ കവര്‍ കൃത്രിമമായി രൂപകല്‍പന ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നാണ് മിങ് ഇപ്പോള്‍ പറയുന്നത്. ഹര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ പഠിച്ചുവെന്നാണ് മിങ് അവകാശപ്പെട്ടിരുന്നത്. യഥാര്‍ഥത്തില്‍ 7 ആഴ്ച നീളുന്ന ഒരു കോഴ്സില്‍ മാത്രമേ മിങ് പങ്കെടുത്തിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പാനലിലും മിങ് കയറിപ്പറ്റിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിനെ താന്‍ അഭിസംബോധന ചെയ്തിട്ടുണ്ട് എന്നും മിങ് അവകാശപ്പെട്ടിരുന്നു. ഇതിനൊപ്പം മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും മിങ്ങിന്റെ കൈവശമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 40,000 പേര്‍ പിന്തുടരുന്നുണ്ടെന്നും മിങ് അവകാശവാദം ഉന്നയിച്ചിരുന്നു. ആറക്ക ശമ്പളം വാങ്ങിച്ചിരുന്ന മിങ് വിവിധ ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും അവിടങ്ങളില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
English Summary : Mina Chang resigned from her State Department position