ADVERTISEMENT

ജനപ്രിയ സംഗീത റിയാലിറ്റി ഷോയില്‍ നിന്ന് അനുമാലിക്കിനെ പുറത്താക്കുന്നതില്‍ വിജയിച്ചെങ്കിലും സോന മൊഹാപത്ര തന്റെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. സോന ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ വരെ ഇടപെടുകയും അനു മാലിക്കിന് റിയിലാറ്റി ഷോയുടെ വിധികര്‍ത്താവ് സ്ഥാനത്തുനിന്ന് പുറത്തുപോകുകയും ചെയ്യേണ്ടിവന്നത്. അതിനുശേഷം മ്യൂസിക് ഡയറക്ടഴേസ് അസോസിയേഷന്‍ വഴി അനു മാലിക് താനുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്നാണ് സോനയുടെ പുതിയ ആരോപണം. ട്വിറ്ററിലൂടെയാണ് അനു മാലിക്കിന്റെ അനുരഞ്ജനശ്രമം സോന പുറത്തുവിട്ടിരിക്കുന്നത്. 

‘മ്യൂസിക് ഡയറക്ടേഴ്സ് അസോസിയേഷന്‍ വഴി ഞാനുമായി ബന്ധപ്പെടാന്‍ അനു മാലിക് ശ്രമിക്കുന്നു. എനിക്ക് അവരോട് രണ്ടു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അനു മാലിക്കിന്റെ വ്യക്തിപരമായ സ്വഭാവദൂഷ്യത്തെക്കുറിച്ച് ഇത്രയധികം ആരോപണങ്ങളുണ്ടായിട്ടും അദ്ദേഹത്തിനെതിരെ കോടതിയില്‍ പോകാന്‍ അവര്‍ തയാറാണോ ? അപമാനിക്കപ്പെട്ട, ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ പരാതി നിലനില്‍ക്കുമ്പോള്‍ ഞാന്‍ അദ്ദേഹവുമായി യോജിക്കണെന്നു പറയുന്നത് ശരിയാണോ ? എന്റെ ഉത്തരം വ്യക്തം- നോ...  ഇതാണ് സോന ട്വിറ്ററിലൂടെ പുറത്തുവിട്ട സന്ദേശം. 

സമൂഹ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന സോന മൊഹാപത്ര നേരത്തെയും അനു മാലിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറം ലോകത്തെ വ്യക്തമായി അറിയിച്ചുകൊണ്ടിരുന്നു. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് അനു മാലിക് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായപ്പോഴും സോന പ്രതികരിച്ചിരുന്നു. ‘ മാലിക്കിനെ പുറത്താക്കൂ എന്ന മുദ്രാവാക്യത്തില്‍ എന്നോടൊപ്പം ചേര്‍ന്ന എല്ലാ സ്ത്രീ പുരുഷന്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. നിരന്തരമായി സ്ത്രീകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത അനു മാലിക്കിനെപ്പോലെ ഒരാള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത് രാജ്യത്തെ അനേകം സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിച്ച സംഘര്‍ഷത്തിനും വേദനയ്ക്കും കണക്കില്ല. കുറച്ചു നാളായി ഇതിന്റെ പേരില്‍ ഞാനും അസ്വസ്ഥയായിരുന്നു. എന്തായാലും ഇന്ന് എനിക്ക് സ്വസ്ഥയായി ഉറങ്ങാം'- സോന കുറിച്ചു. 

'തനിക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കുംവേണ്ടിയാണ് പോരാട്ടമെന്നും സോന പറഞ്ഞിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അവര്‍ അവരുടെ പ്രവൃത്തിയുടെ ഫലം അനുഭവിക്കണം. എത്ര ഉന്നതരായാലും സ്വാധീനമുള്ളവരായാലും'- സോന തന്റെ നിലപാട് വ്യക്തമായിക്കി. 

കഴിഞ്ഞ വര്‍ഷം ആദ്യം മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി സോന മഹാപത്രയാണ് അനു മാലിക്കിനെതിരെ ആദ്യം രംഗത്തുവന്നത്. പ്രശസ്തനായ സംഗീത സംവിധായകന്റെ ലൈംഗിക വൈകൃതം നിറഞ്ഞ സ്വഭാവത്തെ സോന വെളിപ്പെടുത്തിയതിനു പിന്നാലെ നേഹ ഭാസിന്‍,ശ്വേത പണ്ഡിറ്റ് എന്നീ ഗായികമാരും അനു മാലിക്കിനെതിരെ രംഗത്തുവരികയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറകത്താകേണ്ടിവന്നത്. പക്ഷേ, ഒരു വര്‍ഷത്തിനുശേഷം റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ വീണ്ടും അനു മാലിക്കിനെ വിധി കര്‍ത്താവായി നിയമിച്ചതോടെയാണ് സോന തന്റെ പോരാട്ടത്തിനു വീണ്ടും തീ കൊളുത്തിയത്.  

അനു മാലിക്ക് ആകട്ടെ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി ഒരു സന്ദേശം പുറത്തിറക്കിയിരിക്കുകയാണ്. 

‘കഴിഞ്ഞ ഒരു വര്‍ഷമായി, എന്റെ ഭാഗത്തു നിന്നു സംഭവിച്ചിട്ടില്ലാത്ത തെറ്റുകളുടെ പേരില്‍ ഞാന്‍ വേദന അനുഭവിക്കുകയാണ്. സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്‍ ഇക്കാലമത്രയും ഞാന്‍ നിശ്ശബ്ദനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ മൗനം ദൗര്‍ബല്യമായി വ്യാഖ്യാനം ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്. 

'എന്റെ ഇമേജും കരിയറും നശിപ്പിച്ചതിനുപുറമെ കുടുംബത്തിന്റെ മനസമാധാനവും ഇല്ലാതാക്കിയിരിക്കുകയാണ് എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ജീവിതത്തിന്റെ ഈ അവസ്ഥയില്‍ ആരോപണങ്ങള്‍ നേരിടുന്നതും സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുന്നതും വേദനാജനകമാണ്. എന്തുകൊണ്ടാണ് നേരത്തെ ഈ ആരോപണങ്ങള്‍ ഒന്നും ഉയരാതിരുന്നത്' ?

'എനിക്ക് രണ്ട് പെണ്‍മക്കളാണെന്നു മറക്കരുത്. അവര്‍ അനുഭവിക്കുന്ന ഹൃദയവേദന അവഗണിക്കുകയുമരുത്. ഇനിയും എന്നെ അപമാനിക്കാനാണ് ശ്രമമെങ്കില്‍ എനിക്കു രക്ഷ തേടി കോടതിയെ സമീപിക്കേണ്ടിവരും. ഇപ്പോള്‍ എനിക്കുള്ള ഏകാശ്രയമാണ് സംഗീത റിയാലിറ്റി ഷോയിലെ വധികര്‍ത്താവ് സ്ഥാനം. അതും നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തായാലും ജീവിതം തുടര്‍ന്നേ പറ്റൂ. എനിക്കു മുന്നോട്ടു പോകുക തന്നെ വേണം. ഈ ചിരിക്കുന്ന മുഖത്തിനു പിന്നില്‍ വേദനയാണ്. കടുത്ത വേദന. കടുത്ത കാലത്തില്‍ക്കൂടിയാണ് ഞാന്‍ കടന്നുപോകുന്നത്. നീതി മാത്രമാണ് ഞാന്‍ തേടുന്നത്’ - ഇതായിരുന്നു അനു മാലിക്കിന്റെ സന്ദേശം. 

English Summary : Sona Mohapatra claims Anu Malik tried to reach out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com