ബ്ലാക്ക് ബെൽറ്റ് ഡാൻസർ - പാർശ്വനാഥ് ഉപാധ്യായ്
Mail This Article
കർണാടകയിലെ ബെൽഗാം ഹിന്ദുസ്ഥാനി സംഗീതത്തിന് നല്ല വേരോട്ടമുള്ള മണ്ണാണ്. സംഗീതത്തോടൊപ്പം ഇതര കലാരൂപങ്ങളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബൽഗാം കർണാടകയുടെ ഒരു സാംസ്കാരികകേന്ദ്രമാണ്. ഇന്ന് ഭരതനാട്യത്തിൽ ലോകമറിയുന്ന യുവനർത്തകൻ പാർശ്വനാഥ് ഉപാധ്യായ് ബൽഗാമിന്റെ ഈ പാരമ്പര്യത്തിൽ ചുവടുറപ്പിച്ചു നിൽക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി ബൽഗാം എന്ന കൊച്ചുനഗരത്തിന്റെ പേര് ഇദ്ദേഹത്തിലൂടെ പ്രസിദ്ധമാകുന്നു. 2012 മുതൽ ബെംഗളൂരു ആസ്ഥാനമായിട്ടുള്ള പുണ്യ ഡാൻസ് കമ്പനിയുടെ ലേബലിൽ നിരവധി ഡാൻസ്-ബാലെ അവതരണങ്ങൾ, ആഭ എന്ന ഡാൻസ് ത്രയം, നൂറുകണക്കിന് വിദ്യാർഥികൾ നൃത്തമഭ്യസിക്കുന്ന ഉപാധ്യായ് സ്കൂൾ ഓഫ് ഡാൻസ് തുടങ്ങി വിവിധ കർമമേഖലകളിലൂടെ ജന്മസിദ്ധമായി കൈവന്ന സിദ്ധിയെ അദ്ദേഹം സാധന ചെയ്യുന്നു.
90കളുടെ തുടക്കംവരെ ക്ലാസിക്കൽ നൃത്തത്തിൽ പൊതുവേ നല്ല ഗുരുനാഥന്മാരുടെ ദൗർലഭ്യമുണ്ടായിരുന്ന ബൽഗാമിൽ 1982ലാണ് പാർശ്വനാഥിന്റെ ജനനം. അമ്മ പ്രേമ ഉപാധ്യായക്ക് നൃത്തം വളരെ ഇഷ്ടമായിരുന്നു. മകന് മൂന്നു വയസ്സു തികയാൻ കാത്തിരുന്ന അമ്മ തനിക്കറിയാവുന്ന ചില സെമി-ക്ലാസിക്കൽ ഡാൻസുകൾ അവനെ പഠിപ്പിക്കാൻ തുടങ്ങി. അതിൽ മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ചില ദാസർപദങ്ങൾ ഉണ്ടായിരുന്നുവെന്ന് പാർശ്വനാഥ് ഓർക്കുന്നു. മകനെ ഭരതനാട്യം പഠിപ്പിക്കാൻ നല്ലൊരു ഗുരുവിനെ തേടിയുള്ള അമ്മയുടെ അന്വേഷണം ബൽഗാം ഗവൺമെന്റ് സ്കൂളിലെ ഡാൻസ് മാസ്റ്റർ ഗുരു രവീന്ദ്ര ശർമയിൽ അവസാനിച്ചു. നാലാം വയസ്സിൽ രവീന്ദ്ര ശർമയുടെ കീഴിൽ പാർശ്വനാഥ് പരമ്പരാഗത മൈസൂർ ശൈലിയിലുള്ള ഭരതനാട്യപഠനം ഔപചാരികമായി ആരംഭിച്ചു. 1996ൽ അരങ്ങേറ്റം ചെയ്തു. തുടർന്ന് പതിനഞ്ചു വർഷത്തോളം ഗുരുവിന്റെ കീഴിൽ പഠനം തുടർന്നു. അമ്മയുടെ താൽപര്യങ്ങൾ ഭരതനാട്യത്തിൽ മാത്രം ഒതുങ്ങിയില്ല, അമ്മയുടെ നിർബന്ധപ്രകാരം കരാട്ടേ, കളരിപ്പയറ്റ്, നീന്തൽ, രംഗോലി എല്ലാത്തിലും പാർശ്വനാഥ് പരിശീലനം നേടി.
കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് വരെ പരിശീലിച്ച പാർശ്വനാഥ് ഇതെല്ലാം ഏതെങ്കിലും തരത്തിൽ തന്റെ നൃത്തത്തിനു പ്രയോജനപ്പെടുത്തി. നർത്തകനാവശ്യമുള്ള വഴക്കമുള്ള ശരീരം ലഭിക്കാൻ ഈ പരിശീലനങ്ങൾ സഹായിച്ചു. 2002ൽ രവീന്ദ്ര നാട്യ നികേത് വിടുമ്പോൾ അദ്ദേഹം നൃത്തത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിൽ ഭരതനാട്യത്തിൽ ചില അക്കാദമിക യോഗ്യതകൾ പാർശ്വനാഥ് സ്വന്തമാക്കി. 93ൽ മുംബൈ ഗന്ധർവ സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ വിശാരദ് പാസായി. 2003ൽ ഭരതനാട്യത്തിൽ അലങ്കാര എന്ന മൂന്ന് വർഷ കോഴ്സ് പൂർത്തിയാക്കി. കർണാടക സെക്കന്ററി എഡ്യുക്കേഷൻ ബോർഡിന്റെ വിദ്വത് പരീക്ഷയും ഉയർന്ന മാർക്കോടെ പാസായി. 1996ൽ പത്മശ്രീ ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കരണ വർക്ക്ഷോപ്പിൽ പങ്കെടുത്തത് നൃത്തജീവിതത്തിൽ വലിയ ഉന്മേഷം നിറച്ചു. അധികം വൈകാതെ ഭരതനാട്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ പാർശ്വനാഥ് തൽക്കാലം ബൽഗാമിനോട് വിട പറഞ്ഞു.
2002ൽ പാർശ്വനാഥ് ബെംഗളീരുവിലെ നൃത്ത ദമ്പതികളായ കിരൺ സുബ്രഹ്മണ്യൻ, സന്ധ്യ കിരൺ എന്നിവരുടെ രസിക അക്കാദമി ഓഫ് പെർഫോമിങ്ങ് ആർട്സിൽ ഉപരിപഠനം ആരംഭിച്ചു. നിരവധി നൃത്തപരിപാടികൾ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും മുഴുവൻ സമയ നർത്തകനാകണമെന്ന് അപ്പോഴും പാർശ്വനാഥ് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഗതി മറ്റൊരു ദിശയിലേക്കാണെന്ന ധാരണയിൽ പല മത്സര പരീക്ഷകൾ എഴുതി. അതിലൊന്നും മനസ്സുറക്കാതെ തന്റെ ജന്മനിയോഗം നൃത്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
2012 മുതൽ ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലുമായി ഒട്ടനവധി നൃത്തപരിപാടികൾ അവതരിപ്പിക്കുന്നു. ഇതിനിടയിൽ പല പുരസ്കാരങ്ങളും പാർശ്വനാഥിനെ തേടിയെത്തി. കർണാടകയിലെ ഗംഗുബായി ഹംഗൽ ട്രസ്റ്റിന്റെ നാട്യമയൂര, ഡൽഹി സംഗീത-നാടക അക്കാദമിയുടെ 2017ലെ ഉസ്താദ് ബിസ്മില്ലാഖാൻ യുവ പുരസ്കാർ, മദ്രാസ് മ്യൂസിക് അക്കാദമിയുടെ ബെസ്റ്റ് പെർഫോർമർ 2018 അവാർഡ് എന്നിവ അദ്ദേഹത്തിന്റെ പരിശ്രമത്തിന് ലഭിച്ച അംഗീകാരങ്ങളായി. ബെംഗളൂരു ദൂരദർശനിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് ആർട്ടിസ്റ്റായി. ഭരതനാട്യ രംഗത്ത് മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും പാർശ്വനാഥ് മനസിലാക്കുന്നു, ഇനിയും പഠിക്കാനേറെയുണ്ട്. പത്മശ്രീ പ്രൊഫ. സുധാറാണി രഘുപതിയുടെ കീഴിൽ പനം തുടരാനും കാരണമിതാണ്.
ഭാര്യ ശ്രുതി ഗോപാൽ നർത്തകിയും നൃത്താധ്യാപികയുമാണ്. പാർശ്വനാഥ്, ശ്രുതി, ആദിത്യ പി.വി. എന്നിവരങ്ങിയ ആഭ എന്ന നൃത്തത്രയം പുണ്യ ഡാൻസ് കമ്പനിയുടെ ഭാഗമായി നിരവധി നൃത്തനാടകങ്ങൾ സംവിധാനം ചെയ്തു അവതരിപ്പിക്കുന്നു. പുണ്യ കൃഷ്ണ, പാർത്ഥ, ഹര, സത്ഗതി, പരമ ശിവ, സുത- ബർത്ത് ഓഫ് എ ഫാദർ എന്നീ നൃത്തനാടകങ്ങൾ നിരവധി വേദികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കപ്പെട്ടു. ഇന്ന് കലയും കമ്പോളവത്കരിക്കപ്പെട്ടു കഴിഞ്ഞു. കലയെ ജീവിതോപാധിയായി സ്വീകരിക്കുമ്പോൾ പല വിട്ടുവീഴ്ചകൾക്കും കലാകാരന്മാർക്ക് വിധേയമാകേണ്ടിവരും. പക്ഷേ, പാർശ്വനാഥ് ഉറപ്പിച്ചു പറയുന്നു, ഒരു നല്ല നർത്തകൻ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ ഉണ്ടാകുന്നില്ല. വർഷങ്ങളുടെ അഭ്യാസവും സാധനയുമാണ് നർത്തകനെ ലക്ഷ്യത്തിലേക്കടുപ്പിക്കുന്നത്.
പ്രശസ്തിയ്ക്കുവേണ്ടി മാത്രമാകരുത് നൃത്തപഠനം. നൃത്തം പഠിച്ചു തുടങ്ങിയ നാളുകളിൽ ഒരിക്കൽ ശിഷ്യന്റെ പ്രകടനം കണ്ട് കണ്ണും മനസ്സും നിറഞ്ഞ ഗുരു രവീന്ദ്ര വർമ കയ്യിൽ കിടന്ന കഡ ഊരി ശിഷ്യന് സമ്മാനിച്ചു. അവിടെനിന്ന് പാർശ്വനാഥ് യു.കെ. പ്രധാനമന്തിയുടെ മുന്നിൽ നൃത്തംചയ്യുന്ന വലിയ നർത്തകനായി വളർന്നു. ഗുരുവിന്റെ ആശീർവാദം അദ്ദേഹത്തെ എവിടെകൊണ്ടെത്തിച്ചില്ല. മറക്കാനാകാത്ത ഈ രണ്ടു വേദികളെ പാർശ്വനാഥ് ഓർത്തെടുക്കുമ്പോൾ പിന്നിട്ട വഴികളിലെ തെളിഞ്ഞുനിന്നിരുന്ന ഓരോ പ്രകാശനാളത്തെും അദ്ദേഹം കൈകൂപ്പുന്നു, അവയുടെ മഹത്വം പുതുതലമുറയ്ക്ക് പകരുന്നു.
(പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)
English Summary: Parshwanath S. ‘Dance is challenging only when you are into it for name and fame’