മെഡിസിൻ ലേഡി: ഒരു ദ്വീപിലെ മുഴുവൻ ജനങ്ങളെയും ചികിത്സിച്ച വനിതാ ഡോക്ടർ
Mail This Article
സ്വന്തമായി ക്ലിനിക്കോ ആശുപത്രിയോ ഇല്ല. പക്ഷേ ചികിത്സിച്ചത് ഒരു നാട്ടിലെ പതിനായിരക്കണക്കിന് ആളുകളെ. 13,000 പേരുള്ള ദ്വീപസമൂഹമായ 'അഗൂതയ'യ്ക്ക് ലഭ്യമായ ഒരേയൊരു ഡോക്ടറാണ് 28കാരിയായ അലേന യാപ്. 2020ൽ അലേന ആദ്യമായി ദ്വീപിലെത്തിയപ്പോൾ അതൊരു ഹൈസ്ക്കൂൾ കുട്ടിയാണെന്ന് പലരും തെറ്റിദ്ധരിച്ചു. ഫിലിപ്പീൻസിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ്. സമപ്രായക്കാരായവർ എല്ലാം ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ബ്രിട്ടൺ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറിയപ്പോൾ സർക്കാർ പദ്ധതിയുടെ ഭാഗമായി അഗൂതയ എന്ന ദരിദ്ര ദ്വീപിലേയ്ക്ക് പോകാനാണ് അലേന യാപ് തീരുമാനിച്ചത്.
Read also: ഒരു ദിവസം 70 ലക്ഷം രൂപ വരെ ചെലവാക്കുന്ന വീട്ടമ്മ
കൊറോണയ്ക്ക് മുമ്പായിരുന്നു അലേനയുടെ പോസ്റ്റിംഗ്. എന്നാൽ ആ മഹാമാരിക്കാലത്ത് ദ്വീപ് പുറംലോകവുമായി ബന്ധമില്ലാതായതോടെ തന്റെ സേവനം പൂർണ്ണമായും ദ്വീപിലേയ്ക്ക് മാറ്റിയ ഡോക്ടർ പുതിയതും പഴയതുമായ രോഗങ്ങളോട് സ്വയം പടവെട്ടി. ഇന്ന് ഈ ദ്വീപിലെ മനുഷ്യരെല്ലാം ഈ വനിതയോട് കടപ്പെട്ടിരിക്കുന്നു. ഫിലിപ്പീൻസ് പോലും പലപ്പോഴും മറന്നുപോയ ഈ കോണിൽ "യഥാർത്ഥ മാറ്റങ്ങൾ" വരുത്താനാണ് താൻ വന്നതെന്ന് അലേന പറയുന്നു.
രാജ്യത്തെ ഏറ്റവും ദരിദ്രമായ മുനിസിപ്പാലിറ്റികളിലൊന്നാണ് അഗൂതയ. ഭൂരിഭാഗം വരുന്ന ജനങ്ങളും മത്സ്യബന്ധവും മറ്റുമായി ജീവിക്കുന്നവർ. മനിലയിൽ നിന്ന് രണ്ടര ദിവസത്തെ യാത്രയുണ്ട് അഗൂതയയിലെ പ്രധാന ദ്വീപിലേയ്ക്ക്. അതിൽ ഒരു ഫ്ലൈറ്റും ഉൾപ്പെടുന്നു, തുടർന്ന് തുറമുഖ നഗരമായ ഇലോയിലോയിൽ നിന്ന് കുയോ എന്ന വലിയ ദ്വീപിലേക്ക് ഒരു ഓപ്പൺ ഡെക്ക് ഫെറിയിൽ ഉറക്കമില്ലാത്ത 15 മണിക്കൂർ രാത്രി ക്രോസിംഗ്. അവിടെ നിന്നും അഗൂതയയിലേക്ക് പോകാനും വരാനുമായി ആകെയുള്ളത് ഒരേയൊരു ബോട്ട് സർവ്വീസാണ്. ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഓരോ പ്രാവശ്യവും അലേന ദ്വീപിലെത്തുന്നത്. തന്റെ ആതുരസേവനത്തിനായി മനിലയിലുള്ള പ്രതിശ്രുത വരനിൽ നിന്നുവരെ അകന്നു നിൽക്കേണ്ടതായി വന്നു, ആ ഏകാന്തത ലഘൂകരിക്കാൻ അവൾ നായ്ക്കളെ ദത്തെടുത്തു വളർത്തി.
'മെഡിസിൻ ലേഡി'
ഡോ. അലേനയും സഹായികളും എത്തുന്ന ദിവസം പരിശോധനാ സ്ഥലത്ത് നീണ്ട ക്യൂവായിരിക്കും. പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് മരുന്നിനും ചികിത്സയ്ക്കുമായി എത്തുന്നത്. പ്രായമായവരെ ഡോക്ടർ അലേന വീട്ടിൽ ചെന്ന് ശുശ്രൂഷിക്കും. മൂന്ന് വർഷത്തെ ദ്വീപിലെ സേവനമവസാനിപ്പിച്ച് അഗൂതയയിൽ നിന്ന് മടങ്ങാനൊരുങ്ങിയ ഡോക്ടർ അലേനയെ ഒരു ജന്മം മുഴുവൻ നന്ദിപറഞ്ഞാലും തീരാത്തത്ര സ്നേഹത്തോടെയും സങ്കടത്തോടെയുമാണ് ദ്വീപുവാസികൾ യാത്രയാക്കിയത്. ജീവിതത്തിൽ പണത്തിനും അഭിലാഷങ്ങൾക്കും പുറകേയുള്ള ഓട്ടം മാത്രമല്ല ഉള്ളതെന്ന് ഇവിടുത്തെ ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
തിരിച്ച് മനിലയിലെത്തിയ അലേന വീണ്ടും ഒരിക്കൽ കൂടി അഗൂതയയിലെത്തി. പക്ഷേ ഇത്തവണ അലേന പഴയ ഡോക്ടർ മാത്രമായിരുന്നില്ല, അന്താരാഷ്ട്ര എജിഓ ഗ്രൂപ്പിലെ അംഗവും കൂടിയായിരുന്നു. നേരത്തെ കാറ്റും മഴയുമേറ്റ്, ഉറങ്ങാതെ ജീവൻ കയ്യിൽ പിടിച്ച് രണ്ടര ദിവസം യാത്ര ചെയ്ത് വന്നിരുന്ന ഡോക്ടർ അലേന യാപ്പ് പിന്നെ വന്നത് വെറും മൂന്നര മണിക്കൂറുള്ള ഫ്ലൈറ്റ് യാത്രയിലൂടെ. ഡോക്ടർ അലേനയുടെ ആത്മവിശ്വാസവും സഹജീവികളോടുള്ള സ്നേഹവും അവർക്ക് സമ്മാനിച്ചത് ഒരു നാടിന്റെ മുഴുവൻ സ്നേഹവും ആദരവുമാണ്.
Read also: അദൃശ്യ ചിറകുവീശി സ്വപ്നങ്ങൾ താണ്ടുന്നവർ: ഒരു കൂട്ടം വനിതകളുടെ വിജയഗാഥ
Content Summary: Lady Doctor treated people of an entire island